Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നേരമൊട്ടും വൈകിയില്ല കൂട്ടുകാരേ പോരൂ!

ദിനേശ് വെള്ളാറ്റഞ്ഞൂര്‍

'നേരമൊട്ടും വൈകിയില്ല കൂട്ടുകാരേ പോരൂ!
, ശനി, 22 ഒക്‌ടോബര്‍ 2011 (09:53 IST)
PRO
PRO
തൃശൂരിലും പരിസരപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് മുല്ലനേഴി എം‍എന്‍ നീലകണ്ഠന്‍ നമ്പൂതിരിയെ അറിയും. എന്നാല്‍ മുല്ലനേഴിയെ അറിയാത്തവര്‍ക്ക് കക്ഷി വെറും ‘താടിക്കാരന്‍’ ആണ്‌. പക്ഷേ, മുല്ലനേഴിയെ പരിചയപ്പെടുത്തിയാല്‍ ആര്‍ക്കും കക്ഷിയെ മനസിലാവുകയും ചെയ്യും. എന്താണാ ഗുട്ടന്‍സ് എന്നല്ലേ. മുല്ലനേഴി തന്നെ മലയാളം വെബ്‌ദുനിയയോട് പറഞ്ഞ രഹസ്യമാണിത്.

“കഠിനംകുളത്തെ ഒരു സാക്ഷരതാ ക്ലാസ്. ചകിരിത്തൊഴിലാളികളായ സ്ത്രീകള്‍ തിങ്ങിയിരിപ്പുണ്ട്. ജഗജീവന്‍ എന്ന സുഹൃത്ത് എന്നെക്കൊണ്ട് രണ്ട് കവിത ചൊല്ലിച്ചു. പക്ഷെ ആര്‍ക്കും അത്ര രസിക്കുന്നില്ല. എന്‍റെയല്ലേ സ്വരം. നല്ല പരുപരുക്കനല്ലേ? അവരുടെ മുഖഭാവങ്ങളില്‍ നിന്ന് അവര്‍ക്ക് എന്നെ അറിയുക പോലുമില്ലെന്ന് എനിക്ക് മനസിലായി.”

“ജഗജീവന്‍ ഈ സ്ത്രീകളോട് അവര്‍ പഠിച്ച എന്തെങ്കിലും പാടാന്‍ പറഞ്ഞു.. ‘നേരമൊട്ടും വൈകിയില്ല
കൂട്ടുകാരേ പോരൂ, കൂട്ടുകാരേ പോരൂ / പേരെഴുതാം വായിക്കാം / ലോകവിവരം നേടാം, ലോകവിവരം നേടാം’ എന്ന പാട്ട് അവര്‍ പാടാന്‍ തുടങ്ങി. പാട്ട് കഴിഞ്ഞപ്പോള്‍ ജഗജീവന്‍ പറഞ്ഞു, ‘നിങ്ങള്‍ ഇപ്പോള്‍ പാടിയ പാട്ടെഴുതിയ കക്ഷിയാണ് ഈ താടിക്കാരന്‍!’ പറഞ്ഞുതീര്‍ന്നില്ല, സ്വിച്ചിട്ടപോലെ എല്ലാവരും ചാടിയെഴുന്നേറ്റു. അവരുടെ മുഖത്ത് അതുവരെ കാണാത്ത സന്തോഷം!”

“നാടകകൃത്തും നടനും സംവിധായകനും കവിയും പ്രഭാഷകനുമായ കരിവെള്ളൂര്‍ മുരളിയുടെ വീട്ടില്‍ ഒരിക്കല്‍ ഞാന്‍ പോകാനിടയായി. അവിടെനിന്ന് വൈകുന്നേരം ഒരാളെ കാണാന്‍ വേണ്ടി ഞാനും മുരളിയും നടന്നുപോകുകയായിരുന്നു. മറ്റൊരു വീടിന്റെ മുന്നിലൂടെയാണ് നടക്കുന്നത്. ഇറയത്തിരുന്ന ഒരു വയസ്സായ സ്ത്രീ എഴുന്നേറ്റ് ‘ആരാടാ മുരളീ കൂടെയുള്ളത്?’ എന്നു ചോദിച്ചു. "തൃശ്ശൂരുള്ള ഒരു കവിയാണ്, മുല്ലനേഴി എന്നാണ് പേര്‌'' മുരളി പറഞ്ഞു.”

“മുല്ലനേഴിയോ ഏത് മുല്ലനേഴി എന്നാണ് മുത്തശ്ശിയുടെ മുഖത്തെ ഭാവം. അപ്പോള്‍ "നേരമൊട്ടും വൈകിയില്ല, കൂട്ടുകാരേ പോരൂ എന്ന പാട്ടെഴുതിയ ആളാണ്'' എന്നു മുരളി കൂട്ടിച്ചേര്‍ത്തു. നേരമൊട്ടും വൈകിയില്ല എന്ന പാട്ടിനെക്കുറിച്ചു കേട്ടപ്പോള്‍ അവരുടെ മുഖം ഒരു പൂ വിരിയുന്നതുപോലെ പ്രകാശിച്ചു. അവര്‍ സാക്ഷരതാ ക്ളാസ്സില്‍ പോകുന്നുണ്ടായിരുന്നു. പുതുതായി അക്ഷരം പഠിച്ച ഒരാളുടെ സംതൃപ്തിയുണ്ടായിരുന്നു ആ പുഞ്ചിരിയില്‍.”

“സാക്ഷരതാ ഗാനം കൊണ്ട് എന്നെ പരിചയപ്പെടുത്തേണ്ടി വന്ന അനേകം സന്ദര്‍ഭങ്ങള്‍ എനിക്ക് ഓര്‍മയുണ്ട്. ഈ ഗാനം കേട്ടയുടനെ ആളുകള്‍ എന്നെ ആദരപൂര്‍വം നോക്കുന്നത് കാണുമ്പോള്‍ എന്‍റെ ഉത്തരവാദബോധവും കൂടുകയാണ്. ഇവര്‍ക്ക് ഇത്രയും കൊടുത്താല്‍ പോരല്ലോ. ഈ നാലു വരി ചൊല്ലാന്‍ കഴിഞ്ഞപ്പോള്‍ ഈ പാവപ്പെട്ട മനുഷ്യര്‍ എത്രമാത്രം സംതൃപ്തിയും ധന്യതയും അനുഭവിക്കുന്നു. നമ്മള്‍ അവര്‍ക്ക് ആഹാരം കൊടുക്കുന്നത് പോലെ പ്രധാനമാണ് അക്ഷരം കൊടുക്കുന്നതും.”

വായിക്കുക - ‘കവി മുല്ലനേഴി വിടപറഞ്ഞു’

വായിക്കുക - ‘കറുകറുത്തൊരു പെണ്ണുണ്ടായ കഥ’

(ചിത്രത്തിന് കടപ്പാട് - മുല്ലനേഴി ഡോട്ട് കോം)

Share this Story:

Follow Webdunia malayalam