Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജി -കാല്‍പ്പനിക കാവ്യപാരമ്പര്യത്തിന്‍റെ സൗന്ദര്യം

ജി -കാല്‍പ്പനിക കാവ്യപാരമ്പര്യത്തിന്‍റെ സൗന്ദര്യം
WDWD
ഹൃദയഗന്ധിയായ ഭാവഗീതികള്‍ രചിച്ച് സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠം പുരസ്കാരം ആദ്യമായി ഏറ്റു വാങ്ങിയ പ്രതിഭയാണ് ജി. ശങ്കരക്കുറുപ്പ്.

കവിത്രയത്തിന് ശേഷമുള്ള മലയാള കവിതാശാഖയുടെ ഗതി നിയന്ത്രിച്ച ഈ പ്രതിഭ കാല്പനികകാവ്യപാരമ്പര്യത്തിന് യോഗാത്മകകാന്തി നല്കി.

നിയോക്ളാസിക് അഭിരുചികളില്‍നിന്നാണ് കാല്പനികമായ ഭാവഗീതാത്മകതയിലേക്ക് ജീയുടെ കവിത വികസിച്ചത്. മൃത്യുബോധം, യോഗാത്മകദര്‍ശനം, ആസ്തിക്യബോധം, മാനവികതാദര്‍ശനം, പ്രതീകാത്മകമായ കാവ്യഭാഷ തുടങ്ങിയവയാണ് കാവ്യ സവിശേഷതകള്‍.

1901 ജൂണ്‍ 3ന് കാലടിക്കടുത്തുള്ള നായത്തോട് ഗ്രാമത്തില്‍ ജനിച്ചു. അമ്മ വടക്കിനി ലക്ഷ്മിക്കുട്ടിയമ്മ. അച്ഛന്‍ നെല്ലിക്കാപ്പള്ളി ശങ്കരവാര്യര്‍. 1978 ഫെബ്രുവരി രണ്ടാം തീയതി അന്തരിച്ചു.

1921 ആഗസ്റ്റില്‍, മലബാര്‍ ലഹളക്കാലത്ത്, തിരുവില്വാമല ഇംഗ്ളീഷ് ഹൈസ്കൂളില്‍ ഭാഷാദ്ധ്യാപകനായി ചേര്‍ന്നതിനുശേഷം ഇംഗ്ളീഷ് ട്രാന്‍സിലേഷനും കമ്പോസിഷനും പാസ്സായി.

ചാലക്കുടി ഹൈസ്കൂളില്‍ അദ്ധ്യാപകനായിരിക്കുമ്പോള്‍ വിദ്വാന്‍ പരീക്ഷയില്‍ ഫസ്റ്റ് ക്ളാസും റാങ്കും നേടി. പത്തുവര്‍ഷം തൃശൂര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂഷനിലും 19 വര്‍ഷം എറണാകുളം മഹാരാജാസ് കോളജിലും ജോലി ചെയ്തു.

പണ്ഡിതന്‍, ലക്ചറര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. പ്രൊഫസര്‍ ആയി 1956 ജൂണില്‍ റിട്ടയര്‍ ചെയ്തു.

1944 മുതല്‍ 1958 വരെ സമസ്തകേരള സാഹിത്യപരിഷത്തിന്‍െറ ഉത്കര്‍ഷത്തിന് പ്രയത്നിച്ചു. പരിഷത്ത് ത്രൈമാസികം, ദ്വൈമാസികവും പിന്നെ മാസികവുമായി. 1958 ല്‍ രണ്ടുവര്‍ഷം നീണ്ടുനിന്ന പ്രസിഡന്‍റ് സ്ഥാനവും 14 വര്‍ഷം തുടര്‍ന്ന പത്രാധിപത്യവും രാജിവച്ചു.

webdunia
WDWD
1956 ല്‍ റിട്ടയര്‍ ചെയ്ത ഉടനെ തിരുവനന്തപുരം ആകാശവാണിയില്‍ പ്രൊഡ്യൂസറായി. 1957 ല്‍ സാഹിത്യസലാഹ്കര്‍ ആയി നിയമിക്കപ്പെട്ടു. 1968 ല്‍ അത് രാജിവച്ചു.

മദ്രാസ് യൂനിവേഴ്സിറ്റിയുടെയും കേരള യൂനിവേഴ്സിറ്റിയുടെയും ബോര്‍ഡ് ഓഫ് സ്റ്റഡീസിലും കലിക്കറ്റ് യൂനിവേഴ്സിറ്റി ഫാക്കല്‍റ്റിയിലും, പല യൂനിവേഴ്സിറ്റികളിലെ പരീക്ഷാബോര്‍ഡുകളിലും അംഗമായിരുന്നിട്ടുണ്ട്.

കേന്ദ്രസാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സിലില്‍ അംഗമായിരുന്നു. ഇന്ത്യന്‍ പെന്‍ ഓണററി മെമ്പറായി മാനിച്ചിട്ടുണ്ട്. കേരള സാഹിത്യഅക്കാദമിയുടെ ഫെല്ലോ ആയി.

സോവിയറ്റ് റഷ്യയിലെ സാഹിത്യകാരസംഘടനയുടെ അതിഥിയായി 1968 ല്‍ അവിടം സന്ദര്‍ശിച്ചു. ഇന്ത്യയുടെ പ്രതിനിധിയായി താഷ്കന്‍റിലെ ആഫ്റോ ഏഷ്യന്‍ റൈറ്റേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

കിഴക്കന്‍ ജര്‍മ്മനിയിലെ ചില മുഖ്യസാംസ്കാരികകേന്ദ്രങ്ങളും സന്ദര്‍ശിച്ചു. ഹിന്ദിയില്‍ ബാംസൂരിയുടെയും (ഓടക്കുഴല്‍) ഏക് ഔര്‍ നചികേതാ എന്ന സമാഹാരത്തിന്‍െറയും രണ്ടു പതിപ്പുകള്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. വെളിച്ചത്തിന്‍െറ ദൂതന്‍ എന്ന കവിതാസമാഹാരമാണ് അവസാനഗ്രന്ഥം.

ജ്ഞാനപീഠപുരസ്കാരത്തില്‍നിന്നുള്ള തുക നിക്ഷേപിച്ച് ഓരോ വര്‍ഷവും മികച്ച മലയാള കൃതിക്ക് ഓടക്കുഴല്‍ സമ്മാനം നല്‍കാനായി 1968 ല്‍ ഗുരുവായൂരപ്പന്‍ ട്രസ്റ്റ് സ്ഥാപിച്ചു.

ഭാര്യ : സുഭദ്ര അമ്മ, മക്കള്‍: രവി, രാധ

Share this Story:

Follow Webdunia malayalam