ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പഴയമട്ടില്‍ സംസ്കൃതം പഠിക്കാന്‍ തുടങ്ങിയ വയലാറില്‍ കവിതാ വാസന അങ്കുരിപ്പിച്ചത് വള്ളത്തോളിന്‍റെയും, ജി. ശങ്കരക്കുറിപ്പിന്‍റെയും കവിതകളായിരുന്നു. എങ്കിലും മുളച്ചുകഴിഞ്ഞ അദ്ദേഹത്തിന്‍റെ കവിതാ വാസനയെ തളിര്‍ക്കാനും പൂക്കാനും സഹായിച്ചത് മറ്റേതിലും ഏറെ ചങ്ങന്പുഴക്കവിതകളായിരുന്നു.
മലരൊളി തിരളുന്ന മധു ചന്ദ്രികയില്‍ മഴവില്‍ ക്കാവടിയുടെ മുനമുക്കി ദിവ്യമായ അഴകിനെ രചിക്കാന്‍ കൊതിച്ച ചങ്ങന്പുഴയില്‍ നിന്നും വിയര്‍പ്പും, ചോരയും ചിന്തി മനുഷ്യന്‍ വീരേതിഹാസം രചിച്ച മണ്ണിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ ചിത്രീകരിക്കുന്നിടത്തു ധന്യത കണ്ടെത്തിയ കവിയായിരുന്നു വയലാര്‍ രാമവര്‍മ്മ.
നാടന്‍ പാട്ടുകളുടെ അനലംകൃത ലാവണ്യംകൊണ്ട് അനുഗ്രഹീതമാണ് അദ്ദേഹത്തിന്‍റെ ഗാനങ്ങളും ഒട്ടേറെ കവിതകളും. ശബ്ദസൗകുമാര്യത്തോടൊപ്പം, ആശയ സൗന്ദര്യവും തന്‍റെ കവിതകളില്‍ നിറച്ച വയലാറിനെ കേരളത്തിലെ ഏറ്റവും ജനപ്രിയ കവിയാക്കിയത് ഒരു പക്ഷേ, കവിതകളേക്കാളേറെ അദ്ദേഹത്തിന്‍റെ ഗാനങ്ങളായിരുന്നു.
ഇഷ്ടപ്രാണേശ്വരിയും, ഉജ്ജയിനിയിലെ ഗായികയും, വെണ്ണതോല്കുമുടലോടെ... മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചും, സ്വര്‍"ത്തേക്കാള്‍ സുന്ദരമാണീ.., അഷ്ടമുടിക്കായലിലെ, പാലാഴിക്കടവില്‍, പ്രളയപയോധിയില്‍, സന്യാസിനീ, ചന്ദനപ്പല്ലക്കില്‍, പദ്മതീര്‍ത്ഥമേ ഉണരൂ, പുഷᅲഗന്ധീ, അഗ്നിപര്‍വ്വതം തുടങ്ങി എത്രയെത്ര അനശ്വരഗാനങ്ങള്‍.
കവിതയുടെ ആത്മാവിലേക്ക് സംഗീതത്തെ കടത്തിവിടുകയും, ഗാനങ്ങളുടെ ഹൃദയത്തിലേക്ക് കവിതയെ ആവാഹിക്കുകയും ചെയ്ത വയലാര്‍ എന്ന കാവ്യഗന്ധര്‍വന്‍ മലയാളത്തിന്‍റെ നിസ്തൂലസൗന്ദര്യം തന്നെയാണ്.
നാടോടിപ്പാട്ടുകളുടെ ഗാനാത്മകത മാത്രമല്ല, വടക്കന്‍ പാട്ടുകളുടെയും മറ്റും ഊര്‍ജ്ജസ്വലവും, സരളവുമായ പ്രതിപാദന ശൈലിയും വയലാര്‍ തന്‍റെ കവിതകളിലും ഗാനങ്ങളിലും കോര്‍ത്തിണക്കിയിട്ടുണ്ട്.
മൂല്യങ്ങളുടെ ആരാധകനായ വയലാര്‍ മൂല്യധ്വംസനത്തെ വീറോടെ അപലപിക്കാനും മുതിര്‍ന്നിരുന്നു. മാനവ രക്തം വീണു കുതിര്‍ന്ന ഈ മണ്ണില്‍ നിശിതമായ വിമര്‍ശനത്തിന്‍റെ പുരുഷ വര്‍ണ്ണവും, പരിഹാരത്തിന്‍റെ പീത വര്‍ണ്ണവും കലര്‍ത്തി കാവ്യരൂപത്തിനു ശബളകാന്തിയേകാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
തന്‍റെ ഗ്രാമത്തെപ്പറ്റി, തന്‍റെ ചുറ്റുപാടുമുള്ള മനുഷ്യരെപ്പറ്റി, തന്‍റെ തൊട്ടയല്‍പ്പക്കത്തെ പറന്പുകളില്‍ അന്ത്യനിദ്രകൊള്ളുന്ന രക്തസാക്ഷികളെപ്പറ്റി, തന്‍റെ സ്വപ്നങ്ങളെപ്പറ്റിയൊക്കെ അദ്ദേഹത്തിന് വളരെയേറെപ്പറയാനുണ്ടായിരുന്നു. പറയാനുള്ളതൊക്കെ പാട്ടിലൂടെ, കവിതയിലൂടെ അദ്ദേഹം നമുക്കുപറഞ്ഞു തന്നു.
വയലാറിലെ രക്തം പുരണ്ട മണ്‍തരികള്‍ക്കിടിയില്‍ പൊട്ടിമുളച്ച പാടുന്ന ഒരു മുളംതണ്ടായിരുന്നു, ആ കവി.
Follow Webdunia malayalam