Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുരുവിനെ മനസിലാക്കാന്‍ കുമാരനാശാന് കഴിഞ്ഞില്ല!

ഗുരുവിനെ മനസിലാക്കാന്‍ കുമാരനാശാന് കഴിഞ്ഞില്ല!
, ശനി, 22 ഒക്‌ടോബര്‍ 2011 (18:14 IST)
PRO
ശ്രീനാരായണ ഗുരുവിനെ മനസിലാക്കിയ കവിയായിരുന്നില്ല കുമാരനാശാനെന്ന് നാരായണ ഗുരുകുലത്തിന്‍റെ അധ്യക്ഷന്‍ മുനി നാരായണപ്രസാദ്. നല്ല ഭാവനയുള്ള കവിയും സാമുദായിക പ്രവര്‍ത്തകനും കുടുംബസ്ഥനും എന്നിങ്ങനെ മൂന്നു മുഖങ്ങളുണ്ടായിരുന്ന കുമാരനാശാന്‍ പക്ഷേ, നാരായണഗുരുവിന്‍റെ തത്വപരമായ നിലപാടിന് ഒട്ടും നിരക്കാത്ത കവിത രചിച്ചു എന്നാണ് മുനി നാരായണപ്രസാദ് ആരോപിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം കുമാരനാശാനെ വിമര്‍ശിക്കുന്നത്.

“നാരായണഗുരുവിനെപ്പറ്റി ആശാന്‍ എഴുതിയ വളരെ പ്രസിദ്ധമായ ഒരു സ്തുതിയുണ്ട്. ‘നാരായണമൂര്‍ത്തേ’ എന്ന സ്തുതിയാണത്. അതില്‍ ‘അന്യര്‍ക്ക് ഗുണം ചെയ്‌വതിനായുസ്സും വപുസ്സും ധന്യത്വമോടങ്ങാത്മതപസ്സും ബലി ചെയ്‌വൂ’ എന്ന് പറയുന്നുണ്ട്. അത് നാരായണഗുരുവിന്‍റെ തത്വപരമായ നിലപാടിന് ഒട്ടും നിരക്കാത്തതാണ്. ‘അന്യര്‍’ എന്ന് ആരേയും നാരായണഗുരു കണ്ടിട്ടില്ല. അപ്പോള്‍ അന്യര്‍ എന്ന പ്രയോഗം തെറ്റ്. അന്യമല്ലാത്തതും അന്യമായിട്ട് നമുക്ക് തോന്നുന്നതുമായവര്‍ക്കും വേണ്ടി എന്ന ധ്വനിയോടെ ‘അപരന്‍’ എന്ന വാക്ക് ഗുരു ഉപയോഗിച്ചിട്ടുണ്ട്. അതൊന്നും കുമാരനാശാന്‍ മനസിലാക്കുന്നില്ല. വെറുതെ സാമൂഹിക ബുദ്ധി മാത്രം വച്ചുകൊണ്ട് ‘അന്യര്‍ക്ക് ഗുണം ചെയ്‌വതിനായുസ്സും വപുസ്സും ധന്യത്വമോടങ്ങാത്മതപസ്സും ബലി ചെയ്‌വൂ’ എന്ന് ഉപയോഗിക്കുകയാണ്. നാരായണഗുരു എന്നെങ്കിലും തന്‍റെ ആത്മതപസ് ബലി ചെയ്തിട്ടുണ്ടോ? ഇല്ല. അവസാന കാലം വരെ തപസ്വിയായി ജീവിച്ചു. അതെല്ലാം ഉപേക്ഷിച്ച് സാമൂഹിക രംഗത്തേക്ക് ഇറങ്ങിവന്നു എന്നാണ് കുമാരനാശാന്‍ എഴുതിയിരിക്കുന്നത്. ഞാന്‍ അതേപ്പറ്റി സൂചിപ്പിച്ചപ്പോള്‍ ഒരാള്‍ പറയുകയാണ്: ‘നിങ്ങള്‍ക്കറിയാമോ, നാരായണഗുരുവിനേക്കാള്‍ വലിയ കവിയാണ് കുമാരനാശാന്‍’ എന്ന്. പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല” - മുനി നാരായണപ്രസാദ് പറയുന്നു.

“നാരായണഗുരു ദര്‍ശിച്ചതിനെ ദൂരെ നിന്ന് ആരാധനാ മനോഭാവത്തോടെ നോക്കി ആരാധിക്കാനല്ലാതെ അതിനകത്തേക്ക് പ്രവേശിക്കാന്‍ കുമാരനാശാന് സാധിച്ചിട്ടില്ല. അതാണ് ആശാന്‍റെ കവിതകളില്‍ പോലും കാണുന്നത്. കുമാരനാശാന്‍റെ സമ്പൂര്‍ണ കൃതികള്‍ തോന്നയ്ക്കലില്‍ നിന്ന് പ്രസിദ്ധീകരിച്ചത് എനിക്ക് കിട്ടിയിട്ടുണ്ട്. അതില്‍ ഒരു ഭാഗത്തിലാണ് കവിതകളൊക്കെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ബാക്കിയുള്ളതൊക്കെ കുമാരനാശാന്‍റെ പ്രജാസഭാ പ്രസംഗങ്ങളും മറ്റുമൊക്കെയാണ്. അത് വായിച്ചാല്‍ തലപെരുക്കും. അദ്ദേഹത്തിലുള്ള ഈഴവത്വത്തിന്‍റെ നാറ്റം പിടിച്ച വാക്കുകള്‍ അതില്‍ കാണാം. നാരായണഗുരുവിന്‍റെ ആധ്യാത്മികതയുടെ ആഴങ്ങളിലേക്ക് എത്താന്‍ കുമാരനാശാന് സാധിച്ചില്ല എന്നാണ് എനിക്കു തോന്നുന്നത്” - മുനി നാരായണപ്രസാദ് പറയുന്നു.

Share this Story:

Follow Webdunia malayalam