മുന്‍ മന്ത്രി ലോനപ്പന്‍ നമ്പാടന്റെ ആത്മകഥ പുറത്തിറങ്ങും മുമ്പേ തന്നെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. നമ്പാടന്റെ ആത്മകഥയായ 'സഞ്ചരിക്കുന്ന വിശ്വാസി‘ ആണ് കത്തോലിക്കാ സഭയെ കണക്കിന് വിമര്‍ശിക്കുന്നത്. പുസ്തകത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്ന കാര്യങ്ങളോട് കത്തോലിക്കാ സഭയും കേരളരാഷ്ട്രീയവും എങ്ങനെ പ്രതികരിക്കും എന്നാണ് ഇനി കണ്ടറിയേണ്ടത്.
മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനായി താന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് നല്‍കിയെന്ന സുപ്രധാന വെളിപ്പെടുത്തല്‍ നമ്പാടന്റെ ആത്മകഥയിലുണ്ട്. 1980-ല്‍ താന്‍ മന്ത്രിയായിരിക്കേയാണ് അത് നടന്നത്. തന്നെ കാണാനെത്തിയ ഒരു സംഘം കന്യാസ്ത്രീകള്‍ എഴുതി നല്‍കിയ കാര്യങ്ങളുടെ ചുവടെ ഒപ്പും സീലും പതിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറയുന്നു.
കൊലക്കേസ് പ്രതിയായ ഫാദര്‍ ബനഡിക്ടിനെ വിശുദ്ധനാക്കാന്‍ പോകുകയാണ് കത്തോലിക്കാ സഭ ഇപ്പോള്‍. ഭാവിയില്‍ അഭയാക്കേസില്‍ പ്രതികളും വിശുദ്ധരായേക്കും. എന്നാല്‍ എല്ലാവരേക്കാളും വിശുദ്ധയാകാന്‍ യോഗ്യ സിസ്റ്റര്‍ അഭയയാണ്. സര്‍ക്കാരുകളും സഭാനേതൃത്വവും കിണഞ്ഞു ശ്രമിച്ചിട്ടും അഭയാക്കേസ് തേച്ചുമായ്ച്ച് കളായാന്‍ സാധിക്കാതെ പോയതാണ് അത്ഭുതം. അത് അംഗീകരിക്കണമെന്നും നമ്പാടന്‍ ചൂണ്ടിക്കാട്ടുന്നു.
കെ എം മാണി, ആര്‍ ബാലകൃഷ്ണപിള്ള, പി സി ജോര്‍ജ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും നമ്പാടന്‍ വെറുതെ വിടുന്നില്ല. ഡി സി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.