Select Your Language

Notifications

webdunia
webdunia
webdunia
webdunia

എ.ആറിന്‍റെ തൊണ്ണൂറാം ചരമവാര്‍ഷികം

ടി ശശിമോഹന്‍

എ.ആറിന്‍റെ തൊണ്ണൂറാം ചരമവാര്‍ഷികം
കവിയും ഗദ്യകാരനും വൈയാകരണനും സൗന്ദര്യ ശാസ്ത്രകാരനും ആയിരുന്ന എ.ആര്‍. രാജരാജവര്‍മയുടെ തൊണ്ണൂറാം ചരമ വാര്‍ഷികം 2008 ജൂണ്‍ 18 ന് കഴിഞ്ഞു .സാഹിത്യലോകം അതൊന്നും ശ്രദ്ധിക്കുകയേ ചെയ്തില്ല.. എ.ആര്‍.രാജരാജവര്‍മ്മ അന്തരിച്ചത് 1918 ജൂണ്‍ 18നാണ്.

20-ാം നൂറ്റാണ്ടിലെ മലയാള കവിതയുടെ വികാസത്തിന്‍റെ സൈദ്ധാന്തികപരിസരം ഒരുക്കി.യ മഹാ പണ്ഡിതനായിരുന്നു ഏ ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിഞ്ഞിരുന്ന എ ആര്‍ രാജ രാജ വര്‍മ്മ. മലയാള ഭാഷക്കും വ്യാകരണത്തിനും അദ്ദേഹം നിസ്തുല മായ സംഭാവനകള്‍ നല്‍കി.

ദ്വിതീയാക്ഷരപ്രാസനിഷേധം ഉള്‍പ്പൈടെയുള്ള സാഹിത്യ തത്ത്വങ്ങളിലൂടെ പാരമ്പര്യത്തിനും യാഥാസ്ഥിതികത്വത്തിനും വിരുദ്ധമായ കാവ്യനയം രാജരാജന്‍ അവതരിപ്പിച്ചു. കേരളവര്‍മപ്പാരമ്പര്യത്തിനെതിരെയുള്ള രാജരാജന്‍റെ നിലപാടുകള്‍ 20-ാം നൂറ്റാണ്ടിലെ കവിതയില്‍ നവീനതയുടെ വെളിച്ചം കൊണ്ടുവന്നു.

""സംസ്കൃതക്കമ്പത്തിന്‍റെ ഫോര്‍മലിസത്തില്‍ നിന്ന് മലയാളകവിതയെ മോചിപ്പിക്കാനും അനുഭൂതി സമുല്‍ഫുല്ലമായ ഭാവ രസോത്കര്‍ഷം വരുത്തി പുതിയ സരണി വെട്ടിത്തുറക്കാനും എ.ആര്‍. അഭിലഷിച്ചു''വെന്ന് ജോസഫ് മുണ്ടശ്ശേരി ചൂണ്ടിക്കാട്ടുന്നു.

'' അന്ധമായ ഗതാനുകതികത്വവും മിഥ്യാധാരണകളും മൂലം രോഗബാധിതമായി ചലനം നിലച്ച മലയാള സാഹിത്യത്തെ സ്വതന്ത്രവും സ്വച്ഛന്ദവുമായി വികസിപ്പിക്കാനും ഭാഷയുടെ മേല്‍ സംസ്കൃതത്തിന്‍റെ ദുഷ്പ്രാഭവത്തെ പുനഃസ്ഥാപിക്കാനൊരുങ്ങിയ തന്‍റെ മാതുലന്‍ (കേരളവര്‍മ) ഉള്‍പ്പെട്ട യാഥാസ്ഥിതിക പക്ഷത്തെ ശാന്തവും ധീരവുമായി ചെറുക്കാനും എ.ആറിനു കഴിഞ്ഞു''വെന്ന് എന്‍. കൃഷ്ണപിള്ളയും വിലയിരുത്തുന്നു.

ചങ്ങനാശേരിയിലെ ലക്സ്മീപുരത്തു കൊട്ടാരത്തില്‍ 1863 ഫെബ്രുവരി 20ന് ജനിച്ചു. പിന്നീട് ഹരിപ്പാട്ടേക്ക് കുടുംബം താമസം മാറ്റി. തിരുവനന്തപുരത്തു വിദ്യാഭ്യാസം നേടി. കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ ഗുരുവായിരുന്നു.


സംസ്കൃതത്തില്‍ എം.എ. ജയിച്ച് അധ്യാപകവൃത്തി ആരംഭിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ദ്രാവിഡഭാഷകളുടെ പ്രൊഫസറായിരുന്നു. സംസ്കൃതത്തിലും മലയാളത്തിലുമായി വിവിധശാഖകളില്‍ നിരവധി കൃതികള്‍ രചിച്ചു.


കൃതികള്‍

(സംസ്കൃതം): ദേവീമംഗലം, ഭൃംഗവിലാപം, സരസ്വതീസ്തവം, വീണാഷ്ടകം, രാഗമുദ്രാസപ്തകം, വിമാനാഷ്ടകം, മേഘോപാലംഭം, ഹിന്ദു പദവ്യുല്‍പ്പത്തി, ചിത്രശ്ളോകങ്ങള്‍, പിതൃപ്രലാപം, ശ്രീപദ്മനാഭപഞ്ചകം, ദേവീദണ്ഡകം, വിടവിഭാവരി, ആംഗലസാമ്രാജ്യം (കാവ്യങ്ങള്‍), ഗൈര്‍വാണീ വിജയം (നാടകം), ഉദ്ദാലചരിതം (ഒഥെല്ലോയുടെ സംസ്കൃത സംഗ്രഹം) ലഘുപാണീനീയം (വ്യാകരണം).

മലയാളം: കേരള പാണിനീയം, ഭാഷാഭൂഷണം, വൃത്തജ്ഞരി, സാഹിത്യസാഹ്യം, മണിദീപിക, ശബ്ദശോധിനി, മധ്യമവ്യാകരണം, പ്രഥമ വ്യാകരണം (വ്യാകരണ, കാവ്യശാസ്ത്രകൃതികള്‍), മലയാള ശാകുന്തളം, മാളവികാഗ്നിമിത്രം, ചാരുദത്തന്‍, സ്വപ്നവാസവദത്തം, ഭാഷാമേഘദൂതം, ഭാഷാകുമാരസംഭവം (വിവര്‍ത്തനം), മലയവിലാസം, പ്രസാദമാല (കവിത) ഉണ്ണായിവാര്യരുടെ നളചരിതത്തിന് രചിച്ച "കാന്താരതാരകം' ഉള്‍പ്പൈടെ നിരവധി വ്യാഖ്യാനങ്ങള്‍.

20-ാം നൂറ്റാണ്ടില്‍ രാജരാജവര്‍മ മലയാളത്തില്‍ കവിതകള്‍ രചിച്ചതായി കാണുന്നില്ല. എന്നാല്‍ "ഭാഷാഭൂഷണം' (1902) "വൃത്തമഞ്ജരി' (1907) എന്നിവയില്‍ സ്വയം രചിച്ച ഉദാഹരണപദ്യങ്ങള്‍ കാണാം.


Share this Story:

Follow Webdunia malayalam