Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാവാലത്തിന് വള്ളത്തോള്‍ പുരസ്‌കാരം

കാവലം നാരായണപണിക്കര്
തിരുവനന്തപുരം , ബുധന്‍, 23 സെപ്‌റ്റംബര്‍ 2009 (13:30 IST)
PRO
PRO
വള്ളത്തോള്‍ സാഹിത്യസമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം കാവാലം നാരായണ പണിക്കര്‍ക്ക്. 1,11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനാണ് കാവാലം നാരായണപണിക്കര്‍‍. നാടകകൃത്ത്, കവി, സംവിധായകന്‍,‍ സൈദ്ധാന്തികന്‍ എന്നിങ്ങനെ വിവിധമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007-ല്‍ പത്മഭൂഷണ്‍ പുരസ്കാരം നല്കി രാജ്യം കാവാലത്തെ ആദരിച്ചിരുന്നു.

ആലപ്പുഴ ജില്ലയിലെ‍ കുട്ടനാട്ടിലാണ് കാവാലത്തിന്‍റെ ജനനം. ചാലയില്‍ കുടുംബാംഗമായി ജനിച്ച കാവാലം നാരായണപണിക്കരുടെ അച്‌ഛന്‍ ഗോദവര്‍മ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയുമാണ്. കര്‍മ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട്‌ നാടക ലോകത്തേക്കെക്ക് എത്തിച്ചേരുകയായിരുന്നു.

സംഗീതപ്രധാനമായ നാടകങ്ങളായിരുന്നു ആദ്യകാലത്ത് കാവാലം എഴുതിയത്. ചലച്ചിത്രസംവിധായകനായ അരവിന്ദന്‍, നാടകകൃത്തായ സി എന്‍ ശ്രീകണ്ഠന്‍ നായര്‍, കവി എം ഗോവിന്ദന്‍, ബന്ധുവായ കവി അയ്യപ്പപണിക്കര്‍‍ എന്നിവരുമായുള്ള സൗഹൃദം നാടകരംഗത്തെക്കുറിച്ചുള്ള ഗൗരവപൂര്‍ണ്ണമായ അന്വേഷണങ്ങള്‍ക്ക് പ്രേരണയായി.

1968-ല്‍ സി എന്‍ ശ്രീകണ്ഠന്‍ നായര്‍ പ്രബന്ധരൂപേണ അവതരിപ്പിച്ച തനതുനാടകവേദി എന്ന ആശയത്തിന്‌ ഒരു അവതരണ സമ്പ്രദായം എന്ന നിലയില്‍ ജീവന്‍ നല്‍കിയത്‌ കാവാലമാണ്‌. നിറപ്പൊലിമയോടുകൂടിയ രംഗചലനങ്ങളോടും താളാത്മകമായ ചുവടുവെപ്പുകളോടുംകൂടി പാരമ്പര്യ നാടകവേദികളില്‍ നിന്നും വ്യതിചലിച്ച്‌ തുറസ്സായ സ്ഥലത്തുപോലും അവതരിപ്പിക്കപ്പെടുന്ന കാവാലത്തിന്റെ നാടകശൈലി പ്രേക്ഷകരുടെ മനം കവര്‍ന്നു. തികച്ചും ശൈലീകൃതമായ രംഗാവതരണരീതി കേരളത്തില്‍ വേരുറയ്ക്കുന്നത് കാവാലത്തിന്‍റെ നാടകാവതരണങ്ങളിലൂടെയാണ്.

കാവാലത്തിന്‍റെ ആദ്യകാല നാടകങ്ങള്‍ സംവിധാനം ചെയ്തത് പ്രൊഫ കുമാരവര്‍മ്മ, ചലച്ചിത്ര സംവിധായകന്‍ ജി അരവിന്ദന്‍ എന്നിവരാണ്. പില്ക്കാലനാടകങ്ങള്‍ എല്ലാം കാവാലം തന്നെയാണ് സംവിധാനം ചെയ്തത്. സാക്ഷി, തിരുവാഴിത്താന്‍, ജാബാലാ സത്യകാമന്‍, ദൈവത്താര്‍, അവനവന്‍ കടമ്പ , കരിംകുട്ടി, നാടകചക്രം, ഏകാങ്കനാടകങ്ങളുടെ സമാഹാരം, കൈക്കുറ്റപ്പാട്, ഒറ്റയാന്‍, ഭഗവദജ്ജുകം, മധ്യമവ്യയോഗം എന്നിവയാണ് കാവാലത്തിന്‍റെ പ്രധാന നാടകങ്ങള്‍.

ഭാസഭാരതം, ഭാസന്‍റെ അഞ്ച് സംസ്കൃതനാടങ്ങളുടെ (ഊരുഭംഗം, ദൂതഘടോല്‍ഖജം, മദ്ധ്യമവ്യായോഗം, ദൂതവാക്യം, കര്‍ണ്ണഭാരം) വിവര്‍ത്തനം, ഭഗവദജ്ജുകം (ബോധായനന്‍റെ സംസ്കൃതനാടകത്തിന്‍റെ വിവര്‍ത്തനം), മത്തവിലാസം (മഹേന്ദ്രവിക്രമ വര്‍മ്മന്‍റെ സംസ്കൃതനാടകത്തിന്‍റെ വിവര്‍ത്തനം), ട്രോജന്‍ സ്ത്രീകള്‍ (സാര്‍ത്രിന്‍റെ ഫ്രഞ്ച് നാടകം), ഒരു മദ്ധ്യവേനല്‍ രാക്കനവ് (ഷേക്‍സ്പിയര്‍ നാടകം), കൊടുങ്കാറ്റ് (ഷേക്സ്പിയര്‍ നാടകം), കര്‍ണ്ണഭാരം എന്നിവയാണ് പ്രമുഖ നാടക വിവര്‍ത്തനങ്ങള്‍.

Share this Story:

Follow Webdunia malayalam