Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിരല്‍ത്തുമ്പിലുണ്ട് എല്ലാ ലൈബ്രറികളും!

വിരല്‍ത്തുമ്പിലുണ്ട് എല്ലാ ലൈബ്രറികളും!
, വ്യാഴം, 15 ജൂണ്‍ 2017 (15:59 IST)
ലൈബ്രറിയില്‍ നിന്ന് കൊണ്ടുപോകുന്ന പുസ്തകം തിരിച്ചു കൊണ്ടു വെയ്ക്കുന്ന ശീലം മലയാളികള്‍ക്കില്ലല്ലോ. എന്നാല്‍, ഇതിനൊരു കടിഞ്ഞാണ്‍ ഇടണമെന്ന തോന്നലില്‍ നിന്നും വായനാശീലം കുറഞ്ഞുവരുന്നെന്ന തിരിച്ചറിവിനുമിടയില്‍ നിന്നാണ് 99ലൈബ്രറി.കോം എന്ന ആപ്ലിക്കേഷന്റെ പിറവി. 
 
ഇഷ്‌ടപ്പെട്ട പുസ്തകങ്ങള്‍ എവിടെയുണ്ടെന്ന് അറിയാനും ഏതൊക്കെ പഹയന്മാരാണ് പുസ്തകങ്ങള്‍ കൊണ്ടുപോയിട്ട് തിരിച്ചു കൊണ്ടുവരാത്തത് എന്നറിയാനും 99ലൈബ്രറിയിലൂടെ കഴിയും. ഒപ്പം, വായനാശീലം കുറയുന്നതിന് ഒരു പരിഹാരവും ഇതിലൂടെ എം സി അനൂപ് എന്ന ചെറുപ്പക്കാരന്‍ തേടുന്നു. 
 
ഒന്നരവര്‍ഷത്തെ റിസര്‍ച്ചിന് ഒടുവിലാണ് 99ലൈബ്രറി എന്ന ആപ്ലിക്കേഷന്‍ ആശയം അനൂപ് ഫലപ്രാപ്തിയില്‍ എത്തിച്ചത്. ​2013 അവസാനത്തോടെ ആണ് വായന വര്‍ദ്ധിപ്പിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചിന്തിച്ചു തുടങ്ങുന്നത്. ഏറ്റവും കൂടുതല്‍ വായനകള്‍ നടക്കുന്നത് ലൈബ്രറികളില്‍ നിന്നായിരുന്നതിനാല്‍ അവയെ കേന്ദ്രീകരിച്ച് ആറു മാസത്തോളം റിസര്‍ച്ച് നടത്തിയപ്പോള്‍ ആണ് അനൂപ് ആ സത്യം തിരിച്ചറിഞ്ഞത്. വായന നശിക്കുന്നില്ല, ആള്‍ക്കാരുടെ ലൈബ്രറിയിലേക്കുള്ള വരവ് ആണ് കുറയുന്നത്. ഇഷ്‌ടപുസ്തകം തെരഞ്ഞെടുക്കാനുള്ള ബുദ്ധിമുട്ട്, വലിച്ചു വാരിയിട്ട പുസ്തകങ്ങള്‍, രജിസ്റ്ററില്‍ ഉള്ള പല പുസ്തകങ്ങളും ലൈബ്രറിയില്‍ ഇല്ല അങ്ങനെ പല കാരണങ്ങളായിരുന്നു ലൈബ്രറികളില്‍ നിന്ന് ആളുകളെ അകറ്റി നിര്‍ത്തിയത്. ‘വായനാശീലം എങ്ങനെ വളര്‍ത്താം’ എന്ന അനൂപിന്റെ സ്വപ്നപദ്ധതി അവിടെ തുടങ്ങുകയായിരുന്നു.
webdunia
 
എന്താണ് 99ലൈബ്രറി എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ പ്രത്യേകത?
 
സൌജന്യമായാണ് ലൈബ്രറികള്‍ക്കും വീട്ടില്‍ ലൈബ്രറി ഉള്ളവര്‍ക്കും ഇത് ലഭിക്കുക. ആയിരക്കണക്കിന് പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും ലൈബ്രറികളുടെയും വിവരശേഖരമാണ് ആപ്ലിക്കേഷന്റെ പ്രത്യേകത. ആപ്ലിക്കേഷന്‍ ഓണ്‍ലൈന്‍ ആയതു കൊണ്ടുതന്നെ സോഫ്റ്റ്‌വെയറില്‍ വരുന്ന അപ്‌ഡേഷനുകള്‍ ഏളുപ്പത്തില്‍ നടപ്പാക്കാന്‍ ലൈബ്രറികള്‍ക്ക് കഴിയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബാട്ടിക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ് 99ലൈബ്രറി ആപ്ലിക്കേഷന്‍. ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒരു പുസ്തകം ഏതു ലൈബ്രറിയില്‍ ഉണ്ടെന്ന് എളുപ്പത്തില്‍ കണ്ടു പിടിക്കാം.
 
രേഖകള്‍ സൂക്ഷിച്ചുവെയ്ക്കുന്നത് എത്രത്തോളം സുരക്ഷിതമാണ് ?
 
പുസ്തക വിവരങ്ങളുടെ ഡാറ്റാ ബേസ് ക്ലൗഡ് സ്‌റ്റോറേജില്‍ ആയതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും ബാക്ക് അപ്പ് എടുത്തു വയ്ക്കാനുള്ള സൗകര്യവും തരുന്നുണ്ട്. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങി ഇന്റര്‍നെറ്റ് ലഭ്യമായ എവിടെ നിന്നും എളുപ്പം കൈകാര്യം ചെയ്യാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒരാള്‍ക്ക് അഭിരുചിക്കിണങ്ങിയ പുസ്തകങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും കഴിയും. 
 
ഇങ്ങനെയൊരു സൌകര്യം ഇന്ത്യയില്‍ ആദ്യമായാണോ ?
 
ഈ പദ്ധതി പൂര്‍ണമായും നടപ്പിലാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ലൈബ്രറി നെറ്റ്‌വര്‍ക്കാവും ‘99 ലൈബ്രറി’യുടേത്. ഇതോടെ ഒരാള്‍ക്ക് തനിക്ക് വേണ്ട പുസ്തകം എവിടെ ലഭ്യമാണെന്ന് ഓണ്‍ലൈന്‍ വഴി എവിടെ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.
 
ലൈബ്രറികള്‍ക്ക് ഇത് എങ്ങനെയാണ് ഉപകാരപ്പെടുന്നത് ?
 
ലൈബ്രറിയില്‍ ഈ സൗകര്യം ഉപയോഗിക്കുന്നതോടെ ഇപ്പോള്‍ ചെയ്യുന്ന പേപ്പര്‍ ജോലികള്‍ കുറയ്ക്കാന്‍ സാധിക്കും. ഒപ്പം, ലൈബ്രേറിയന്മാര്‍ക്ക് ഓണ്‍ലൈനായി എല്ലാ രേഖകളും സൂക്ഷിക്കാനും സാധിക്കും. ഒരു ലൈബ്രറിയിലെ അംഗങ്ങള്‍ക്ക് അവരുടെ യൂസര്‍നേമും പാസ്‌വേര്‍ഡും ഉപയോഗിച്ച് ആ ലൈബ്രറിയിലെ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും സാധിക്കും. ഇതോടെ ഇഷ്‌ടപ്പെട്ട പുസ്തകങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നതിന് അവസാനമാകും.
 
ഈ ആപ്ലിക്കേഷന്‍ എങ്ങനെയാണ് സാധാരണക്കാരന് ലഭ്യമാകുക ?
 
99ലൈബ്രറിയുടെ വെബ്‌സൈറ്റ് വഴി ആണ് ആപ്ലിക്കേഷന്‍ ലഭ്യമാവുക. ഇതില്‍ സ്വന്തമായി അക്കൌണ്ട് ക്രിയേറ്റ് ചെയ്യാവുന്നതാണ്. ഹോം ലൈബ്രറി, മറ്റു ലൈബ്രറി എന്നിങ്ങനെ രണ്ടു വിധത്തിലാണ് അക്കൌണ്ടുകള്‍ ക്രിയേറ്റ് ചെയ്യാന്‍ കഴിയുക.
 
ഹോം ലൈബ്രറികള്‍ക്ക് ഇത് എങ്ങനെയാണ് ഉപകാരപ്പെടുക ? 
 
പുതിയ ഒരു പുസ്തകം വാങ്ങാന്‍ പോകുന്ന സമയത്ത് ഈ പുസ്തകം വീട്ടിലെ ലൈബ്രറിയില്‍ ഉണ്ടോ എന്നറിയാന്‍ ഈ ആപ്ലിക്കേഷനില്‍ നോക്കിയാല്‍ മതി. കൂടാതെ, സുഹൃത്തുക്കള്‍ വായിക്കുന്നതിനായി പുസ്തകം കൊണ്ടുപോകുന്നതും തിരിച്ചുകിട്ടിയോ ഇല്ലയോ എന്നും ഇതില്‍ നമുക്ക് അടയാളപ്പെടുത്താം. പിന്നീട് ഒരു ആവശ്യം വരുമ്പോള്‍ ആപ്ലിക്കേഷനില്‍ ഒന്നു നോക്കിയാല്‍ മതിയാകും.
webdunia
 
ഇപ്പോള്‍ അധികവും സ്കൂള്‍, കോളേജ് ലൈബ്രറികള്‍ ആണ് ആപ്ലിക്കേഷന്റെ സഹായത്തിനായി വിളിക്കുന്നത്. ലൈബ്രറി ചുമതല ഉള്ള അധ്യാപകര്‍ മാറിമാറി വരുന്ന സ്കൂളുകളില്‍ പലപ്പോഴും ഡാറ്റകള്‍ കൈമോശം വന്നു പോകാറുണ്ട്. അതിനൊരു പരിഹാരമാണ് 99ലൈബ്രറി.
 
വീടുകളിലെ പുസ്തക ശേഖരങ്ങളെയും ലൈബ്രറികളെയും ലക്‍ഷ്യം വച്ചുള്ളതാണ് 99ലൈബ്രറി. സൌജന്യമായി ലഭിക്കുന്നു എന്നതും ഏറ്റവും പുതിയ സാങ്കേതികവിദ്യയിലാണ് ഇത് ലഭ്യമാകുന്നത് എന്നതുമാണ് 99ലൈബ്രറിയുടെ പ്രത്യേകത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് മയൂരാസനം ? എങ്ങിനെയാണ് ചെയ്യേണ്ടത് ?- അറിയാം ചില കാര്യങ്ങള്‍