Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോസ് പ്രകാശിന്‍റെ അവസാന ലേഖനം നെറ്റില്‍ തരംഗം!

ജോസ് പ്രകാശിന്‍റെ അവസാന ലേഖനം നെറ്റില്‍ തരംഗം!
, തിങ്കള്‍, 26 മാര്‍ച്ച് 2012 (17:44 IST)
PRO
ചിലരുടെ ജീവിതം മറ്റുള്ളവരുടെ ജീവിതത്തെ മാറ്റിമറിക്കും. പ്രകാശപൂര്‍ണമാക്കും. അര്‍ത്ഥവത്താക്കും. അത്തരത്തിലൊരാളായിരുന്നു അന്തരിച്ച നടന്‍ ജോസ് പ്രകാശ്. ഏറെ പ്രതിസന്ധികളിലൂടെയും വിഷമാവസ്ഥകളിലൂടെയും കടന്നുപോയിട്ടുണ്ട് അദ്ദേഹം. പക്ഷേ ജീവിതത്തില്‍ എന്നും ശുഭാപ്തിവിശ്വാസം മുറുകെപ്പിടിച്ച അദ്ദേഹം നല്ലൊരു ജീവിതമാണ് ജീവിച്ചുതീര്‍ത്തത്.

സിനിമയില്‍ വില്ലനായിരുന്നെങ്കിലും ജീവിതത്തില്‍ എന്നും നായകന്‍ തന്നെയായിരുന്നു ജോസ് പ്രകാശ്. അവസാനകാലം രോഗങ്ങളുടെ ആക്രമണത്താല്‍ വേദനയുടെ നടുവിലായിരുന്നെങ്കിലും പുഞ്ചിരിയോടെ അത് നേരിട്ടു ആ വലിയ മനുഷ്യന്‍. ജീവിതത്തിലെ പ്രതിസന്ധികളെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടേണ്ടതിനെപ്പറ്റി ജോസ് പ്രകാശ് ‘സണ്‍ഡേ ശാലോ’മിലെഴുതിയ ക്രിസ്മസ് സന്ദേശം അദ്ദേഹത്തിന്‍റെ അവസാന ലേഖനം കൂടിയാണ്. ഈ ലേഖനം ഇന്‍റര്‍നെറ്റില്‍ വലിയ തരംഗമായി മാറുകയാണ്. ജീവിതത്തെ പുഞ്ചിരിയോടെ അഭിമുഖീകരിക്കാന്‍ ഈ ലേഖനം തീര്‍ച്ചയായും വായിച്ചിരിക്കണം.

അടുത്ത പേജില്‍ - ജോസ് പ്രകാശിന്‍റെ അവസാന ലേഖനം

എനിക്കു ജന്മംനല്‍കിയ ദൈവത്തോട്‌ നന്ദി പറയാനാണ്‌ ഞാനീ വരികള്‍ കുറിച്ചിടുന്നത്‌. എന്നെ ദൈവം എത്രയധികം സ്നേഹിച്ചിരുന്നെന്നും ഞാന്‍ പോലും അറിയാതെ അവിടുന്ന്‌ എങ്ങനെ എന്നെ നയിച്ചിരുന്നെന്നും ഇനി ഒരിക്കല്‍കൂടി ലോകത്തോടു പറയാന്‍ ഈ ജീവിതത്തില്‍ എനിക്കു സാധിക്കുമെന്നു ഞാന്‍ കരുതുന്നില്ല.

ഇതെന്‍റെ ഒരു ബോണസ്‌ ജീവിതമാണ്‌. എന്നെ കണ്ടു കൊതിതീരാത്ത ദൈവം ഒരു ബോണസ്‌ ജീവിതം നല്‍കി എന്നെ അനുഗ്രഹിച്ചു. വളരെ വിശിഷ്ടമായ രീതിയില്‍ അണിയിച്ചൊരുക്കിയിട്ടാണ്‌ എന്നെ ഈ കട്ടിലില്‍ കിടത്തിയിരിക്കുന്നത്‌. അവിടുന്ന്‌ എന്‍റെ ഒരു കാല്‍ മുറിച്ചു നീക്കിയിട്ട്‌ എന്നെ കൈകളില്‍ താങ്ങിയെടുത്തു. എന്‍റെ രണ്ടു കണ്ണുകളുടെയും കാഴ്ചയെടുത്തിട്ട്‌ എന്നെ തോളിലേറ്റി. ഇന്നു ഞാന്‍ അവിടുത്തെ തോളില്‍ തലചായ്ച്ചുറങ്ങുന്ന ഒരു കൊച്ചുകുഞ്ഞിനെപ്പോലെ സംവഹിക്കപ്പെടുകയാണ്‌.

ഈ യാത്ര ഞാന്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവിടുത്തെ തോളില്‍ കിടന്നേ പറ്റൂ. കാരണം, ഈ കിടക്കയിലാണ്‌ ഞാന്‍ ദൈവത്തിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞത്‌. നമ്മള്‍ അവിടുത്തെ പൂന്തോട്ടത്തിലെ പുഷ്പങ്ങള്‍ പോലെയാണ്‌. ഓരോരുത്തരും കൂടുതല്‍ സൗന്ദര്യമുള്ള പുഷ്പങ്ങള്‍ ആകണം. അതാണവിടുത്തെ ആഗ്രഹം. സ്വന്തം തോട്ടത്തിലെ ഒരു പുഷ്പംപോലും നിറംമങ്ങി നില്‍ക്കരുതെന്നു ദൈവം അതിയായി ആഗ്രഹിക്കുന്നു. അതിനാലല്ലേ അവിടുത്തെ രക്തംതന്നെ നമുക്കു വളമായി നല്‍കിയത്‌. ഈ സ്നേഹത്തിനു പ്രതിനന്ദിയായി നല്‍കാന്‍ നമ്മുടെ കൈയില്‍ എന്താണുള്ളത്‌? ഒന്നുമില്ലെന്നറിയുന്ന അവിടുന്നു നമുക്കു കടം തരുന്ന താലന്താണീ സഹനം. ഇതിനെ പത്തു കൂടി ചേര്‍ത്തു തിരിച്ചുകൊടുക്കാന്‍ കഴിയണമേ എന്നാണെന്റെ പ്രാര്‍ഥന.

കോടതി ജോലിയില്‍നിന്നു കിട്ടുന്ന 14 രൂപ ശമ്പളംകൊണ്ട്‌ എട്ടു മക്കളുള്ള ഒരു കുടുംബത്തെ പുലര്‍ത്തിയിരുന്ന പിതാവിന്റെ ജീവിതഭാരമാണ്‌ ആദ്യമായി എന്‍റെ കണ്ണു തുറപ്പിച്ചത്‌. അന്നു ഞാന്‍ ഫോര്‍ത്ത്‌ ഫോമില്‍ പഠിക്കുന്നു. പഠനവുമായി മുന്നോട്ടുപോകുന്നതു പന്തിയല്ല എന്നു തോന്നിയ ഞാന്‍ പട്ടാളത്തില്‍ ചേര്‍ന്നു. അന്നെനിക്കു 17 വയസ്‌. 67 രൂപ ശമ്പളക്കാരനായ ഞാന്‍ അമ്പതു രൂപ വീട്ടിലേക്കയച്ചിട്ട്‌ പട്ടാളക്യാമ്പിലിരുന്ന്‌ ആരും കാണാതെ സന്തോഷത്തോടെ കരഞ്ഞിട്ടുണ്ട്‌. എന്‍റെ അപ്പന്‍റെ തിളങ്ങുന്ന കണ്ണുകളായിരുന്നു മനസില്‍. സഹോദരങ്ങള്‍ക്ക്‌ ഒരു താങ്ങാകാന്‍ കഴിഞ്ഞതിന്‍റെ സുഖമുള്ള ഉപ്പായിരുന്നു കണ്ണുനീരിന്‌.

അടുത്ത പേജില്‍ - ഞാന്‍ കൊള്ളയടിക്കപ്പെട്ട ആ രാത്രി!

പട്ടാളത്തില്‍നിന്നു പോന്ന് സിനിമാജീവിതം ആരംഭിച്ചതും പേരിനും പ്രസിദ്ധിക്കുമപ്പുറം ഒരു ജീവിതമാര്‍ഗം കണ്ടെത്തലായിരുന്നു. ഞാനിന്നുമോര്‍ക്കുന്നു, 'ലൗ ഇന്‍ കേരള എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അതിന്‍റെ സംവിധായകന്‍ അന്നു മലയാളത്തില്‍ അഭിനയിച്ചിരുന്ന വില്ലന്‍ നടന്മാരെ എല്ലാം കണ്ടു സംസാരിച്ചതിനുശേഷമാണ്‌ എന്നെ കാണുന്നത്‌. അതില്‍ കാണിച്ചുകൂട്ടേണ്ട പ്രവൃത്തികള്‍ കേട്ടിട്ടാണ്‌ ആരും ആ റോള്‍ ഏറ്റെടുക്കാതിരുന്നത്‌. ജീവിക്കാനൊരു മാര്‍ഗം വേണം. അതിനു കഷ്ടപ്പെട്ടേ പറ്റൂ. ആ റോള്‍ ഞാന്‍ ഏറ്റെടുത്തു. അതെന്‍റെ നല്ല തുടക്കമായിരുന്നു. ജീവിതാനുഭവംകൊണ്ടു ഞാന്‍ പഠിച്ചത്‌ എല്ലാ മനുഷ്യരും വില്ലന്മാരാണ്‌, എല്ലാവരും നല്ലവരുമാണ്‌. നല്ലവന്‍ തന്നെയാണു വില്ലനാകുന്നതും. ഓരോ മനുഷ്യനിലും ഇതു രണ്ടുമുണ്ട്‌. എപ്പോള്‍ വേണമെങ്കിലും മനുഷ്യനില്‍ ഇത്‌ ഏതു വേണമെങ്കിലും പ്രതിഫലിക്കുകയും ചെയ്യാം.

ജീവിതത്തില്‍ ദൈവത്തെ അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ള അനേകം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍, അധികം നീളാന്‍ ഇടയില്ലാത്ത ഈ ബോണസ്‌ ജീവിതത്തില്‍ മറ്റൊരദ്ഭുതം സംഭവിക്കുന്നില്ല എങ്കില്‍ അദ്ഭുതം വിട്ടുമാറാത്ത, ഇന്നും ഓര്‍മിക്കുന്ന ഒരു സംഭവമുണ്ട്‌.

അന്നു ഞാന്‍ കൊല്‍ക്കത്തയിലാണ്‌. ഒരു ട്രെയിന്‍ യാത്രയില്‍ ഞാന്‍ കൊള്ളയടിക്കപ്പെട്ടു. സകലതും നഷ്ടപ്പെട്ടു കൈയില്‍ ഒരു ചില്ലിക്കാശുപോലുമില്ലാതെ കോല്‍ക്കത്തയിലെ ഒരു സ്റ്റേഷനില്‍ ഞാന്‍ വണ്ടിയിറങ്ങി. അപരിചിതമായ മഹാനഗരത്തിലെ നിസഹായത എന്നെ തളര്‍ത്തി. ഞാനൊരു ബഞ്ചിലിരുന്നു. എനിക്കു പനിക്കുന്നതായി തോന്നിയപ്പോള്‍ കിടന്നു. ഇതിനിടെ, ബോധവും നഷ്ടപ്പെട്ടു. ഇടയ്ക്കെപ്പോഴോ ഉണര്‍ന്നപ്പോള്‍ ആ ബഞ്ചില്‍ത്തന്നെ കിടന്നു മരിച്ചു മരവിക്കാന്‍ പോകുന്ന എന്നെയാണു ഞാന്‍ കണ്ടത്‌. ഉണങ്ങിവരണ്ട ചുണ്ടും ഒട്ടിയ നാക്കും. കരയാനുള്ള ശേഷിപോലും നഷ്ടപ്പെട്ടിരുന്നു. വീണ്ടും ഞാന്‍ തളര്‍ച്ചയിലേക്കാഴ്‌ന്നിറങ്ങുമ്പോള്‍ ആരോ തട്ടിവിളിച്ചു. കണ്ണുതുറന്നപ്പോള്‍ മുന്നില്‍ ഒരു ഗൂര്‍ഖ. അയാള്‍ എന്‍റെയടുത്തേക്കു മുഖംചായ്ച്ചു ഹിന്ദിയില്‍ ചോദിച്ചു - സഹോദരാ എന്തുപറ്റി, പനിക്കുന്നുണ്ടല്ലോ. ഞാന്‍ പറഞ്ഞു, അതേ.

എവിടെയാണു പോകേണ്ടത്‌? അയാള്‍ ചോദിച്ചു. ഞാന്‍ സ്ഥലം പറഞ്ഞു. എന്‍റെ ശബ്ദം ഇടറിയതും വിറയാര്‍ന്നതുമായിരുന്നു. ഞാന്‍ വീണ്ടും കണ്ണടച്ചു. ഏതാനും സമയം കഴിഞ്ഞ്‌ അയാള്‍ വീണ്ടുമെന്നെ തട്ടിയുണര്‍ത്തി. അപ്പോള്‍ അയാളുടെ കൈയില്‍ ഒരു ഗ്ലാസ്‌ ചൂടുചായയുണ്ടായിരുന്നു. ഒരു കൈകൊണ്ട്‌ എന്നെ എഴുന്നേല്‍ക്കാന്‍ അയാള്‍ സഹായിച്ചു. ഞാന്‍ ഇരുന്നപ്പോള്‍ ആ ചായ എന്‍റെ ചുണ്ടോടു ചേര്‍ത്തുവച്ച്‌ എന്നെ കുടിപ്പിച്ചു. ദൈവമേ, ആ ചായയുടെ രുചി ഞാന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.

ഒരു വണ്ടിവിളിച്ച്‌ അയാള്‍ എന്നെ ഉടനെ ഹോസ്പിറ്റലില്‍ എത്തിച്ചു. എനിക്കപ്പോള്‍ കഠിനമായ മഞ്ഞപ്പിത്തം ബാധിച്ചിരുന്നെന്നു പരിശോധനയില്‍ തെളിഞ്ഞു. മൂന്നുമാസം രോഗവുമായി ഹോസ്പിറ്റലില്‍ കഴിഞ്ഞു. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ആ ദിവസങ്ങളിലെല്ലാം, വലിയ ബുദ്ധിമുട്ടു തോന്നിയ സമയങ്ങളിലെല്ലാം എന്നെ സന്തോഷിപ്പിച്ച ഒരു മുഖമുണ്ടായിരുന്നു, ആ ഗൂര്‍ഖയുടെ മുഖം. രോഗവിമുക്തനായി വീണ്ടും കൊല്‍ക്കത്തയുടെ തെരുവുകളിലൂടെ യാത്ര ചെയ്തപ്പോഴെല്ലാം ഞാനാ മുഖം തേടുകയായിരുന്നു. പക്ഷേ, പിന്നീടൊരിക്കലും ഞാനാ മുഖം കണ്ടില്ല. ഇന്നുപോലും ഞാനാ മുഖം തിരിച്ചറിയും. അത്രയും സുപരിചിതമാണെനിക്കാ മുഖം. ഒരണ വിലയുള്ള ആ ചായയുടെ അത്ര വലിയ ഒരു സഹായവും ആര്‍ക്കും ഇന്നുവരെയും എന്‍റെ ജീവിതം വഴി നല്‍കാനായിട്ടില്ല. അന്നാ മുഖത്തുകണ്ട സ്നേഹവും ആര്‍ദ്രതയും മറ്റൊരു മുഖത്തും ഞാന്‍ ദര്‍ശിച്ചിട്ടുമില്ല.

അടുത്ത പേജില്‍ - എന്‍റെ മരുമകളുടെ ഹൃദയത്തിലെ സമ്പത്ത്

ഈ ക്രിസ്മസിന് ഞാന്‍ ദൈവത്തോടൊപ്പം സ്വര്‍ഗത്തിലായിരിക്കുമോ അതോ ദൈവത്തിനരുകില്‍ ഭൂമിയിലായിരിക്കുമോ എന്നറിയില്ല. ഇന്നത്തെ ഈ അവസ്ഥയില്‍ ദൈവത്തോടൊപ്പമാകാനാണെന്‍റെ ആഗ്രഹം. എങ്കിലും മരണം ഞാന്‍ ചോദിച്ചുവാങ്ങില്ല. കാരണം ദൈവത്തിന്‍റെ സമയത്തെ ഞാന്‍ മാനിക്കുന്നു. കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്‌. കട്ടിലില്‍ കിടന്നാണു മലമൂത്രവിസര്‍ജനം. പരസഹായമില്ലാതെ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. ചോറെനിക്കു വാരിത്തരണം, മുഖം കഴുകിച്ചു തരണം, ശരീരം തുടച്ചുതരണം, തല പൊക്കണമെങ്കിലും താഴ്ത്തണമെങ്കിലും ആളുവേണം. ചുമച്ചു കഫം തുപ്പാന്‍ കോളാമ്പിയുമായി ഒരാള്‍ അടുത്തു നില്‍ക്കണം. ടിവി വച്ചാല്‍ ശബ്ദം കേള്‍ക്കാം.

പക്ഷേ, ആരെയും കാണുന്നില്ല. രാത്രിയും പകലും തിരിച്ചറിയുന്നതു ചുറ്റുമുള്ള ചലനങ്ങളില്‍നിന്നാണ്‌. എന്നാലും ഞാന്‍ പറയുന്നു, ഞാന്‍ ദൈവത്തോടു മരണം ചോദിച്ചുവാങ്ങില്ല.

ഞാന്‍ ഇങ്ങനെ ചിന്തിക്കാന്‍ ദൈവം നല്‍കിയ നന്മയാല്‍ എനിക്കനുഭവിക്കാന്‍ കഴിയുന്ന സന്തോഷം എന്‍റെ ക്രിസ്മസ്‌ സമ്മാനമായി നല്‍കുന്നു. നിങ്ങളുടെ ജോസ്‌ പ്രകാശിനു നിങ്ങള്‍ക്കു നല്‍കാന്‍ ഇതല്ലാതെ മറ്റൊന്നുമില്ല. ഈ സന്തോഷത്തിന്‍റെ കാരണംകൂടി അറിഞ്ഞുകൊള്‍ക.

ഇന്നു ഞാന്‍ ഇവിടെ കിടന്നുകൊണ്ടു കേള്‍ക്കുന്ന സ്ഥിരം വാര്‍ത്തകളാണു പുറന്തള്ളപ്പെടുന്ന മാതാപിതാക്കളുടെ നൊമ്പരം. എന്‍റെ ഈ അവസ്ഥയില്‍ എനിക്കു സംഭവിക്കാമായിരുന്ന ദുരിതം നിങ്ങളൊന്നോര്‍ത്തുനോക്കൂ. മലമൂത്രവിസര്‍ജനംകൊണ്ടു ചീഞ്ഞുനാറുന്ന ഈ വല്യപ്പനെ ആരു തിരിഞ്ഞുനോക്കും? എന്നാല്‍, ദൈവം എനിക്കുവേണ്ടി കരുതിവച്ച കരുതലിനെ നന്ദിയോടെ ഞാന്‍ നിങ്ങളോടു പറയുകയാണ്‌. പത്തു-പതിനേഴു വര്‍ഷം മുന്‍പ്‌ ഭാര്യ മരിച്ച ഞാന്‍ എന്‍റെ ഇളയ മകനോടും കുടുംബത്തോടുമൊപ്പമാണു താമസിക്കുന്നത്‌.

പ്രമുഖ വസ്ത്രവ്യാപാരികളായ പുളിമൂട്ടില്‍ കുടുംബത്തില്‍നിന്നു വന്നിട്ടുള്ളതാണ്‌ എന്‍റെ മരുമകള്‍. ഇവരില്‍നിന്ന്‌ എനിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹവും സംരക്ഷണവും എനിക്കു ലോകത്തോടു വിളിച്ചുപറയാതിരിക്കാനാവില്ല. കോടിക്കണക്കിനു സമ്പത്തുള്ള ഒരു കുടുംബത്തില്‍നിന്നുള്ള ഒരു പെണ്‍കുട്ടി രാവും പകലും ഉറക്കംപോലും ഉപേക്ഷിച്ചു കാത്തിരുന്ന്‌ എന്നെ ശുശ്രൂഷിക്കുമ്പോള്‍ അവളുടെ കുടുംബത്തില്‍ ഉള്ളതിനേക്കാള്‍ വിലപ്പെട്ട സമ്പത്താണ്‌ അവളുടെ ഹൃദയത്തില്‍ ഉള്ളതെന്നു ഞാന്‍ തിരിച്ചറിയുന്നു. ഞാന്‍ പലപ്പോഴും ചോദിക്കാറുണ്ട്‌, മോളേ നിനക്കിതെല്ലാം ബുദ്ധിമുട്ടാകില്ലേ? അപ്പോള്‍ അവളുടെ മുഖത്തു വിരിയുന്ന പുഞ്ചിരി ഒരു ജന്മം മുഴുവന്‍ തപസിരുന്നാല്‍ കിട്ടാത്ത ഭാഗ്യമായി ഞാന്‍ കരുതുന്നു.

മരണത്തിന്‍റെ മുഖത്തു നിന്നുകൊണ്ടു ലോകത്തെ നോക്കി പുഞ്ചിരിക്കാന്‍ ദൈവം ഒരുക്കിയ സ്നേഹത്തിന്‍റെ കരങ്ങളെ പ്രതി ദൈവമേ നിനക്കു നന്ദി! ഈ മക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനല്ലാതെ എനിക്കിപ്പോള്‍ മറ്റൊന്നും ചെയ്യാനാകില്ല. നിങ്ങളും ഇവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം.

രോഗാവസ്ഥയില്‍ ആയിരിക്കുന്ന ഒരു വ്യക്തിക്കു ലഭിക്കുന്ന ഒരു കൊച്ചു സഹായംപോലും എത്ര വിലപ്പെട്ടതാണ്‌. എന്നെ കാണുകയും കേള്‍ക്കുകയും നേരിട്ടല്ലെങ്കിലും പരിചയമുള്ള എന്‍റെ സഹോദരീ സഹോദരന്മാരെ, അവശതയില്‍ നിങ്ങളുടെ മാതാപിതാക്കളെ കൈവിടരുത്‌. ഇത്‌ ഒരുപക്ഷേ, എന്‍റെ ജീവിതത്തിലെ അവസാനത്തെ ക്രിസ്മസ്‌ സന്ദേശമാകാം.

(കടപ്പാട്‌: സണ്‍ഡേ ശാലോം)

Share this Story:

Follow Webdunia malayalam