റിവഞ്ച് ത്രില്ലറുകള്‍ മലയാളത്തില്‍ വളരെ കുറവാണ്. ഒരുപാട് സംവിധായകര്‍ അത്തരം സബ്ജക്ടുകള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അതില്‍ വിജയിച്ചു എന്ന് പറയുന്ന ശ്രമങ്ങളും കുറവാണ്. അതില്‍ ഊഴം, ന്യൂഡല്‍ഹി, മുഹൂര്‍ത്തം 11.30ന്, തീവ്രം, അനശ്വരം, ട്വന്‍റി20, ലേലം, ബിഗ്ബി, ചാണക്യന്‍, കൌരവര്‍, താഴ്വാരം, വേട്ട, ജനകന്‍, നായകന്‍, പുതിയ നിയമം, ചെസ്, ഒരേമുഖം തുടങ്ങിയവ ശ്രദ്ധേയമാണ്.
ഇതില്‍ മമ്മൂട്ടി നായകനായ പ്രതികാരകഥകളില്‍ ന്യൂഡല്‍ഹിയും കൌരവരും മുഹൂര്‍ത്തം 11.30നും തന്നെ മുന്നില്‍. ആ ഗണത്തിലേക്ക് ഈ വര്‍ഷം എത്തിയ ചിത്രമാണ് ‘ദി ഗ്രേറ്റ്ഫാദര്‍’. ഏറെ ഹൈപ്പിന് ശേഷമെത്തിയ സിനിമ ലോകമെമ്പാടും നാനൂറോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. ഹൈപ്പിനൊപ്പം തന്നെ കാമ്പുള്ള സിനിമയാണെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെട്ടതോടെ ഡേവിഡ് നൈനാന്‍ ചരിത്രമെഴുതി.
ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയിലെ ഹീറോയേയും അഭിനേതാവിനെയും ഒരുപോലെ സ്ക്രീനില്‍ കാണാനായി എന്നതും ഗ്രേറ്റ്ഫാദറിന്‍റെ സവിശേഷതയായിരുന്നു. അമരത്തിലെ അച്ചൂട്ടിയെപ്പോലെ നിസഹായനായ ഒരു പിതാവിനെ ഈ സിനിമയില്‍ പ്രേക്ഷകര്‍ കണ്ടു. കിംഗിലെ ജോസഫ് അലക്സിനെപ്പോലെ ഗര്‍ജ്ജിക്കുന്ന നായകനെയും കണ്ടു. അവര്‍ ആഹ്ലാദപൂര്‍വ്വം കയ്യടിച്ചപ്പോള്‍ ബോക്സോഫീസില്‍ പുതിയ വിജയചരിത്രം - 70 കോടി കളക്ഷന്‍ !
ഗാംഗ്സ്റ്ററിലെ പോലെ ഈ സിനിമയിലും അധോലോകമായിരിക്കുമോ ചര്‍ച്ച ചെയ്യുക എന്ന് ഭയന്നവരുടെ ആ ഭയപ്പാട് അസ്ഥാനത്താവുകയായിരുന്നു. ഇതില്‍ അധോലോകമല്ല, ഒരു അച്ഛന്‍റെ പ്രതികാരമാണ് കണ്ടത്. ബില്‍ഡറായ ഡേവിഡ് നൈനാന്‍റേത് സന്തോഷം നിറഞ്ഞുനില്‍ക്കുന്ന ഒരു കുടുംബമായിരുന്നു. ഭാര്യ ഡോ.മിഷേലും മകള്‍ സാറയും അടങ്ങുന്ന കുടുംബം. സാറ ലൈംഗികപീഡനത്തിന് ഇരയായതാണ് ആ കുടുംബത്തെ തകര്‍ത്തെറിഞ്ഞത്. ഡേവിഡ് എന്ന പിതാവ് ആ സാഹചര്യത്തെ എങ്ങനെ നേരിടുന്നു എന്നും കുറ്റവാളികളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതുമായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. കുട്ടികളെ പീഡിപ്പിക്കുന്ന ഒരു സീരിയല്‍ കില്ലറിനെ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആന്‍ഡ്രൂസായി ആര്യയും നിറഞ്ഞുനിന്നു.
പൂര്‍ണമായും മമ്മൂട്ടിയുടെ പ്രകടനമായിരുന്നു ദി ഗ്രേറ്റ്ഫാദറിന്‍റെ ഹൈലൈറ്റ്. ചിത്രത്തിന്‍റെ ആദ്യ പകുതി ഇമോഷന് പ്രാധാന്യം നല്‍കിയപ്പോള്‍ രണ്ടാം പകുതി ചടുലമായിരുന്നു. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. മമ്മൂട്ടിയുടെ സ്റ്റൈലും ആക്ഷനും സെന്‍റിമെന്‍റ്സ് രംഗങ്ങളുമെല്ലാം പ്രേക്ഷകരെ വശീകരിക്കുന്ന വിധം ഒരുക്കാന്‍ സംവിധായകന്‍ ഹനീഫ് അദേനിക്ക് കഴിഞ്ഞു. സമീപകാലത്ത് അരങ്ങേറ്റം കുറിച്ച സംവിധായകരില്‍ ഈ ചെറുപ്പക്കാരന്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.