കേരളത്തില്‍ വായനാ സംസ്കാരം വളര്‍ത്തിയെടുത്തവരില്‍ പ്രധാനിയാണ് പി എന്‍ പണിക്കര്‍. ‘വായിച്ചു വളരുക’ എന്ന മുദ്രാവാക്യം അദ്ദേഹം കേരളമാകെ വ്യാപിപ്പിച്ചു.
ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും വായനശാലാ നിര്‍മ്മാണത്തിനും മുന്‍കൈ എടുത്ത അദ്ദേഹം അനൌപചാരിക വയോജന വിദ്യാഭ്യാസരംഗത്തും പ്രവര്‍ത്തിച്ചു. 2017 ജൂണ്‍ 19ന് പണിക്കര്‍ അന്തരിച്ചിട്ട് 22 വര്‍ഷം തികയുകയാണ്.
ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരില്‍ ജനിച്ച പണിക്കര്‍ മലയാളം ഹയര്‍ പരീക്ഷ പാസായശേഷം നീലംപേരൂര്‍ മിഡില്‍ സ്കൂള്‍ അധ്യാപകനായി. ഇദ്ദേഹത്തിന്‍റെ ശ്രമഫലമായി ജന്മദേശത്തു സ്ഥാപിതമായ വായനശാലയാണ് പില്‍ക്കാലത്ത് സനാതന ധര്‍മവായനശാലയായി പ്രസിദ്ധമായത്.
സനാതന ധര്‍മവായനശാലയുടെയും പി കെ മെമ്മോറിയന്‍ ഗ്രന്ഥശാലയുടെയും സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു. 1945ല്‍ അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്‍റെ തീരുമാനപ്രകാരം 1947ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്.
സ്കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍ തന്നെ അന്നത്തെ സര്‍ക്കാരില്‍ നിന്നും അനുവാദം നേടി പണിക്കര്‍ മുഴുവന്‍സമയ ഗ്രന്ഥശാലാ പ്രവര്‍ത്തകനായി. ''വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക'' എന്നീ മുദ്രാവാക്യങ്ങളുമായി 1972ല്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നല്കി.
ദീര്‍ഘകാലം കേരളഗ്രന്ഥശാലാ സംഘം സെക്രട്ടറിയായും അതിന്‍റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്‍റെ പത്രാധിപരായും പ്രവര്‍ത്തിച്ച പണിക്കര്‍ 1977ല്‍ ആ സ്ഥാനത്തുനിന്ന് വിരമിച്ചു.
അനൗപചാരിക വിദ്യാഭ്യാസ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാന്‍ഫെഡിന്‍റെ സെക്രട്ടറിയായും(1978 മുതല്‍) സ്റ്റേറ്റ് റിഡേഴ്സ് സെന്‍ററിന്‍റെ ഓണററി എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കാന്‍ഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു. 1995 ജൂണ്‍ 19ന് പി എന്‍ പണിക്കര്‍ അന്തരിച്ചു.