Select Your Language

Notifications

webdunia
webdunia
webdunia
webdunia

എനിക്കൊരവാര്‍ഡും വേണ്ടെന്ന് ടി പത്മനാഭന്‍ പറഞ്ഞു, ആരോഗ്യം മോശമാണെന്ന് എംടിയും - ഇവരെ ഒരുമിപ്പിച്ച മാജിക്കിനെപ്പറ്റി പെരുമ്പടവം പറയുന്നു!

എനിക്കൊരവാര്‍ഡും വേണ്ടെന്ന് ടി പത്മനാഭന്‍ പറഞ്ഞു, ആരോഗ്യം മോശമാണെന്ന് എംടിയും - ഇവരെ ഒരുമിപ്പിച്ച മാജിക്കിനെപ്പറ്റി പെരുമ്പടവം പറയുന്നു!

ബിജു ഗോപിനാഥന്‍

, ചൊവ്വ, 13 ജൂണ്‍ 2017 (18:17 IST)
മറുകര കാണാനാവാത്ത കടലാണ് മലയാള സാഹിത്യം. ആഴവും അത്രത്തോളം. അവിടെ തിമിംഗലങ്ങളും ചെറുമീനുകളും ധാരാളം. ഭാഷയുടെയും സാഹിത്യത്തിന്‍റെയും അഭിവൃദ്ധിക്കായി കേരള സാഹിത്യ അക്കാദമി. 2011 മുതല്‍ അഞ്ചുവര്‍ഷക്കാലം അക്കാദമിയുടെ ചെയര്‍മാനായിരുന്നത് മലയാളത്തിന്‍റെ പ്രിയപ്പെട്ട പെരുമ്പടവം ശ്രീധരന്‍. സങ്കീര്‍ത്തനം പോലെയുടെ കഥാകാരന്‍. അക്കാദമിയുടെ അക്കാലത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി പെരുമ്പടവം ശ്രീധരന്‍ മലയാളം വെബ്‌ദുനിയയോട് സംസാരിക്കുന്നു:
 
ഞാന്‍ കോണ്‍ഗ്രസുമല്ല, കമ്യൂണിസ്റ്റുമല്ല, ബിജെപിയുമല്ല ഒന്നുമല്ല. ഞാന്‍ ഒരു ഒറ്റപ്പെട്ട ആളാണ്. എനിക്ക് രാഷ്ട്രീയവും മതവുമില്ല. സാഹിത്യത്തിന് ഭാഷയില്ല. അതുകൊണ്ടുതന്നെ ഞാന്‍ സാഹിത്യ അക്കാദമി അധ്യക്ഷനായപ്പോള്‍ എല്ലാ മേഖലകളില്‍ ഉള്ളവരെയും ഒരുമിപ്പിക്കാന്‍ പറ്റി. 
 
ഒരിക്കലും വരില്ലെന്ന് എല്ലാവരും പറയുന്ന ആനന്ദ് പോലും പലതവണ അക്കാദമിയുടെ പരിപാടികളില്‍ വന്ന് സഹകരിച്ചു. 2011ലാണ് ഞാന്‍ അക്കാദമിയുടെ ചുമതലയിലേക്ക് വരുന്നത്. ഭാഷയുടെയും സാഹിത്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും പുരോഗതിക്ക് എന്തെല്ലാം ചെയ്യാമോ, ആരെയെല്ലാം ചേര്‍ത്തുനിര്‍ത്താമോ അതെല്ലാം ചെയ്തുകൊണ്ട് വളരെ സജീവമായ ഒരു ഇടപെടല്‍ നടത്താന്‍ പറ്റി. കുറച്ചുബുദ്ധിമുട്ടി. പലരെയും ഇതിലേക്ക് പിടിച്ചിറക്കിക്കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ്.
 
ടി പത്മനാഭന്‍ അക്കാദമി എന്നുകേട്ടാല്‍ അപ്പോള്‍ വാളെടുക്കുന്ന ഒരു സ്വാഭാവം പുലര്‍ത്തിയിരുന്ന ആളാണ്. എനിക്ക് വ്യക്തിപരമായി വളരെ അടുപ്പമുള്ളയാളാണ്. എന്നെ ഒരു അനിയനെപ്പോലെയൊക്കെ കാണുന്നുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. പപ്പേട്ടാ, അക്കാദമിയുമായൊക്കെ ഒന്ന് ബന്ധപ്പെടണമല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതൊഴിച്ച് മറ്റെന്തുവേണമെങ്കിലും എന്നോടു പറഞ്ഞോളൂ എന്നായി അദ്ദേഹം. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ നൂറ്റമ്പതാം വാര്‍ഷികം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യേണ്ടത് അക്കാദമിയുടെ ചുമതലയാണെന്ന് ഞാന്‍ പറഞ്ഞു. അതിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കേണ്ടത് ടി പത്മനാഭനായിരിക്കണമെന്നും ഞാന്‍ പറഞ്ഞു. നിന്നോടാരുപറഞ്ഞു, ടി പത്മനാഭന്‍ അത് ഉദ്ഘാടനം ചെയ്യുമെന്ന് ആരുപറഞ്ഞു, അയാള്‍ അത് അറിഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു മറുപടി. പപ്പേട്ടാ, ഇത് ചെയ്തേ ഒക്കുള്ളൂ, വേറേ ആരും അത് ചെയ്താല്‍ ശരിയാവില്ല. കഥാലോകത്തെ തലയെടുപ്പുള്ള ആള്‍ എന്ന നിലയില്‍. ഒടുവില്‍ വരാമെന്ന് സമ്മതിച്ചു. വന്നു, പ്രസംഗിച്ചു. എന്‍റെ ഒരു നേട്ടമാണത്.
 
അക്കാദമിയുടെ ഒരു ഫെല്ലോഷിപ്പിന് ടി പത്മനാഭനെ പരിഗണിച്ചപ്പോഴും അദ്ദേഹം പറഞ്ഞു, എനിക്ക് നിന്‍റെ അക്കാദമിയുടെ ഒരു കാര്യവും വേണ്ട. എനിക്ക് അക്കാദമിയുടെ ഒരവാര്‍ഡും വേണ്ട. അപ്പോള്‍ ഞാന്‍ പറഞ്ഞു, ടി പത്മനാഭന് കേരള സാഹിത്യ അക്കാദമിയുടെ ഒരവാര്‍ഡും വേണ്ട എന്ന കാര്യം എനിക്കറിയാം. കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡും നിഷേധിച്ചയാളാണ് പപ്പേട്ടന്‍. അതൊക്കെ ബഹുമാനത്തോടുകൂടി മനസിലാക്കുന്ന ആളാണ് ഞാന്‍. പക്ഷേ, അക്കാദമിയുടെ ഫെല്ലോഷിപ്പ് എന്നുപറയുന്നത് ഒരു അവാര്‍ഡല്ല. ഇക്കാലമത്രയും മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവനയ്ക്കുള്ള ഒരു ആദരമാണ്. പപ്പേട്ടന്‍റെ കഥ വായിച്ചിട്ട് ഇഷ്ടപ്പെട്ടു എന്നുപറയാനുള്ള ഒരു അവകാശം എനിക്കില്ലേ? ഈ ആദരവും വായനക്കാരുടെ ഒരു അവകാശമല്ലേ? താന്‍ എന്നോട് ഇമ്മാതിരി ചോദ്യങ്ങള്‍ ചോദിക്കരുത് എന്നുപറഞ്ഞു. ഞാന്‍ പറഞ്ഞു, ഇത്തരം ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കും. ഇത് ഒരു അവാര്‍ഡല്ല, ആദരവാണ് സ്വീകരിക്കണം എന്നുപറഞ്ഞു. സമ്മതിച്ചു.
 
പിന്നീട് അക്കാദമിയുടെ എല്ലാ പരിപാടികള്‍ക്കും വരികയും സഹകരിക്കുകയും അതിനെല്ലാം ഞങ്ങളോടൊപ്പം നിന്ന് നേതൃത്വം നല്‍കുകയും ചെയ്തു ടി പത്മനാഭന്‍. പപ്പേട്ടനെപ്പോലെയൊരാള്‍ അക്കാദമിയുമായി പിണങ്ങിനില്‍ക്കുക എന്നുപറയുന്നത് നല്ല കാര്യമല്ലല്ലോ.
 
ഇതുപോലെ തന്നെയാണ് ആനന്ദും. അദ്ദേഹത്തിനും അക്കാദമിയില്‍ നിന്ന് ഫെല്ലോഷിപ്പ് നല്‍കാനായി വിളിച്ചു. എനിക്കതൊന്നും വേണ്ട, അക്കാദമിയുടെ യാതൊരു സൌജന്യവും വേണ്ട എന്നായിരുന്നു മറുപടി. അദ്ദേഹത്തോടും ഞാന്‍ ഇതുതന്നെയാണ് പറഞ്ഞത്. ഇത് അവാര്‍ഡല്ല, നിങ്ങളെ വായിക്കുന്ന മലയാളി സമൂഹം നല്‍കുന്ന ഒരാദരവാണിത്. 
 
ഞാന്‍ അക്കാദമിയെയും സര്‍ക്കാരിനെയുമൊക്കെ വിമര്‍ശിക്കുന്ന ആളാണ്, അതിനൊപ്പം നടക്കുന്ന ആളല്ല എന്ന് ആനന്ദ് പറഞ്ഞു. സര്‍ക്കാരുമായൊന്നും ഈ ആദരവിന് ബന്ധമില്ല, ഇത് സ്വീകരിക്കണമെന്ന് ഞാനും പറഞ്ഞു. കുറേനേരം ആലോചിച്ചിട്ട് ആനന്ദ് സമ്മതിച്ചു. ആ ഫെല്ലോഷിപ്പ് സ്വീകരിച്ചുകൊണ്ടുതന്നെ സാഹിത്യവും സര്‍ക്കാരും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മയെപ്പറ്റി പ്രബന്ധതുല്യമായ ഒരു പ്രസംഗവും അദ്ദേഹം നടത്തി. അതുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ആദ്യം എഴുന്നേറ്റ് കൈകൊടുത്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍‌ചാണ്ടിയാണ്.
 
എംടിയുടെ അടുത്തുചെല്ലുമ്പോള്‍ അദ്ദേഹം എപ്പോഴും പറയും, അസുഖമാണ്. ആരോഗ്യം മോശമാണ് എന്നൊക്കെ. കണ്ണിന്‍റെ മോശം സ്ഥിതിയെക്കുറിച്ച് പറയും. കാലും ചെവിയുമൊക്കെ മോശമാണെന്ന് പറയും. അതൊക്കെ സത്യവുമാണ്. ഞാന്‍ അക്കാദമിയുടെ ആവശ്യവുമായി ചെല്ലുമ്പോള്‍ ഇതൊക്കെ കാണുകയും ചെയ്യുന്നുണ്ട്. പക്ഷേ, മറ്റൊരു സത്യമുണ്ട്, എംടി വന്നില്ലെങ്കില്‍ ഇതൊക്കെ എങ്ങനെ നടക്കും? ഇതിനൊക്കെ ഒരു സാഫല്യമുണ്ടാകണ്ടേ? അദ്ദേഹത്തിന് വരാന്‍ കഴിയുന്ന പരിപാടികളിലൊക്കെ അദ്ദേഹം വന്നു, സഹകരിച്ചു.
 
webdunia
സക്കറിയയ്ക്ക് സമഗ്രസംഭാവനയ്ക്ക് ഫെല്ലോഷിപ്പ് കൊടുക്കണമെന്ന് അക്കാദമിയുടെ കമ്മിറ്റിയില്‍ ഞാന്‍ പറഞ്ഞു. നമ്മള്‍ ഇപ്പോള്‍ പരിഗണിച്ചില്ലെങ്കില്‍ അദ്ദേഹം അടുത്തെങ്ങും അങ്ങനെയൊരു അംഗീകാരത്തിന് പരിഗണിക്കപ്പെട്ടേക്കില്ല എന്ന് ഞാന്‍ കമ്മിറ്റിയില്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ രാഷ്ട്രീയവും നിലപാടുകളുമൊക്കെ അതിന് കാരണമാവാം. ഞാന്‍ തന്നെയാണ് ഫോണില്‍ ഇക്കാര്യത്തിനായി സക്കറിയയെ വിളിച്ചത്. എല്ലാം കേട്ടുകഴിഞ്ഞ ശേഷം, എന്‍റെ പൊന്നു പെരുമ്പടവം എന്നെ വിട്ടേക്ക് എന്നാണ് സക്കറിയ പറഞ്ഞത്. അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ എന്നായി ഞാന്‍. വേണ്ടെന്നുപറയാന്‍ എന്താ അവകാശം? അതല്ല, എനിക്കിതുതന്നാല്‍ പെരുമ്പടവത്തിന്‍റെ തലയെടുക്കും ആളുകള്‍ എന്നായി സക്കറിയ. അങ്ങനെ പോകുന്ന തലയാണെങ്കില്‍ അതങ്ങ് പൊയ്ക്കോട്ടെ അതിന്‍റെ ആവശ്യമില്ല എന്നുഞാനും‍. അരമുക്കാല്‍ മണിക്കൂര്‍ നേരം ഞാന്‍ സംസാരിച്ച് ബോധ്യപ്പെടുത്തിയതിന് ശേഷമാണ് അങ്ങനെയാണെങ്കില്‍ ഞാന്‍ വരാം എന്ന് സക്കറിയ സമ്മതിക്കുന്നത്. അല്ലെങ്കില്‍ സക്കറിയ വരില്ല. ഈ പുരസ്കാരങ്ങള്‍ക്കും ബഹുമതികള്‍ക്കുമൊക്കെ എത്രയോ മുകളില്‍ നില്‍ക്കുന്ന ആള്‍ക്കാരാണിവര്‍. അവരെ അംഗീകരിക്കുക എന്നത് നമ്മുടെ ആഗ്രഹവും നമ്മുടെ അവകാശവുമാണ്.
 
ഞാന്‍ ഒരു രാഷ്ട്രീയ പക്ഷപാതിത്വവും അക്കാദമിയുടെ അധ്യക്ഷനായിരുന്നപ്പോള്‍ നടത്തിയിട്ടില്ല. അക്കാദമിക്കെന്ത് രാഷ്ട്രീയം? ഒരു തവണ അവാര്‍ഡ് കൊടുത്തു. യാദൃശ്ചികമായ ഒരു സംഭവം അതിലുണ്ടായി. അവാര്‍ഡ് കിട്ടിയവരില്‍ ഏതാണ്ട് നാല് പേര്‍ക്ക് കമ്യൂണിസ്റ്റ് പശ്ചാത്തലമുണ്ട്. അപ്പോള്‍ ആരോ ഒരു കുസൃതി പറഞ്ഞു - പെരുമ്പടവം ഒരു പഴയ കമ്യൂണിസ്റ്റുകാരനാണ് അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന്. പിന്നീട് ഇക്കാര്യത്തേപ്പറ്റി അന്നത്തെ സാംസ്കാരികമന്ത്രിയായിരുന്ന ജോസഫ് സാര്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, അവാര്‍ഡ് കൊടുത്തത് കമ്യൂണിസ്റ്റുകാര്‍ക്കല്ല. പുസ്തകങ്ങള്‍ക്കാണ്. കെ ആര്‍ ഗൌരിയമ്മയ്ക്കും കെ ഇ എന്‍ കുഞ്ഞഹമ്മദിനും ബി രാജീവനും അവാര്‍ഡ് കൊടുത്തത് അവര്‍ കമ്യൂണിസ്റ്റുകാരായതുകൊണ്ടല്ല. അക്കൂട്ടത്തില്‍ തുറവൂര്‍ വിശ്വംഭരനുമുണ്ട് അവാര്‍ഡ്. അദ്ദേഹം ബി ജെ പി സഹയാത്രികനാണ്. അതുകൊണ്ട് മഹാഭാരതത്തേപ്പറ്റി അദ്ദേഹമെഴുതിയ ഒരുഗ്രന്‍ സൃഷ്ടി കാണാതിരിക്കാനാവുമോ? 
 
എനിക്ക് രാഷ്ട്രീയമുണ്ട്. അത് പുരോഗമനപരമായ രാഷ്ട്രീയമാണ്. അതെന്‍റെ നിലപാടാണ്. പക്ഷേ എനിക്ക് പാര്‍ട്ടിയില്ല. ഞാന്‍ ഒരുകാലത്തും കമ്യൂണിസ്റ്റോ കോണ്‍ഗ്രസോ ബി ജെ പിയോ ആയിരുന്നില്ല. ഞാന്‍ ഒരു പാവപ്പെട്ട പെരുമ്പടവം ശ്രീധരനാണ്. ഒരു പാര്‍ട്ടിയിലും ഇല്ലാത്തതിന്‍റെ ദോഷങ്ങള്‍ ഉണ്ടെങ്കില്‍ അത് ആയിക്കോട്ടേ. തിരസ്കാരങ്ങള്‍ ഉണ്ടാകുമെങ്കില്‍ ഉണ്ടാവട്ടെ.
 
ഞാന്‍ അധ്യക്ഷനായിരുന്ന അഞ്ചുവര്‍ഷവും വ്യക്തമായ മൂല്യനിര്‍ണയം നടത്തിയിട്ടാണ് അവാര്‍ഡുകള്‍ നല്‍കിയത്. പ്രഗത്ഭരായ ജഡ്ജസിന്‍റെ തീരുമാനങ്ങളായിരുന്നു അത്. ഏറ്റവും മികച്ചവര്‍ക്കാണ് അവാര്‍ഡ് നല്‍കിയിട്ടുള്ളത്. അവാര്‍ഡുകള്‍ നല്‍കുന്നതില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും നിഷ്പക്ഷതയും പാലിക്കാന്‍ കഴിഞ്ഞു.
 
കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തൃശൂരാണ്. എന്നാല്‍ കേരളം മുഴുവന്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വ്യാപകമായ പ്രവര്‍ത്തനം നടത്തി. തകഴി ശിവശങ്കരപ്പിള്ളയുടെയും എസ് കെ പൊറ്റയ്ക്കാടിന്‍റെയും ജന്‍‌മശതാബ്ദി ആഘോഷങ്ങള്‍ നടത്തി. ആലപ്പുഴയില്‍ വച്ചായിരുന്നു തകഴിയുടെ ജന്‍‌മശതാബ്ദി. ഇന്ത്യയിലെ ഏറ്റവും വലിയ എഴുത്തുകാരിയായ മഹാശ്വേതാദേവിയാണ് അതില്‍ പങ്കെടുത്തത്. ആരോഗ്യം തീരെ മോശമായിട്ടും തകഴിയുടെ കാര്യമായതുകൊണ്ട് അവര്‍ രണ്ടുദിവസത്തെ പരിപാടിയിലും വന്ന് പങ്കെടുത്തു. കോഴിക്കോട് പൊറ്റയ്ക്കാടിന്‍റെ ആഘോഷം നടന്നു. അന്ന് എം ടിയുടെ ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടായിരുന്നു.
 
കേരള സാഹിത്യ അക്കാദമി കേരളത്തിനകത്തുമാത്രമല്ല. അത് മലയാള സാഹിത്യ അക്കാദമിയാണ്. നമ്മുടെയും ഭാഷയുടെ സാഹിത്യത്തിന്‍റെയും അക്കാദമിയാണ്. കേരളത്തിനു പുറത്തും രാജ്യത്തിന് പുറത്തും മലയാള ഭാഷയെ സ്നേഹിക്കുന്ന എഴുത്തുകാരും വായനക്കാരും സംഘടനകളുമുണ്ട്. മദ്രാസിലും പുനെയിലും മുംബൈയിലും കൊല്‍ക്കത്തയിലും പട്നയിലുമൊക്കെ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പോയി. സിംഗപ്പൂരിലും യു എ ഇയിലും പോയി. ഗള്‍ഫ് നാടുകളില്‍ എല്ലായിടത്തും പോയി. അമേരിക്കയിലും ജര്‍മ്മനിയിലും പോയി. അബുദാബി മലയാളി സമാജത്തിന്‍റെ പരിപാടിക്ക് എം മുകുന്ദനും സച്ചിദാനന്ദനും സക്കറിയയുമൊക്കെ പങ്കെടുത്തു. 
 
പത്മനാഭനും എംടിയുമൊക്കെ നമ്മുടെ ഭാഷയുടെ സൌഭാഗ്യങ്ങളാണ്. അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. അല്ലെങ്കില്‍ നമ്മള്‍ പൊള്ള മനുഷ്യരായിത്തീരും, ഗുരുദ്രോഹികളായിത്തീരും. മനുഷ്യഹൃദയത്തിലെ സംഗീതവും ജീവിതവും അനക്കങ്ങളുമൊക്കെ കടലാസിലേക്ക് പകര്‍ത്തിയവരണ് അവര്‍. അവര്‍ക്ക് റിട്ടയര്‍മെന്‍റില്ല. ഏതുസമയത്തും അവര്‍ എഴുതിക്കൊണ്ടിരിക്കുകയും വേണ്ട. അവരുടെ മനസിലെ അലകളാണ് സൃഷ്ടികളായി വരുന്നത്. അത് എക്കാലവും നിലനില്‍ക്കുന്നതാണ്. ബഷീറിനെ മറികടക്കാന്‍ പറ്റുന്ന, മാധവിക്കുട്ടിയെ, ഒ വി വിജയനെ മറികടക്കാന്‍ പറ്റുന്ന കൃതികള്‍ ഉണ്ടാകുന്നില്ല. ബഷീര്‍ ഇപ്പോഴില്ലെങ്കിലും അദ്ദേഹത്തിന്‍റെ കഥകള്‍ സംസാരിക്കുന്നു. ഇന്നും അത്യന്താധുനികനാണ് ബഷീര്‍ - പെരുമ്പടവം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ പാനീയങ്ങള്‍ ശീലമാക്കൂ... അപകടകാരികളായ എനര്‍ജി ഡ്രിങ്കുകളോട് ബൈ പറയൂ !