Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ദുലേഖയെ സമ്മാനിച്ച ചന്തുമേനോന്‍

ഇന്ദുലേഖയെ സമ്മാനിച്ച ചന്തുമേനോന്‍
FILEFILE
ഒയ്യാരത്ത് ചന്തു മേനോന്‍ എന്ന ഓ. ചന്തു മേനോന്‍ മലയാള സാഹിത്യത്തിലെ ധ്വജ സ്തംഭങ്ങളില്‍ ഒന്നാണ്. ലക്ഷണമൊത്ത ആദ്യത്തെ മലയാള നോവല്‍ ഇന്ദുലേഖയുടെ കര്‍ത്താവ് അദ്ദേഹമാണ്.

തലശ്ശേരിക്കടുത്ത പിണറായി അംശത്തില്‍ ഇടപ്പാടി ചന്തമനായരുടെയും, കൊടുങ്ങല്ലൂരിനു സമീപം ചിറ്റേഴത്തു പാര്‍വതി അമ്മയുടെയും പുത്രനായി 1847 ജനുവരി ഏഴിനു ജനിച്ച ചന്തുമേനോന്‍ 1900 സെപ്റ്റംബര്‍ ഏഴിന് 53- ാം വയസ്സില്‍ അന്തരിച്ചു

കോഴിക്കോട്ടെ മലബാര്‍ ഹജൂര്‍ കച്ചേരിയിലും കോടതിയിലും ജോലിചെയ്യുന്നതിനിടെ നടത്തിയ സാമൂഹിക സേവനങ്ങളുടെ പേരിലും അദ്ദേഹം സ്മരിക്കപ്പെടും.

മലബാര്‍ വിവാഹ ബില്ലിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ ടി.മുത്തുസ്വാമി അയ്യരുടെ അധ്യക്ഷതയില്‍ നിയമിക്കപ്പെട്ട കമ്മറ്റിയിലെ അംഗമെന്ന നിലയില്‍ ചന്തുമേനോന്‍ മരുമക്കത്തായ വിവാഹ സമ്പ്രദായത്തെക്കുറിച്ചു തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് സാമൂഹിക ചരിത്ര രേഖയാണ്.

കോഴിക്കോട്ട് അദ്ദേഹം സബ് ജഡ്ജിയായി പ്രവര്‍ത്തിച്ചു . മലബാര്‍ കലക്ടര്‍ വില്ല്യം ലോഗനുമൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആജാനുബാഹുവായിരുന്നു. ആറടിയിലേറെ ഉണ്ടായിരുന്നു പൊക്കം.

ചന്തു മേനോന്‍ രസികനായിരുന്നു. രണ്ടു മാരാന്മാര്‍ തമ്മിലുള്ള തര്‍ക്കം വിചാരണ ചെയ്യവെ കേമത്തം അളക്കാന്‍ അവരിരുവരേയും കൊണ്ട് കോടതി മുറിയില്‍ ചെണ്ട കൊട്ടിച്ച സംഭവം വളരെ പ്രസിദ്ധമാണ്.


webdunia
FILEFILE
ലക്ഷണയുക്തമായ മലയാള നോവലിന്‍റെ ചരിത്രം ചന്തുമെനോന്‍റെ "ഇന്ദുലേഖ'യില്‍ നിന്നാരംഭിക്കുന്നു. ഇംഗ്ളീഷ് ഭാഷയോടും സാഹിത്യത്തോടും ആഭിമുഖ്യമുണ്ടായിരുന്ന മേനോന്‍ ഇംഗ്ളീഷ് നോവലിന്‍റെ ചുവടു പിടിച്ചെഴുതിയ "ഇന്ദുലേഖ' 1889 ലാണ് പുറത്തിറങ്ങിയത്

രണ്ടാമത്തെ നോവലായ "ശാരദ' യുടെ ഒന്നാം ഭാഗം 1892 ല്‍ പ്രസിദ്ധീകൃതമായെങ്കിലും അതു പൂര്‍ണമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. മലബാര്‍ കളക്ടറായിരുന്ന ഡ്യൂമെര്‍ഗ് 1891 ല്‍ "ഇന്ദുലേഖ' ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തു.

പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളീയ ജീവിതം എല്ലാ വൈവിധ്യങ്ങളോടും കൂടി നില്‍ക്കുകയാണ് "ഇന്ദുലേഖ' യിലും "ശാരദ' യിലും. സാമൂഹിക വിമര്‍ശനപരമായ ആക്ഷേപ ഹാസ്യത്തിന്‍റെ അന്തര്‍ധാര രണ്ടു നോവലുകള്‍ക്കും പ്രസാദാത്മകമായ പരിവേഷം ചാര്‍ത്തുന്നു.

സംസ്കൃതത്തില്‍ പ്രാഥമിക പഠനം നടത്തിയതിനു ശേഷമാണ് അദ്ദേഹം സ്കൂളില്‍ ചേര്‍ന്നത്. അണ്‍കവനന്‍റഡ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജയിച്ച് മട്രിക്കുലേഷനു പഠിച്ചു തുടങ്ങിയ അദ്ദേഹത്തിനു

1864 ല്‍ കോടതിയില്‍ ഗുമസ്തനായി ജോലികിട്ടി. മലബാര്‍ മാനുവലിന്‍റെ കര്‍ത്താവെന്ന നിലയില്‍ പ്രശസ്തനായ കളക്ടര്‍ ലോഗന്‍ 1867 ല്‍ ചന്തുമേനോനെ സബ് കളക്ടറാഫീസില്‍ ഗുമസ്തനായി നിയമിച്ചു.

പിന്നീട് മുന്‍സിഫായി പല മലബാര്‍ കോടതികളിലും സേവനം അനുഷ്ഠിച്ചതിനുശേഷം 1892 ല്‍ കോഴിക്കോട് സബ് ജഡ്ജിയായി.

കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍, ചമ്പത്തില്‍ ചാത്തുക്കുട്ടി മന്നാടിയാര്‍ തുടങ്ങിയവരടങ്ങുന്ന സമ്പന്നമായ സുഹൃദ് വലയമാണ് ചന്തുമെനോനുണ്ടായിരുന്നത്. വലിയ കോയിത്തമ്പുരാന്‍റെ "മയൂരസന്ദേശ'ത്തിന്‍റെ ആദ്യപതിപ്പ് മംഗലാപുരം ബാസല്‍ മിഷന്‍ പ്രസില്‍ അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തിയത് ചന്തുമേനോനാണ്.

Share this Story:

Follow Webdunia malayalam