Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരണം തലയ്ക്കുമുകളില്‍ നിന്ന ഒമ്പതു വര്‍ഷങ്ങള്‍!

മരണം തലയ്ക്കുമുകളില്‍ നിന്ന ഒമ്പതു വര്‍ഷങ്ങള്‍!
, ശനി, 6 ഒക്‌ടോബര്‍ 2012 (18:28 IST)
PRO
1989 ഫെബ്രുവരി 14. ലോകം മുഴുവന്‍ പ്രണയമാഘോഷിക്കുന്ന വാലന്‍റൈന്‍സ് ഡേ. അന്ന് വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ ഒരു ബി ബി സി ജേര്‍ണലിസ്റ്റ് ഫോണില്‍ വിളിച്ചു. അയാളാണ് ആദ്യം അറിയിച്ചത്, റുഷ്ദിയെ അയത്തുള്ള ഖൊമേനി ‘വധശിക്ഷ’യ്ക്ക് വിധിച്ചു എന്ന്! അന്ന് ആദ്യമായാണ് ‘ഫത്‌വ’ എന്ന വാക്ക് റുഷ്ദി കേള്‍ക്കുന്നത്.

എന്തായിരുന്നു സല്‍മാന്‍ റുഷ്ദി ചെയ്ത കുറ്റം? ഒരു പുസ്തകമെഴുതി. ‘സാത്താന്‍റെ വചനങ്ങള്‍’ എന്ന നോവല്‍. അത് ഇസ്ലാം വിരുദ്ധമാണത്രെ. പ്രവാചകനെ നിന്ദിക്കുന്നുവത്രെ. ഖുറാനെ എതിര്‍ക്കുന്നുവത്രെ!

അതിന് ശേഷം അസാധാരണമായ ഒരു കഥയുണ്ടാകുകയാണ്. ഒരു എഴുത്തുകാരന്‍ ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതനാകുന്നു. താവളങ്ങളില്‍ നിന്ന് താവളങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവരുന്നു. പൊലീസ് സംരക്ഷണത്തിന്‍റെ അസ്വാതന്ത്ര്യത്തില്‍ ജീവിക്കേണ്ടിവരുന്നു. ഒളിവ് ജീവിതത്തില്‍ ‘സല്‍മാന്‍ റുഷ്ദി’ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ലല്ലോ. എന്തായാലും വിളിക്കാന്‍ ഒരു പേരുവേണം. തന്നെ ഏറ്റവും സ്വാധീനിച്ച രണ്ട് എഴുത്തുകാര്‍ - ജോസഫ് കൊണാര്‍ഡ്, ആന്‍റണ്‍ ചെക്കോവ്. ഇരുവരെയും കൂട്ടിക്കെട്ടി - ‘ജോസഫ് ആന്‍റണ്‍’. ഒളിവുജീവിതത്തിലുടനീളം സല്‍മാന്‍ റുഷ്ദി ആ അപരനാമത്തില്‍ ജീവിച്ചു. ലോകത്തോട് മുഴുവന്‍ വിളിച്ചുപറയാന്‍ തോന്നി - ഞാന്‍ ജോസഫ് ആന്‍റണ്‍!

ഒരു എഴുത്തുകാരനും അയാളുടെ കുടുംബവും ജീവന് നേരെ ഉയരുന്ന ഭീഷണിയുടെ നിഴലില്‍ എങ്ങനെയാണ് നീണ്ട ഒമ്പതുവര്‍ഷക്കാലം കഴിച്ചുകൂട്ടിയത്? ആ കാലഘട്ടത്തെ, അക്കാലത്തെ തീവ്രാനുഭവങ്ങളെ സല്‍മാന്‍ റുഷ്ദി ആദ്യമായി ലോകത്തോട് പറയുകയാണ് - ‘ജോസഫ് ആന്‍റണ്‍’ എന്ന് പേരിട്ട തന്‍റെ ഓളിവുകാല ഓര്‍മ്മകളിലൂടെ.

‘ജോസഫ് ആന്‍റണ്‍’ തന്‍റെ ജീവിതത്തിലെ ഏതെങ്കിലുമൊരു കാലമല്ല, ഏറ്റവും ഇരുണ്ടതും ഭയപ്പെടുത്തുന്നതും ചെറുത്തുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതും യുദ്ധസന്നദ്ധനാക്കുന്നതുമായ കാലമായിരുന്നു ഈ ഒമ്പതുവര്‍ഷമെന്നാണ് സല്‍മാന്‍ റുഷ്ദി പറയുന്നത്. ബ്രിട്ടീഷ് പ്രസാധകരായ ജൊനാഥന്‍ കേപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ഒളിവുകാല ഓര്‍മ്മപ്പുസ്തകത്തില്‍ റുഷ്ദിക്കെതിരെ ഫത്‌വ ചുമത്തിയതിനെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളും ലേഖനങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam