Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി പറഞ്ഞു - ‘ അത് നിങ്ങളുടെ കുഴപ്പം കൊണ്ടാണ് ’; സത്യന്‍ അന്തിക്കാടിന്‍റെ മനസില്‍ അതൊരു വാശിയായി !

മമ്മൂട്ടി പറഞ്ഞു - ‘ അത് നിങ്ങളുടെ കുഴപ്പം കൊണ്ടാണ് ’; സത്യന്‍ അന്തിക്കാടിന്‍റെ മനസില്‍ അതൊരു വാശിയായി !

ജെസ്‌ന സെലിന്‍

, വെള്ളി, 6 ഡിസം‌ബര്‍ 2019 (16:51 IST)
ചില സിനിമകള്‍ ഉണ്ടാകുന്നതിന് ചില പ്രത്യേക കാരണങ്ങള്‍ ഉണ്ടാകും. ഒരു വാശിപ്പുറത്തുണ്ടായ സിനിമയാണ് സത്യന്‍ അന്തിക്കാട് - മമ്മൂട്ടി ടീമിന്‍റെ ‘അര്‍ത്ഥം’. ആ സിനിമയേക്കാള്‍ അതില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയായിരിക്കും ഇപ്പോഴും ആളുകള്‍ ഓര്‍ക്കുന്നുണ്ടാവുക. ‘ബെന്‍ നരേന്ദ്രന്‍’ എന്നായിരുന്നു ആ കഥാപാത്രത്തിന്‍റെ പേര്. നരേന്ദ്രന്‍ എന്നയാള്‍ ജയിലില്‍ കിടന്നുകൊണ്ട് ഒരു നോവലെഴുതുന്നു. ‘ബെന്‍’ എന്ന തൂലികാനാമത്തിലാണ് അത് പ്രസിദ്ധീകരിക്കപ്പെടുന്നത്.
 
വളരെ വ്യത്യസ്തമായ സിനിമയായിരിക്കണമെന്നും അതിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ടായിരിക്കണമെന്നും സത്യന്‍ അന്തിക്കാട് ആഗ്രഹിച്ച് ചെയ്ത ചിത്രമാണ് അര്‍ത്ഥം. അത് സത്യനെ മമ്മൂട്ടി വാശി പിടിപ്പിച്ചിട്ടായിരുന്നു. കാരണം മമ്മൂട്ടിക്കൊപ്പം സത്യന്‍ ചെയ്ത ‘ ശ്രീധരന്‍റെ ഒന്നാം തിരുമുറിവ് ’ എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍, അത് സത്യന്‍റെ തൊട്ടുമുമ്പുള്ള സിനിമകള്‍ പോലെ അന്ന് ശ്രദ്ധിക്കപ്പെട്ടില്ല. 
 
വ്യത്യസ്തമായൊരു സിനിമയായിരുന്നെങ്കിലും അതിന്‍റെ കഥാഗതിയിലെയും മറ്റുമുണ്ടായ കുഴപ്പങ്ങള്‍ കൊണ്ടാണ് ശ്രീധരന്‍റെ ഒന്നാം തിരുമുറിവ് ശ്രദ്ധിക്കപ്പെടാതെ പോയത്. കുറച്ചുദിവസം കഴിഞ്ഞ്, മമ്മൂട്ടി ഒരു ദിവസം സത്യന്‍ അന്തിക്കാടിനെ കളിയാക്കിക്കൊണ്ട് പറഞ്ഞു - “എന്നെ വച്ചിട്ട് ധാരാളം ആളുകള്‍ ഹിറ്റുകള്‍ ഉണ്ടാക്കിയിട്ടുള്ളതാണ്. നിങ്ങള്‍ക്ക് എന്നെ വച്ച് ഹിറ്റുണ്ടാക്കാന്‍ പറ്റിയില്ലെങ്കില്‍ അത് നിങ്ങളുടെ കുഴപ്പമാണെന്നേ ആള്‍ക്കാര്‍ പറയുള്ളൂ.”
 
സത്യന്‍ അന്തിക്കാടിന് അത് വല്ലാതെ കൊണ്ടു. മമ്മൂട്ടി പറഞ്ഞത് വാസ്തവമാണെന്ന് അദ്ദേഹത്തിന് തോന്നി. ഉടന്‍ തിരക്കഥാകൃത്ത് വേണു നാഗവള്ളിയോട് സത്യന്‍ അന്തിക്കാട് ഒരു കഥ ആവശ്യപ്പെടുകയാണ്. നമ്മളെ കൊതിപ്പിക്കുന്ന രീതിയിലുള്ള ഒരു കഥാപാത്രമാക്കി മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ഒരു സിനിമ ചെയ്യണം. അങ്ങനെ ഒരു ക്യാരക്‍ടര്‍ ഉണ്ടാക്കണം. ആ രീതിയില്‍ മനഃപൂര്‍വം സൃഷ്ടിച്ച കഥാപാത്രമായിരുന്നു ബെന്‍ നരേന്ദ്രന്‍. മമ്മൂട്ടി എന്ന നടന്‍റെ ആകാര സൌഷ്ടവം, ശബ്ദം, വേഷപ്പകര്‍ച്ച - എല്ലാം ആ കഥാപാത്രത്തില്‍ ഗംഭീരമായി വന്നു. 
 
ബെന്‍ എന്ന പേര് കണ്ടെത്താന്‍ സത്യന്‍ അന്തിക്കാടും വേണു നാഗവള്ളിയും കുറച്ച് ബുദ്ധിമുട്ടുകതന്നെ ചെയ്തു. തൂലികാനാമമായി എന്ത് പേര് സ്വീകരിക്കണമെന്ന് സത്യന്‍ തലപുകഞ്ഞ് ആലോചിച്ചു. മലയാളികള്‍ക്ക് വലിയ പരിചയമില്ലാത്ത പേരുവേണം. എന്നാല്‍ ഏറെ നീളമുള്ള ഒരു പേരാവരുത്. ഒരേസമയം ക്യൂട്ടും ശക്തവുമായിരിക്കണം.
 
ആ സമയത്താണ് ഒളിമ്പിക്സ് നടക്കുന്നത്. നൂറുമീറ്റര്‍ അത്‌ലറ്റിക്സില്‍ ഒന്നാം സ്ഥാനം നേടിയത് ബെന്‍ ജോണ്‍സണ്‍. രണ്ടാം സ്ഥാനത്തെത്തിയത് കാള്‍ ലൂയിസ്. ബെന്‍ ജോണ്‍സന്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചു എന്ന കാരണത്താല്‍ ഒന്നാം സ്ഥാനം കാള്‍ ലൂയിസിന് നല്‍കപ്പെടുന്നു. ബെന്‍ ജോണ്‍സണിലെ ‘ബെന്‍’ സത്യന്‍ അന്തിക്കാടിനെ ആകര്‍ഷിച്ചു. അങ്ങനെ നരേന്ദ്രന്‍ ‘ബെന്‍’ നരേന്ദ്രനായി. മമ്മൂട്ടിയുടെ എക്കാലത്തെയും രസകരവും ശക്തവുമായ കഥാപാത്രമായി. ആ ചിത്രം വലിയ സക്‍സസായി. അതില്‍ മമ്മൂട്ടിയുടെ ഹെയര്‍ സ്റ്റൈലും വസ്ത്രധാരണവുമൊക്കെ അന്നത്തെ ചെറുപ്പക്കാര്‍ ഫോളോ ചെയ്‌തിരുന്നു.
 
അര്‍ത്ഥം എന്ന സിനിമയില്‍ വേണു നാഗവള്ളിയുടെ വലിയ കോണ്‍‌ട്രിബ്യൂഷന്‍ ഉണ്ടായിരുന്നു. അതില്‍ ശ്രീനിവാസനുമായി സത്യന്‍ ഡിസ്‌കസ് ചെയ്തിരുന്നു. അതിലെ ചില സീനുകള്‍ ശ്രീനി എഴുതിയിട്ടുണ്ട്. ഇത് സക്‍സസ് ആകണമെന്ന പ്രാര്‍ത്ഥനയോടെ എല്ലാവരും ചേര്‍ന്നു ചെയ്ത സിനിമയായിരുന്നു അത്. അങ്ങനെ, സത്യന്‍ അന്തിക്കാടിനെ മമ്മൂട്ടി പ്രകോപിപ്പിച്ചതുകൊണ്ട് മലയാളത്തിന് മനോഹരമായ ഒരു സിനിമയും രസകരമായ ഒരു നായക കഥാപാത്രത്തെയും കിട്ടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിവയറ്റിലൂടെ ഒരു പൂമ്പാറ്റ പറക്കുന്നതുപോലെ തോന്നണം, എങ്കിലേ അത് ചെയ്യു: തുറന്നുപറഞ്ഞ് ദീപിക പദുക്കോൻ