Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂത്രപ്പുര കാണുമ്പോള്‍ സാറിനെ ഓര്‍ക്കും!

കെ കെ പൊന്നപ്പന്‍

മലയാളം
, ബുധന്‍, 31 ഓഗസ്റ്റ് 2011 (16:51 IST)
PRO
വേളൂര്‍ നടുവിലേമുറി കുഞ്ഞുണ്ണിയുടേയും പാര്‍വതി അമ്മയുടേയും മകനായി ജനിച്ച്, ഹാസ്യം തുളുമ്പുന്ന നൂറ്റിയമ്പതോളം കൃതികളെഴുതി ലോക റെക്കാര്‍ഡ്‌ സൃഷ്ടിച്ച വേളൂര്‍ കൃഷ്ണന്‍ കുട്ടി മലയാളി വായനക്കാര്‍ക്ക് സുപരിചിതനാണ്. വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടെ ചിരി ശുദ്ധവും ജീവിതാവസ്ഥകളുടെ പ്രതികരണവുമാണ്. അദ്ദേഹം സൃഷ്ടിച്ച മാസപ്പടി മാതുപിള്ള, കിട്ടുവാശാന്‍, പക്കാവട പരമുനായര്‍, ഏലിയാമ്മ, അരിമ്പാറ ദേവസ്യ തുടങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും മലയാളിയെ കുടുകുടാ ചിരിപ്പിക്കുന്നു.

ദൂരദര്‍ശനിലും ജര്‍മ്മനി, അമേരിക്ക, അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, അലയ്ന്‍, അജ്മാന്‍ എന്നിവിടങ്ങളിലും ഒട്ടേറെ ചിരിയരങ്ങുകള്‍ നടത്തിയിട്ടുള്ള വേളൂര്‍ കൃഷ്ണന്‍ കുട്ടി നിത്യജീവിതത്തിലും നര്‍മരസം കാത്തുസൂക്ഷിച്ചു. രസകരമായ ഒരു സംഭവം വേളൂര്‍ കൃഷ്ണന്‍ കുട്ടി എന്നോട് പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു.

നാട്ടിലെ ഒരു സ്കൂളില്‍ വാര്‍ഷിക ഉദ്ഘാടനത്തിന് സ്കൂള്‍ അധികൃതര്‍ അദ്ദേഹത്തെ ക്ഷണിച്ചു. ആദരിക്കുന്ന കൂട്ടത്തില്‍ ഒരു ക്യാഷ് അവാര്‍ഡും സ്കൂള്‍ അധികൃതര്‍ വേളൂരിന് നല്‍‌കി. അധ്യക്ഷനായ ഹെഡ്‌മാസ്റ്റര്‍ തന്റെ പ്രസംഗത്തില്‍ ആ പള്ളിക്കൂടത്തില്‍ സ്ത്രീകള്‍ക്കായി ഒരു മൂത്രപ്പുര ഇല്ലെന്ന കാര്യം ഖേദപൂര്‍വം അവതരിപ്പിച്ചു. സര്‍ക്കാര്‍ ഫണ്ട് കിട്ടിയിട്ട് മൂത്രപ്പുര നിര്‍മിക്കാമെന്ന് വെച്ചാല്‍ അടുത്ത കാലത്തൊന്നും അതിന് സാധ്യത ഇല്ലെന്നും പറഞ്ഞു. ഇതുകേട്ടയുടന്‍ തനിക്ക് ക്യാഷ് അവാര്‍ഡായി കിട്ടിയ തുക വേളൂര്‍ കൃഷ്ണന്‍ കുട്ടി സ്കൂള്‍ അധികൃതരെ ഏല്‍‌പ്പിച്ചു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വേളൂര്‍ കൃഷ്ണന്‍ കുട്ടിയും ഭാര്യയും റോഡിലൂടെ നടക്കുമ്പോള്‍ എതിരെ വന്ന ഒരു സ്ത്രീ ‘കൃഷ്ണന്‍ കുട്ടി സാറല്ലേ?’ എന്ന് ചോദിച്ചു. ‘അതെ’ എന്ന് വേളൂര്‍ മറുപടി പറഞ്ഞപ്പൊള്‍ ‘സ്കൂളിലെ മൂത്രപ്പുരയില്‍ പോകുമ്പോള്‍ ഞാനെന്നും സാറിനെ ഓര്‍ക്കും’ എന്ന് ആ സ്ത്രീ ശുദ്ധഗതിക്ക് പറഞ്ഞു. അവരത് പറഞ്ഞതും വേളൂരിനെ അദ്ദേഹത്തിന്റെ ഭാര്യ രൂക്ഷമായൊന്ന് നോക്കി. വേളൂരിന് പിന്നീടാണ് അത് താന്‍ മൂത്രപ്പുരയ്ക്ക് പണം സംഭാവന നല്‍‌കിയ സ്കൂളിലെ ടീച്ചറാണെന്ന് മനസിലായത്. വീടെത്തുന്ന വരെ വേളൂരിന്റെ ഭാര്യ ഓര്‍ത്തോര്‍ത്ത് ചിരിച്ചുവെന്നാണ് കഥ.

മൂത്രാശയ സംബന്ധമായ രോഗത്താല്‍ 2003-ലാണ് കൃഷ്ണന്‍ കുട്ടി മരിക്കുന്നത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 74 വയസുണ്ടായിരുന്നു. അദ്ദേഹം എഴുതിയ പഞ്ചവടിപ്പാലം, മാസപ്പടി മാതുപിള്ള, അമ്പിളി അമ്മാവന്‍ എന്നീ കൃതികള്‍ സിനിമയായിട്ടുണ്ട്. വേല മനസ്സിലിരിക്കട്ടെ എന്ന കൃതിക്ക് 1974-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

(യുകെയില്‍ പ്രസിദ്ധീകരിക്കുന്ന ബിലാത്തി മലയാളം (bilathi.info) എന്ന മാസികയുമായി സഹകരിച്ച് പ്രസിദ്ധീകരിക്കുന്നത്)

Share this Story:

Follow Webdunia malayalam