Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പുത്രി’ പൂര്‍ത്തിയാക്കാതെ ബേബിച്ചായന്‍ മടങ്ങി

‘പുത്രി’ പൂര്‍ത്തിയാക്കാതെ ബേബിച്ചായന്‍ മടങ്ങി
, ബുധന്‍, 19 ഒക്‌ടോബര്‍ 2011 (10:28 IST)
PRO
PRO
മലയാള സാഹിത്യത്തില്‍ ആധുനികഭാവുകത്വത്തിന് അടിത്തറ പാകിയ എഴുത്തുകാരനായിരുന്നു കാക്കനാടന്‍. ‘ഉഷ്ണമേഖല’യും ‘വസൂരി’യുമൊക്കെ സമ്മാനിച്ച് അദ്ദേഹം ആധുനികസാഹിത്യത്തിലേക്കുള്ള ഒരു പുതിയ പാത വെട്ടിത്തുറക്കുകയായിരുന്നു. എഴുത്തിലും മൊഴികളിലും വേറിട്ട വ്യക്തിത്വം കാത്തുസൂക്ഷിച്ച അദ്ദേഹത്തിന് സാഹിത്യത്തിന്റെ രസതന്ത്രത്തെക്കുറിച്ച് വ്യക്തമായ ബോധമുണ്ടായിരുന്നു.

പ്രിയപ്പെട്ടവര്‍ക്ക് അദ്ദേഹം ബേബിച്ചായനായിരുന്നു. തന്റെ എഴുത്തിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ഡല്‍ഹി ജീവിതം ആയിരുന്നു എന്ന് കാക്കനാടന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ചെറുപ്പത്തിലേ എഴുതിത്തുടങ്ങിയിരുന്നു. പക്ഷേ ഡല്‍ഹിയില്‍ പോയതിനുശേഷമാണ് എഴുത്ത് ഗൌരവത്തോടെ കണ്ടു തുടങ്ങിയത്. ഡല്‍ഹിയുടെ വിശാലമായ ലോകത്ത് അദ്ദേഹത്തിന്റെ ചിന്തകളും കാഴ്ചപ്പാടുകളും മാറി. പിന്നീട് ഏറെക്കാലം യൂറോപ്പില്‍ അദ്ദേഹം അലഞ്ഞു നടന്നു. ഒടുവില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി.

മനുഷ്യമനസില്‍ അദ്ദേഹം വെള്ളപ്പൊക്കവും പേമാരിയുടെ തീജ്വാലകളും കൊടുങ്കാറ്റും തീര്‍ത്തു. അത് വായിച്ച് മലയാളി സന്തോഷിച്ചു, ചിലപ്പോള്‍ പൊട്ടിക്കരഞ്ഞു. കക്കനാടന്റെ പേനത്തുമ്പില്‍ പിറന്ന ‘കാലപ്പഴക്കം‘ എന്ന കഥ അദ്ദേഹത്തിന്റെ ജീവിതത്തോട് ചേര്‍ത്തുവയ്ക്കാവുന്നതാണ്. കാരണം ഇതിലെ നായികയുടെ പേര് അമ്മിണി എന്നായിരുന്നു. പില്‍‌ക്കാലത്ത് കാക്കനാടന്റെ സഹധര്‍മ്മിണിയായി എത്തിയതും അമ്മിണി എന്ന് പേരുള്ള പെണ്‍കുട്ടി ആയിരുന്നു.

വെള്ളപ്പൊക്കത്തില്‍ മീനച്ചിലാറ്റിലൂടെ ഒഴുകിവന്ന ഒറോത കാണിച്ച ചങ്കൂറ്റം തന്റെ അമ്മയുടെ സ്വാധീനം മൂലം ഉണ്ടായതാണെന്ന് കാക്കനാടന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സുഹൃത്തുക്കളായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം. വലിപ്പച്ചെറുപ്പം നോക്കാതെ അദ്ദേഹം അവരോട് ഇടപഴകി. എഴുത്തുകാരന്റെ ഭാവനകളും വ്യക്തിത്വവും ഒന്നുപോലെ തന്നെയായിരുന്നു എന്ന് അദ്ദേഹത്തോടടുപ്പമുള്ളവര്‍ സമ്മതിക്കുന്നു. കാണാന്‍ ഗൌരവക്കാരനായിരുന്നെങ്കിലും സ്നേഹത്തോടെ പെരുമാറുമായിരുന്നു. ഏത് അഭിപ്രായവും വെട്ടിത്തുറന്ന് പറയാന്‍ അദ്ദേഹം ധൈര്യം കാട്ടി.

പഴശ്ശിരാജ എന്ന ചിത്രത്തിന്റെ ഗാനരചയെച്ചൊല്ലി ഉയര്‍ന്ന ഒ എന്‍ വി-ഇളയരാജ വിവാദത്തെക്കുറിച്ച് കാക്കാനാടന്‍ പ്രതികരിക്കുകയുണ്ടായി. ഓ എന്‍ വിയെക്കുറിച്ച് അഭിപ്രായം പറയാന്‍ ഇളയരാജയുടെ ആവശ്യമില്ല എന്ന് അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞു.

ആദ്യകാല കമ്യൂണിസ്റ്റുകാരില്‍ ഒരാളായ കാക്കനാടന്‍ മലയാളത്തിലെ അസ്തിത്വവാദാത്മകമായ ആധുനിക സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ എന്നെന്നും സ്മരിക്കപ്പെടും. ‘പുത്രി’ ആണ് അദ്ദേഹം അവസാനമായി എഴുത്തിത്തുടങ്ങിയ നോവല്‍. അത് പൂര്‍ത്തിയാക്കാതെയാണ് അദ്ദേഹം മടങ്ങുന്നത്.

Share this Story:

Follow Webdunia malayalam