Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിരോധമായി കൊരുവാനത്തിലെ പൂതങ്ങള്‍

ഹണി ആര്‍ കെ

പ്രതിരോധമായി കൊരുവാനത്തിലെ പൂതങ്ങള്‍
, വെള്ളി, 15 ജൂലൈ 2011 (13:33 IST)
PRO
PRO
വായനയുടെ ഭ്രമാത്മകമായ ഒരു അന്തരീക്ഷമാണ് കൊരുവാനത്തിലെ പൂതങ്ങള്‍ എന്ന നോവല്‍ ഒരുക്കുന്നത്. നാട്ടുവഴിയുടെ പരിചിതത്വത്തിന്റെ പശ്ചാത്തലം ഈ നോവലിന്റെ വായന ലളിതമാക്കുന്നു. അതേസമയം നടപ്പുകാലത്തിന്റെ അസ്വഭാവികഗതിയെ കുറിച്ചുള്ള ആശങ്കകള്‍ ഈ നോവലിന്റെ വായനയെ അങ്ങേയറ്റം ഗൌരവകരമാക്കുന്നു. കാസര്‍ഗോട്ടുകാരന്‍ പ്രകാശന്‍ മടിക്കൈയുടെ ആദ്യ നോവല്‍ സംരഭമായ കൊരുവാനത്തിലെ പൂതങ്ങള്‍ കാലത്തിനോട് സംവദിക്കുന്ന കൃതിയാണ്.

നാട്ടുപറച്ചിലുകളില്‍ രൂപം കൊള്ളുന്ന മിത്തുകളുടെ സാന്നിധ്യം ഈ നോവലിനെ കാവ്യാത്മകമാക്കുന്നു. നോവലില്‍ പരിസ്ഥിതിയുടെ പ്രതിരോധത്തില്‍ പടയാളികളാകുന്നതും ഈ മിത്തുകളാണ്. നടപ്പുകാലത്തിന്റെ അനീതിക്കെതിരെയുള്ള പ്രാദേശികതയുടെ പ്രതിരോധമായിട്ടും ഇത് വായിക്കപ്പെടുന്നു. ഉത്തരാധുനികതയുടെ നാട്യങ്ങളില്ലാതെ നാട്ടുമണമുള്ള ഭാഷയിലൂടെയാണ് പ്രകാശന്‍ മടിക്കൈ ഈ കൃതിയില്‍ പുതുകാലത്തോട് കലഹിക്കുന്നത്.

കവിതയെഴുത്തിലൂടെയാണ് പ്രകാശന്‍ മടിക്കൈ സാഹിത്യപ്രവര്‍ത്തനം തുടങ്ങിയത്. തെറ്റും ശരിയും, മൂന്ന് കല്ലുകള്‍ക്കിടയില്‍ എന്നീ രണ്ട് കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. കൊരുവാനത്തിലെ പൂതങ്ങള്‍ക്ക് ഗ്രീന്‍ ബുക്സിന്റെ നോവല്‍ പുരസ്കാരം ലഭിച്ചു. പ്രകാശന്‍ മടിക്കൈ നോവലിന്റെ എഴുത്തനുഭവങ്ങളെ കുറിച്ച് സംസാരിക്കുന്നു.

കവിതയെഴുത്താണല്ലോ ആദ്യം തുടങ്ങിയത്. ഗദ്യസാഹിത്യത്തിലേക്ക് മാറിയത് എങ്ങനെയാണ്?

മുമ്പ് കഥകള്‍ എഴുതിയിരുന്നു. ചില മാഗസിനുകളില്‍ അവ വരുകയും ചെയ്തു. നെഹ്രു കോളേജ് സാഹിത്യ വേദി പ്രസിദ്ധീകരിച്ച നൂറ് ബഷീര്‍ എന്ന സ്മരണികയില്‍ കുറിപ്പെഴുതിയിരുന്നു. അത് വായിച്ച് അംബികാസുതന്‍ മാഷ് പറഞ്ഞു എനിക്ക് നോവല്‍ എഴുതാന്‍ കഴിവുണ്ടെന്ന്. സന്തോഷ് ഏച്ചിക്കാനവും ആദ്യം കവിതകളാണ് എഴുതിയിരുന്നത്. പിന്നീട് കഥയിലേക്ക് തിരിഞ്ഞപ്പോഴാണ് മറ്റൊരാളായതെന്നും മാഷ് പറഞ്ഞു. ആ വാക്കുകളായിരുന്നു നോവലെഴുത്തിന് പ്രചോദനമായത്.

കവിതയോ നോവലോ; ഏതാണ് കൂടുതല്‍ സംതൃപ്തി നല്‍കുന്നത്?

കവിതയില്‍ ചെറിയ കാര്യങ്ങളാണ് കൂടുതല്‍ പറയാനാകുക. കവിതയെഴുമ്പോള്‍ കിട്ടുന്ന ആനന്ദം നോവലിലില്ല. പെട്ടെന്നുള്ള പ്രേരണയിലാണ് കവിതയെഴുത്ത്. ഒരു വരിയുടെ പിന്നാലെ പോയില്ലെങ്കില്‍ പിന്നീട് കിട്ടില്ല. അനുഭൂതിയുടെ തലം കവിത എഴുതുമ്പോള്‍ കൂടുതല്‍ കിട്ടി. കവിതയ്ക്ക് വേണ്ടി സമര്‍പ്പിക്കപ്പെടണം. ഒരമ്മ കുട്ടിയെ നോക്കുന്നത് പോലെ.

നോവലിന്റെ രീതി വ്യത്യസ്തമാണ്. നോവലില്‍ വലിയ പരപ്പില്‍ കുറെ കാര്യങ്ങള്‍ പറയാം. വലിയ നോവല്‍ എഴുതണമെങ്കില്‍ കാലദൈര്‍ഘ്യം എടുക്കാം. നാലഞ്ച് മാസമെടുത്താകും അവസാന കോപ്പി എഴുതി തീര്‍ക്കുന്നത്. അംഗീകാരവും വായനക്കാരും കൂടുതല്‍ നോവലിലാണ്.

താങ്കള്‍ക്ക് എന്താണ് എഴുത്ത്?

ഒരു കഥയുമായി ബന്ധപ്പെടുത്തിയാണ് ഇതിന് ഉത്തരം പറയാനാകുക. ഒടേക്കാരന്‍( ദൈവം) ഒരു ഇല്ലിക്കമ്പ് എടുത്ത് ഊതി ഊതി കനലുണ്ടാക്കി. പക്കത്തില്‍ നിന്ന ഒരു വേട്ടാളിയന്‍ ഇതുകണ്ടു. ഇല്ലിക്കമ്പെടുത്ത് തീയുണ്ടാക്കാന്‍ വേട്ടാളിയന്‍ പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വേട്ടാളിയന്റെ പോലെ തന്നെയാണ് ഒരു എഴുത്തുകാരന്റെ സ്വഭാവം. താന്‍ കണ്ടുവന്ന കാലത്തിനെ പറ്റി സാമൂഹ്യപരമായ കാര്യങ്ങളുടെ ഒരു ഞെക്കല്‍. അല്ലെങ്കില്‍ ഒരു ശ്രമം. അതില്‍ വിജയമുണ്ടാകുമ്പോഴാണ് അത് കാലാതീതമായി നിലനില്‍ക്കുന്നത്.

കൊരുവാനത്തിലെ പൂതങ്ങളുടെ പ്രമേയം എങ്ങനെയാണ് രൂപപ്പെടുത്തിയത്?

എന്റെ നാട്ടിലെ നിരവധി കഥകള്‍ മനസ്സിലുണ്ട്. നോവലെഴുതാന്‍ തീരുമാനിച്ചപ്പോള്‍ ഈ കഥകളാണ് ആദ്യം മനസ്സില്‍ വന്നത്. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ സ്വഭാവത്തെ കുറിച്ച് ഒരു പ്രതിഷേധവും എന്നിലുണ്ടായി. നോവല്‍ എങ്ങനെയായിരിക്കണമെന്ന് ആദ്യം ധാരണയുണ്ടായിരുന്നില്ല.

നോവലില്‍ സമകാലീന രാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് പ്രകടമാകുന്നുണ്ട്?

ഇന്നത്തെ രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനം 'കുളിയന്‍' കുഞ്ഞിനെ നോക്കുന്നത് പോലെയാണ്. താലോലിച്ച് ഇല്ലാതാക്കും. പുതിയ തലമുറയിലെ രാഷ്ട്രീയക്കാര്‍ എത്തിച്ചേര്‍ന്നത് ഈ അവസ്ഥയിലാണ്. നല്ലവര്‍ ഒട്ടുമില്ലെന്നല്ല ഇതിന്റെ അര്‍ഥം. ഇടതുപക്ഷത്തില്‍ വ്യാപകമായി അപചയം കാണുന്നുണ്ട്. അത് ആള്‍ക്കാരുടെ മാത്രം കുറ്റമായിരിക്കണമെന്നില്ല.

കണ്ടല്‍ക്കാട് പ്രശ്നങ്ങള്‍ ഉള്‍പ്പടെയുള്ള പരിസ്ഥിതി രാഷ്ട്രീയം നോവല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രതിരോധിക്കാനുള്ള ഒരു ശ്രമം നോവലില്‍ നടത്തുന്നു. പഞ്ചതന്ത്രം കഥയിലെ കൌശലക്കാരനായ കുറുക്കനാണ് പരിസ്ഥിതിയുടെ പ്രതിരോധമായിട്ട് നോവലിന്റെ അവസാനം വരുന്നത്. അതിനെയും തച്ച് ഉടക്കാ‍നാണ് പുതിയ കാലത്തിന്റെ ആള്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇത്തരം ഒരു വിഷയം കൈകാ‍ര്യം ചെയ്തതില്‍ എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ടോ?

പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായിട്ടില്ല. പക്ഷേ ഒരു ചിട്ടിക്കമ്പനിയുടെ ആള്‍ക്കാരില്‍ നിന്ന് ചെറിയ ചെറിയ അമര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ ഇടതുപക്ഷക്കാരാണെന്ന് പറയാനും പറ്റില്ല.

താങ്കള്‍ ഏതുപക്ഷത്താണ്?

ഇടതുപക്ഷത്താണ്. അങ്ങനെ ആയിരിക്കുമ്പോള്‍ ചില നേതാക്കളുടെ ജീവിത രീതികള്‍ എതിര്‍ക്കുകയും ചെയ്യുന്നു. വ്യക്തമായ ജനപക്ഷത്തുള്ള രാഷ്ട്രീയം ഇടതുപക്ഷം തന്നെയാണ്. ഇന്നത്തെ കാലത്ത് വലതുപക്ഷമെന്നും ഇടതുപക്ഷമെന്നും പരസ്പരം വേര്‍തിരിച്ച് കാണാനാകില്ല. എഴുത്തുകാരന്‍ പ്രതിപക്ഷത്തെ ആളായിരിക്കണം. അതിനെ ഞാന്‍ ഇടതുപക്ഷമെന്നും പറയുന്നു.

നോവലിനോടുള്ള പ്രതികരണങ്ങള്‍?

നിരവധി പേര്‍ വിളിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. നാട്ടില്‍ നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ട്. അധികം വായനയില്ലാത്ത, കവി ബിജു കാഞ്ഞങ്ങാടിന്റെ അമ്മ നോവല്‍ വായിച്ച് ചിരിച്ചുവെന്ന് പറഞ്ഞു.

പുതിയ സംരംഭങ്ങള്‍?

എന്റെ ഗ്രാമത്തിനെ കുറിച്ച് ഇനിയും ഏറെ എഴുതാനുണ്ട്. പുതിയ ഒരു നോവല്‍ എഴുതാനുള്ള കുറിപ്പ് തയ്യാറാക്കുന്നു. അതിനിടയ്ക്ക് ചില കവിതകളും.
...................................................

കൊരുവാനത്തിലെ പൂതങ്ങള്‍ (നോവല്‍)
പ്രസാധകര്‍: ഗ്രീന്‍ ബുക്സ്
വില: 80 രൂപ

പ്രകാശന്‍ മടിക്കൈ
വിലാസം: നൂഞ്ഞിയാര്‍ ഹൌസ്, മടിക്കൈ (പി ഒ)
നീലേശ്വരം വഴി, കാസര്‍ഗോഡ്-671314
ഫോണ്‍: 09656525821

Share this Story:

Follow Webdunia malayalam