സാമ്രാജ്യവും ജാക്‍പോട്ടും പോലെ മമ്മൂട്ടിയുടെ ഗംഭീര ത്രില്ലറുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ജോമോന്‍. 2006ലെ ഓണക്കാലത്ത് വീണ്ടുമൊരു മമ്മൂട്ടിച്ചിത്രവുമായി ജോമോന്‍ വന്നു. ഇത്തവണ പതിവുപോലെ സീരിയസ് പടമായിരുന്നില്ല, ഒരു കോമഡി ത്രില്ലറായിരുന്നു ജോമോന്‍ ചെയ്‌തത്. മമ്മൂട്ടിയും ശ്രാനിവാസനും തകര്‍ത്തഭിനയിച്ച ‘ഭാര്‍ഗ്ഗവചരിതം മൂന്നാം ഖണ്ഡം’.
ശ്രീനിവാസന്‍ തന്നെ തിരക്കഥയെഴുതിയ ഈ സിനിമയില്‍ ‘കറന്‍റ് ഭാര്‍ഗ്ഗവന്‍’ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഡോ.ശാന്താറാം എന്ന സൈക്യാട്രിസ്റ്റായി ശ്രീനിവാസനും അഭിനയിച്ചു. ആശങ്കയും വിറയലും മൂലം തോക്ക് നേരെ പിടിക്കാനാവാത്ത അധോലോകനായകനായി മമ്മൂട്ടി കസറി.
ഹാരോള്‍ഡ് റമിസിന്‍റെ ക്ലാസിക് കോമഡിച്ചിത്രമായ ‘അനലൈസ് ദിസ്’ എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്രീനിവാസന്‍ ഭാര്‍ഗ്ഗവചരിതം എഴുതിയത്. മനോജ് പിള്ളയായിരുന്നു ഛായാഗ്രാഹകന്‍. ഔസേപ്പച്ചനും അലക്‍സ് പോളും ചേര്‍ന്ന് സംഗീതം നിര്‍വഹിച്ചു.
രസകരമായ പ്രമേയവും മികച്ച അവതരണവുമായിരുന്നിട്ടും ഭാര്‍ഗ്ഗവചരിതം മൂന്നാം ഖണ്ഡം വേണ്ട രീതിയില്‍ സ്വീകരിക്കപ്പെട്ടില്ല. എന്നാല്‍ പിന്നീട് ഈ സിനിമ ടെലിവിഷനില്‍ വന്നപ്പോള്‍ ഏറെ ആസ്വദിക്കപ്പെടുകയും ചെയ്‌തു.
പത്‌മപ്രിയയും നികിതയും നായികമാരായ ചിത്രത്തില്‍ റഹ്‌മാന്‍, സായികുമാര്‍, ജഗദീഷ്, കെ പി എ സി ലളിത തുടങ്ങിയവരും താരങ്ങളായിരുന്നു.