മലയാള കവിതയിലെ ആധുനികതാ പ്രസ്ഥാനത്തിന്‍റെ തുടക്കക്കാരനാണ് ഡോ.കെ. അയ്യപ്പപ്പണിക്കര്‍. കേരള സാഹിത്യ അക്കാദമി അദ്ദേഹത്തിന് വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു.സരസ്വതി സമ്മാന്‍ അദ്ദേഹത്തെ തേടിയെത്തി. ഓഗസ്റ്റ് 24 അദ്ദേഹത്തിന്‍റെ ചരമ വാര്‍ഷികദിനമാണ്.
"നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെയിരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ".
ചൊല്ലിത്തീരുന്നതിനു മുന്‍പ് ആസ്വാദകനെ കവിതയുടെ ഭാഗമാക്കി മാറ്റുന്ന ചാരുതയാര്‍ന്ന കലാവിരുന്നിന് അയ്യപ്പപ്പണിക്കരുടെ കവിതകള്‍ ഉദാഹരണങ്ങളാണ്.
സമകാലിക ജീവിതാവസ്ഥകളുടെ സംഘര്‍ഷവും സമസ്യകളും കൊത്തിയുടച്ചു കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. അയ്യപ്പപ്പണിക്കരുടെ കവിതകള്‍ മലയാളത്തിന് നല്‍കിയത് നവഭാവുകത്വവും സംവേദനത്തിലെ സാധാരണത്വവുമാണ്.
1930 സെപ്റ്റംബര്‍ 12ന് ആലപ്പുഴ ജില്ലയിലെ കാവാലത്തു ജനിച്ച അയ്യപ്പപ്പണിക്കര്‍ കോഴിക്കോട് മലബാര്‍ ക്രിസത്യന്‍ കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടി. അധ്യാപനത്തിലെ ബിരുദാന്തര പഠനം ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷിലായിരുന്നു.
കേരളാ സര്‍വ്വകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം തലവനും ഡീനുമായിരുന്നു.
കുരുക്ഷേത്രം, ഗോത്രയാനം, അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1951-60, അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1981-89, അയ്യപ്പപ്പണിക്കരുടെ കൃതികള്‍ 1960-81 തുടങ്ങിയവ പ്രധാന കൃതികളാണ്.
മരണഭീതിയും ദുരന്തബോധവും ജീവിതരതിയും അസ്തിത്വസന്ദേഹങ്ങളും സംത്രാസവും കൂടിക്കുഴഞ്ഞു കിടക്കുന്ന, ആധുനികതയുടെ ഭാവമേഖലകള്‍ അനാവരണം ചെയ്ത ടി.എസ്. എലിയറ്റിന്റെ വേസ്റ്റ് ലാന്‍ഡിന്റെ വിവര്‍ത്തനമായിരുന്നു അയ്യപ്പപ്പണിക്കര്‍ ആധുനികതയ്ക്കും മലയാളകവിതയ്ക്കും നല്‍കിയ ആദ്യ സംഭാവന. പിന്നീട് കുരുക്ഷേത്രവും ആധുനികത പ്രകടിപ്പിച്ചു.
ലേഖനങ്ങളിലൂടെയും കാര്‍ട്ടൂണ്‍കവിതകളിലൂടെയും ഈ കവി നിരന്തരം ആധുനികതയുടെ വക്താവാകുകയും അതിനെ പിന്തുടര്‍ന്നുവന്ന ഉത്തരാധുനികതയെ പരിചയപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്തു.
ഉത്തരാധുനികത മലയാളത്തില്‍ വേരുറയ്ക്കാന്‍ പോകുന്നെന്നും അതിന്റെ അന്നത്തെ സാഹിത്യത്തില്‍ കണ്ടുതുടങ്ങയതിന്‍റെ സാക്ഷ്യങ്ങളിതാ എന്നു പറഞ്ഞ് അവയെ അവതരിപ്പിക്കുകയും ചെയ്തത് പണിക്കരായിരുന്നു.
ആധുനികതയെ മലയാളസാഹിത്യത്തില്‍ കൂട്ടിക്കൊണ്ടു വന്നയാളാണ് അയ്യപ്പപ്പണിക്കര്‍. യുവത്വത്തിന്റെ പ്രസരിപ്പുകളെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പണിക്കര്‍ മലയാള സാഹിത്യത്തിന്റെ സ്പന്ദനങ്ങള്‍ നിത്യവും തിരിച്ചറിയുന്നു.
1971ല്‍ അമേരിക്കയിലെ ഇന്‍ഡിയാനാ സര്‍വകലാശാലയില്‍ നിന്നും എം.എ., പി.എച്ച്.ഡി. ബിരുദങ്ങളും നേടി. കോട്ടയം സി.എം.എസ്.കോളജ് തിരുവനന്തപുരം മഹാത്മാഗാന്ധി കോളജ്, യൂണിവേഴ്‌സിറ്റി കോളജ്, ഇന്‍ഡിയാനാ സര്‍വകലാശാല എന്നിവിടങ്ങളില്‍ അദ്ധ്യാപകകായിരുന്നു.
1981 - 82ല്‍ യേല്‍, ഹാര്‍വാര്‍ഡ് എന്നീ സര്‍വകലാശാലകളില്‍ (അമേരിക്ക) ഡോക്ടര്‍ ബിരുദാനന്തര ഗവേഷണം നടത്തി. 1990 ഒക്ടോബര്‍ മുതല്‍ സാഹിത്യ അക്കാദമിയുടെ മധ്യകാല ഭാരതീയ സാഹിത്യം എന്ന ബൃഹദ്‌സമാഹാരത്തിന്റെ ചീഫ് എഡിറ്റര്‍.