ക്ലാരയും ജയകൃഷ്‌ണനും മലയാളിയുടെ കൂടെക്കൂടിയ 33 വർഷങ്ങൾ

കെ ആർ അനൂപ്

വെള്ളി, 31 ജൂലൈ 2020 (22:00 IST)
മലയാളികൾ ഉള്ളടത്തോളം കാലം പത്മരാജന്റെ 'തൂവാനത്തുമ്പികൾ' ഇവിടെ ഉണ്ടാകും. മലയാളത്തിൽ പിറന്ന എവർഗ്രീൻ ചിത്രം തന്നെയാണ് തൂവാനത്തുമ്പികൾ. തൂവാനത്തുമ്പികൾ പിറന്നിട്ട് ഇന്നേക്ക് 33 വർഷം തികയുകയാണ്. 'ഉദകപ്പോള' എന്ന നോവലിനെ ആസ്പദമാക്കി പത്മരാജൻ ഒരുക്കിയ ചിത്രം മോഹൻലാലിൻറെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നാണ്. 
 
ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള പ്രണയവും പാർവതിയുടെ രാധയെന്ന കഥാപാത്രവും ക്ലൈമാക്സിലെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനും സിനിമാപ്രേമികൾ ഒരുകാലത്തും മറക്കില്ല. 
 
ബാബു നമ്പൂതിരി അവതരിപ്പിച്ച തങ്ങൾ എന്ന കഥാപാത്രവും അശോകൻറെ ഋഷിയും നമ്മുടെയെല്ലാം ജീവിതയാത്രയിൽ പല വഴിയിൽ വെച്ച് കണ്ടുമുട്ടിയവരായിരിക്കും. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക്  പെരുമ്പാവൂർ ജി രവീന്ദ്രനാഥാണ് സംഗീതം ഒരുക്കിയ ചിത്രത്തിലെ പാട്ടുകൾ എല്ലാം മലയാളികളുടെ ചുണ്ടിൽ ഇന്നുമുണ്ട്. 'ഒന്നാം രാഗം പാടി 'എന്ന പാട്ട് തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ എത്തുമ്പോൾ അറിയാതെയെങ്കിലും നമ്മളോരോരുത്തരും പാടി പോകും. കെ ജെ യേശുദാസ് പാടിയ മേഘം പൂത്തു തുടങ്ങി എന്നു തുടങ്ങുന്ന ഗാനവും ഹൃദയത്തിൽ തൊടുന്നതാണ്. 
 
"എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാകുവാ.. ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത മുറിവ്". ക്ലാരയുടെ ഒറ്റ ഡയലോഗിൽ നിന്നുതന്നെ പ്രണയത്തിൻറെ ആഴം സംവിധായകൻ കാണിച്ചുതരുന്നു. മഴയുടെ പര്യായമായിരുന്നു ക്ലാര. മഴ പെയ്യുമ്പോൾ അവൾ മണ്ണിൽ പെയ്തിറങ്ങുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അല്ലുവും കൊരട്ടാല ശിവയും ഒന്നിക്കുന്നു, ഒരു സൂപ്പർ ആക്ഷൻ ത്രില്ലർ