Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോവല്‍ സ്വരൂപമായ കെ.സുരേന്ദ്രന്‍

ജനനം 1922 മാര്‍ച്ച് 23, മരണം 1977ആഗസ്ത് 9

നോവല്‍ സ്വരൂപമായ കെ.സുരേന്ദ്രന്‍
ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞു നിന്ന്, എന്നാല്‍ ആരുമറിയാതെ ആള്‍കൂട്ടത്തിന്‍റെ ഒരു ഭാഗമായി സാഹിത്യ രചന നടത്തിയ പ്രതിഭാധനനാണ് കെ.സുരേന്ദ്രന്‍.

എഴുപത്തഞ്ചാം വയസ്സില്‍ ‘ദുര്‍ബ്ബലമായ മരണം‘ സുരേന്ദ്രന്‍റെ ജീവന്‍ അപഹരിച്ചു. 1977 ഓഗസ്റ്റ് 9ന്. ഇന്ന് അദ്ദേഹത്തിന്‍റെ 31 മത് ചരമവാര്‍ഷികം. 1922 മാര്‍ച്ച് 23 ന് കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ് സുരേന്ദ്രന്‍ ജനിച്ചത്.

കാട്ടുകുരങ്ങ്, മായ, മരണം ദുര്‍ബലം, ജ്വാല, ദേവി തുടങ്ങിയ ഒട്ടേറെ കനത്ത നോവലുകളുടെ സ്രഷ്ടാവാണദ്ദേഹം. പക്ഷേ, അദ്ദേഹത്തിന്‍റെ നോവലുകളെ വേണ്ടവിധം മലയാളി അംഗീകരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. വളരെ സമഗ്രമായ പഠനം നടത്തേണ്ടവയാണ് ഈ നോവലുകള്‍.

തിരുവനന്തപുരത്ത് വഴുതക്കാട്ടെ ഫോറസ്റ്റ് ലൈനിലെ ഒരു കുഴിയിലെന്ന പോലെയിരിക്കുന്ന നവരംഗമെന്ന രണ്ടു നിലക്കെട്ടിടത്തില്‍, മുറിക്കയ്യന്‍ ബനിയനും മുണ്ടുമുടുത്ത് സാധാരണക്കാരനെപ്പോലെ ഒതുങ്ങിക്കഴിഞ്ഞ സുരേന്ദ്രന്‍ മനസ്സിന്‍റെ ദൂരദര്‍ശിനിയിലൂടെ നോക്കിക്കണ്ടത് മനുഷ്യ ഹൃദയങ്ങളുടെ അഗാധതകളായിരുന്നു.

മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍, മനസ്സുകളുടെ ചാപല്യങ്ങള്‍, പ്രണയം, രതിചോദനയുടെ വിഹ്വലതകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്


മിസ്സിസ് സരോജ കുമാറില്‍ നിന്ന് സുരേന്ദ്രനിലേക്ക്

മിസ്സിസ്സ് സരോജകുമാര്‍ എന്ന തൂലികാ നാമത്തിലാണ് കെ.സുരേന്ദ്രന്‍ എഴുതിത്തുടങ്ങിയത്. ഗദ്യകവിതകളും ചില സിനിമാ നിരൂപണങ്ങളും സാമൂഹിക വിമര്‍ശനങ്ങളും നടത്തി. പിന്നീട് നാടകത്തിലേക്ക് തിരിഞ്ഞപ്പോല്‍ യഥാര്‍ത്ഥ പേര് ഉപയോഗിക്കേണ്ടിവന്നു.

എട്ടാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ നോവല്‍ എഴുതിക്കൊണ്ടാണ് സുരേന്ദ്രന്‍റെ തുടക്കം. ഒന്‍പതാം ക്ളാസ്സില്‍ ആയപ്പോള്‍ ടാഗോറിന്‍റെ ചിത്രനാടകം തര്‍ജ്ജുമ ചെയ്തു. പിന്നെയാണ് സരോജ് കുമാറെന്ന പേരുമാറ്റം. ബലി എന്നപേരില്‍ സ്വന്തമായൊരു നാടകമെഴുതി. പിന്നെ പളുങ്കുപാത്രം, അരക്കില്ലം, പാനപാത്രത്തിലെ കൊടുങ്കാറ്റ് തുടങ്ങി അഞ്ച് നാടകങ്ങള്‍ എഴുതി.

ജീവചരിത്രമായിരുന്നു സുരേന്ദ്രന്‍റെ ഇഷ്ടവിഷയങ്ങളിലൊന്ന്. 1953 ല്‍ ടോള്‍സ്റ്റോയുടെ കഥ അദ്ദേഹം പ്രസിദ്ധീകരിച്ചു. നോവലിസ്റ്റ് ആയി ലബ്ധപ്രതിഷ്ഠനായശേഷം ദസ്തേവിസ്കിയുടെ കഥ, കുമാരനാശാന്‍ എന്നീ ജീവചരിത്രങ്ങള്‍ കൂടി സുരേന്ദ്രനെഴുതി.

സാഹിത്യരചനയ്ക്കു വേണ്ടി ജോലി ഉപേക്ഷിച്ച ആളാണ്. പി ആന്‍റ് റ്റി യിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 1960 ല്‍ ആദ്യ നോവലായ താളം പുറത്തുവന്നു. പിന്നീടാണ് കാട്ടുകുരങ്ങെന്ന ശക്തമായ നോവലിന്‍റെ പിറവി. നാദം, സീമ, ശക്തി,അതാകം, ഭിക്ഷാംദേഹി, ഗുരു തുടങ്ങിയവയാണ് മറ്റു പ്രധാന നോവലുകള്‍. ജീവിതവും ഞാനും ആണ് ആത്മകഥ.

മറ്റു ബന്ധങ്ങളുടെയോ വിശ്വാസങ്ങളുടെയോ കീഴ്വഴക്കങ്ങളുടെയോ ഞെരുക്കങ്ങളീല്‍ നിന്ന് സ്വത്വ ബോധത്തോടെ കുതറി മാറുന്നവരുടെ ഒരു ലോകമാണ് കെ.സുരേന്ദ്രന്‍റെ കഥാപ്രപഞ്ചം.


ഹൃദയം ചൂണ്ടിക്കാണിക്കുന്ന വഴിക്കു മാത്രം സഞ്ചരിക്കുകയും ആ ഏകാകിതയെ ഒരു ഹര്‍ഷോന്മാദം പോലെ അനുഭവിക്കുകയും യാത്രയുടെ അവസാനത്തില്‍ കാത്തിരിക്കുന്നത് ദുരിതമാണെങ്കില്‍ അതിനെയും ആ ഹര്‍ഷോന്മാദത്തിന്‍റെ ഭാഗമാക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് സുരേന്ദ്രന്‍റെ നോവലുകളില്‍ ഏറെയുള്ളത് എന്ന് പ്രമുഖ നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ നിരീക്ഷിക്കുന്നു.

ഹൃദയം, അതിനകത്തെ ഉള്‍പ്പോരുകള്‍ അതാണ് സുരേന്ദ്രന്‍ നോവലില്‍ പകര്‍ത്തുന്നത്. ഹൃദയരഹസ്യങ്ങള്‍ പൊട്ടിത്തെറിക്കുന്ന മൗനഭരിതമായ നിമിഷങ്ങള്‍ അദ്ദേഹത്തിന്‍റെ നോവലുകളെ സുന്ദരമാക്കുന്നു. മനുഷ്യ മനസ്സ് എപ്പോഴും വാനരന്‍റേതാണെന്ന് കാട്ടുകുരങ്ങും സീമ, ദേവി തുടങ്ങിയ നോവലുകളിലെ കഥാപാത്രങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

സ്വന്തം മകളാവാന്‍ പ്രായമുള്ള പാട്ടുകാരി പെണ്‍കുട്ടിയോട് വിവാഹിതനും പിതാവുമായ നായകന് തോന്നുന്ന ഉള്‍ക്കടമായ അഭിനിവേശമാണ് കാട്ടുകുരങ്ങിലെ ഇതിവൃത്തം. മരണം ദുര്‍ബ്ബലത്തില്‍ പ്രായക്കൂടുതലുള്ള കവിയോട് പ്രണയപാരവശ്യം സൂക്ഷിക്കുന്ന പെണ്‍കുട്ടിയെ കാണാം.

ഒരു പക്ഷെ മരണം ദുര്‍ബ്ബലമാവാം സുരേന്ദ്രന്‍റെ ഏറ്റവും മികച്ച നോവല്‍. ആശയപരമായ ഗാംഭീര്യവും അവതരണത്തിന്‍റെ ആര്‍ജ്ജവവും ഹൃദയാഭിലാഷങ്ങളുടെ ചാരുതയും വിശുദ്ധിയും ആ നോവലില്‍ അനുഭവപ്പെടും.

ശ്രീനാരായണ ഗുരുദേവന്‍റെ ജീവിതത്തിലൂടെയുള്ള ഒരു സഞ്ചാരമാണ് ഗുരു എന്ന നോവല്‍. അദ്ദേഹത്തിന്‍റെ കാട്ടുകുരങ്ങ്, മായ, ദേവി തുടങ്ങിയ നോവലുകള്‍ സിനിമയായിട്ടുണ്ട്. മരണം ദുര്‍ബ്ബലം ടി.വി സീരിയലായും പുറത്തുവന്നു.



Share this Story:

Follow Webdunia malayalam