Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാക്കനാടന് സഹായവുമായി സര്‍ക്കാര്‍

സാംസ്കാരികമന്ത്രി എം എ ബേബി
PROPRO
‘ഉഷ്ണമേഖല’യും ‘വസൂരി’യുമേകി മലയാള സാഹിത്യത്തിലെ ആധുനിക ഭാവുകത്വത്തിന് അടിത്തറ പാകിയ കാക്കനാടന്റെ അസുഖവിവരം അന്വേഷിക്കാന്‍ ചാത്തന്നൂര്‍ ശിവപ്രിയ ആയുര്‍വേദ നേഴ്‌സിങ്‌ ഹോമില്‍ സാംസ്‌കാരികമന്ത്രി എം എ ബേബി എത്തി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ വലയുന്ന കാക്കനാടന് സര്‍ക്കാര്‍ അനുവദിച്ച ചികിത്സാ സഹായവുമായാണ് ബേബിയെത്തിയത്.

മുഖ്യമന്ത്രിയുടെ ആശ്വാസ ധനസഹായനിധിയില്‍നിന്നുള്ള ഒരുലക്ഷം രൂപയുടെയും സാംസ്‌കാരികവകുപ്പിന്റെ പ്രത്യേക സഹായമായ അമ്പതിനായിരം രൂപയുടെയും ചെക്കുകള്‍ മന്ത്രി കൈമാറിയപ്പോള്‍ കാക്കനാടന്റെ മുഖത്ത് സന്തോഷം. ‘സര്‍ക്കാര്‍ സഹായം സമയോചിതമായി, ശസ്ത്രക്രിയക്കും തുടര്‍ചികിത്സകള്‍ക്കും ഭാരിച്ച ചെലവുണ്ട്. സര്‍ക്കാരിനോട്‌ നന്ദി പറയുന്നു’ - കാക്കനാടന്‍ പറഞ്ഞു. ‘മലയാളികളുടെ പ്രിയപ്പെട്ട ബേബിച്ചായന്‍ എത്രയുംവേഗം സുഖം പ്രാപിക്കട്ടെ’യെന്ന് ബേബി ആശംസിച്ചു.

മന്ത്രി വരുമ്പോള്‍ ‘ദി ന്യൂയോര്‍ക്കര്‍’ എന്ന ഇംഗ്ലീഷ്‌ മാസിക വായിച്ച് കൊണ്ടിരിക്കുകയായിരുന്നു കാക്കനാടന്‍. മാസികയില്‍ വന്ന ‘ബോര്‍ഹസ്സിന്റെ സ്വപ്‌നം’ എന്ന കവിതയെക്കുറിച്ച് കാക്കനാടന്‍ മന്ത്രിയോട് പറഞ്ഞു. താന്‍ എഴുതിയ ‘അജ്ഞതയുടെ താഴ്‌വര’യെന്ന നോവലിലെ ആശയസ്‌ഫുരണം ഉള്‍ക്കൊള്ളുന്ന ഈ കവിത എത്ര ഉദാത്തമാണിത് എന്ന് പറഞ്ഞ് മന്ത്രിക്ക്‌ കാക്കനാടന്‍ മാസിക കൈമാറി.

ഭാര്യ അമ്മിണി, മരുമകന്‍ ഗിരി എന്നിവര്‍ കാക്കനാടനൊപ്പമുണ്ടായിരുന്നു. തഹസില്‍ദാര്‍ എം വിശ്വനാഥന്‍, ആശുപത്രി സൂപ്രണ്ട്‌ ഡോ. സാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്‌ നാസര്‍ എന്നിവരും മന്ത്രിക്കൊപ്പം ആശുപത്രിയിലെത്തി കാക്കനാടനെ കണ്ടു.

കരള്‍സംബന്ധമായ രോഗബാധയെ തുടര്‍ന്ന്‌ കഴിഞ്ഞമാസം ലേക്ഷോര്‍ ആശുപത്രിയില്‍ വച്ച് കാക്കനാടന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ ഇപ്പോള്‍ ചാത്തന്നൂര്‍ ആയുര്‍വേദ നേഴ്‌സിങ്‌ ഹോമില്‍ താമസിച്ച് ചികിത്സ തേടുകയാണ് കാക്കനാടനിപ്പോള്‍.

മലയാളത്തിലെ അസ്തിത്വവാദാത്മകമായ ആധുനിക സാഹിത്യത്തിന് മികച്ച സംഭാവനകള്‍ നല്‍‌കിയിട്ടുള്ള എഴുത്തുകാരനാണ് ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാടന്‍ എന്ന കാക്കനാടന്‍. ആദ്യകാല കമ്യൂണിസ്റ്റുകാരില്‍ ഒരാളായ വര്‍ഗ്ഗീസ് കാക്കനാടന്റെ മകനായാണ് ജനനം. ഇപ്പോള്‍ കാക്കനാടന് 74 വയസുണ്ട്.

Share this Story:

Follow Webdunia malayalam