Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവര്‍ പിരിഞ്ഞു, ആ വേദന മറന്നത് മമ്മൂട്ടിയുടെ മെഗാഹിറ്റോടെയാണ്!

എല്ലാവരുടെയും സംരക്ഷകനായി മമ്മൂട്ടി!

അവര്‍ പിരിഞ്ഞു, ആ വേദന മറന്നത് മമ്മൂട്ടിയുടെ മെഗാഹിറ്റോടെയാണ്!
, വെള്ളി, 28 ഒക്‌ടോബര്‍ 2016 (16:54 IST)
സിദ്ദിക്ക്-ലാല്‍ എന്ന മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വിജയകൂട്ടുകെട്ട് പിരിഞ്ഞത് ‘കാബൂളിവാല’ എന്ന സിനിമയ്ക്ക് ശേഷമാണ്. റാംജിറാവു സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല എന്നിങ്ങനെ അഞ്ച് മെഗാഹിറ്റുകള്‍ക്ക് ശേഷം സിദ്ദിക്കും ലാലും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
 
സിദ്ദിക്ക് സംവിധായകനായി തുടരാന്‍ തീരുമാനിച്ചു. ലാലാകട്ടെ നിര്‍മ്മാണ മേഖലയിലേക്ക് പ്രവേശിച്ചു. സിദ്ദിക്ക് സ്വതന്ത്രമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തില്‍ മമ്മൂട്ടിയെ നായകനായി നിശ്ചയിച്ചു. അതിനൊരു കാരണമുണ്ടായിരുന്നു. അഞ്ച് സഹോദരിമാരുടെ സംരക്ഷകനായ ഒരു സഹോദരന്‍റെ കഥയായിരുന്നു അത്. ഹിറ്റ്‌ലറെപ്പോലെ ഒരു സഹോദരന്‍. മമ്മൂട്ടിക്ക് ചേര്‍ന്ന കഥാപാത്രം. ‘ഹിറ്റ്‌ലര്‍’ എന്നുതന്നെ ചിത്രത്തിന് പേരും നിശ്ചയിച്ചു. നിര്‍മ്മാണം ലാല്‍.
 
മുകേഷ്, ജഗദീഷ്, സായികുമാര്‍, ഇന്നസെന്‍റ്, സൈനുദ്ദീന്‍, കോഴിക്കോട് നാരായണന്‍ നായര്‍, കെ പി എ സി ലളിത, അടൂര്‍ ഭവാനി, കൊച്ചിന്‍ ഹനീഫ, മോഹന്‍‌രാജ്, ശ്രീരാമന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍. മമ്മൂട്ടിയുടെ അഞ്ച് സഹോദരിമാരായി ഇളവരശി, വാണി വിശ്വനാഥ്, സുചിത്ര, ചിപ്പി, സീത എന്നിവര്‍. മമ്മൂട്ടിയുടെ നായികയായി ശോഭനയും.
 
ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എസ് പി വെങ്കിടേഷായിരുന്നു സംഗീതം. പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റായി. കിതച്ചെത്തും കാറ്റേ, മാരിവില്‍ പൂങ്കുയിലേ, നീയുറങ്ങിയോ നിലാവേ, സുന്ദരിമാരേ, വാര്‍തിങ്കളേ എന്നിങ്ങനെ എല്ലാ പാട്ടുകളും ഇന്നും ജനങ്ങളുടെ ചുണ്ടുകളിലുണ്ട്. 
 
ആനന്ദക്കുട്ടനായിരുന്നു ക്യാമറാമാന്‍. 1996 ഏപ്രില്‍ 12ന് വിഷു റിലീസായി ഹിറ്റ്‌ലര്‍ പ്രദര്‍ശനത്തിനെത്തി. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി ഹിറ്റ്‌ലര്‍ മാറി. തിയേറ്ററുകളില്‍ മുന്നൂറിലധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇന്‍ഡസ്ട്രിയെ പിടിച്ചുകുലുക്കുന്ന വിജയമായി ഹിറ്റ്‌ലര്‍ മാറി.
 
1993ല്‍ മണിച്ചിത്രത്താഴ് സ്ഥാപിച്ച കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞത് ഹിറ്റ്‌ലറായിരുന്നു. പിന്നീട് അനിയത്തിപ്രാവ് ഹിറ്റ്‌ലറെ മറികടന്നു. 
 
മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഹിറ്റ്‌ലറിലെ മാധവന്‍‌കുട്ടി. അന്യഭാഷകളിലേക്ക് ഈ സിനിമ റീമേക്ക് ചെയ്തപ്പോഴും മഹാവിജയങ്ങളായി. തമിഴില്‍ സത്യരാജിനെ നായകനാക്കി ‘മിലിട്ടറി’ എന്ന പേരിലും തെലുങ്കില്‍ ചിരഞ്ജീവിയെ നായകനാക്കി ഹിറ്റ്‌ലര്‍ എന്ന പേരിലും ചിത്രം റീമേക്ക് ചെയ്തു. ഹിന്ദിയില്‍ സുനില്‍ ഷെട്ടി നായകനായി ‘ക്രോധ്’ എന്ന പേരിലും കന്നഡയില്‍ വിഷ്ണുവര്‍ധനെ നായകനാക്കി ‘വര്‍ഷ’ എന്ന പേരിലും ഹിറ്റ്‌ലറിന് റീമേക്കുകളുണ്ടായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നും രണ്ടുമല്ല, 11 തവണയാണ് മോഹന്‍ലാല്‍ ഞെട്ടിച്ചത്!