Select Your Language

Notifications

webdunia
webdunia
webdunia
webdunia

പമ്മന്‍ ഓര്‍മ്മയില്‍

പീസിയന്‍

പമ്മന്‍ ഓര്‍മ്മയില്‍
പ്രമുഖ നോവലിസ്റ്റും തിരക്കഥാകൃത്തുമായ പമ്മന്‍ അന്തരിച്ചിട്ട് 2008 ജൂണ്‍ 3 ന് ഒരു വര്‍ഷമായി.

മലയാളത്തിലെ ആനുകാലികങ്ങളില്‍‍ ഒരു കാലത്ത്‌ പമ്മന്‍ കഥകള്‍ നിറഞ്ഞുനിന്നിരുന്നു. അല്‍പ്പം അശ്ലീല ചുവയുള്ള കഥകളായിരുന്നത്‌ കൊണ്ട്‌ അക്കാലത്ത്‌ പമ്മന്‍ കഥകള്‍ ചൂടപ്പം പോലെ വിറ്റുപോവുകയും ചെയ്തിരുന്നു.

മലയാളത്തില്‍ ഒട്ടേറെ സിനിമകള്‍ക്ക്‌ കഥയും തിരക്കഥയും പമ്മന്‍ എഴുതിയിട്ടുണ്ട്‌. ശ്രദ്ധേയമായ ചട്ടക്കാരി എന്ന സിനിമയുടെ കഥ പമ്മന്റേതാണ്‌.

സംസ്ഥാന അവാര്‍ഡ്‌ നേടിയ കെ.ജെ.ജോര്‍ജ്ജിന്റെ സ്വപ്നാടനം എന്ന സിനിമയുടെ കഥയും തിരക്കഥയും (ജോര്‍ജ്ജിനോടൊപ്പം) പമ്മന്റേതായിരുന്നു. ഈ രണ്ട്‌ കഥയ്ക്കും പമ്മന്‌ ദേശീയ അവാര്‍ഡ്‌ ലഭിച്ചിരുന്നു.

കൊല്ലം സ്വദേശിയാണ്‌ ആര്‍.പി.പരമേശ്വര മേനോന്‍ എന്ന പമ്മന്‍. 1920 ഫെബ്രുവരി 23 ന്‌ വള്ളിക്കാട്ട്‌ കീഴുവീട്ട്‌ വളപ്പില്‍ രാമന്‍ മേനോന്റെയും പുന്നത്തല പ്ലാമൂട്ടില്‍ മാധവിക്കുട്ടി അമ്മയുടേയും മകനായി ജനിച്ചു.


എഞ്ചിനീയറായിരുന്നു പമ്മന്‍. ചെന്നൈയിലും ലണ്ടനിലുമായിരുന്നു പഠനം. ആദ്യം നേവിയിലും ഓര്‍ഡനന്‍സ്‌ ഫാക്ടറിയിലും ജോലി ചെയ്തു. പിന്നീട്‌ പശ്ചിമ റയില്‍വേയില്‍ സീനിയര്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു.

പെരുന്ന പള്ളിപ്പുറത്ത്‌ വീട്ടിലെ കമലമാണ് ഭാര്യ. മുംബൈ ബാന്ദ്രയിലെ പാലി ഹില്ലിലായിരുന്നു കുറേക്കാലം താമസിച്ചത്‌.

ചട്ടക്കാരി ,ഈയാംപാറ്റകള്‍, ഭവാനിയും കൂട്ടരും, തിരനോട്ടം, നിര്‍ഭാഗ്യ ജാതകം, , സിസ്റ്റര്‍, ഭ്രാന്ത്‌, അടിമകള്‍, മിസ്സി, തമ്പുരാട്ടി, അമ്മിണി അമ്മാവന്‍, നെരിപ്പോട്‌, ഒരുമ്പട്ടവള്‍ എന്നിവയാണ്‌ പ്രധാന നോവലുകള്‍.

ചട്ടക്കാരി മദ്രാസില്‍ നിന്ന്‌ ഇറങ്ങിയ ജയകേരളം വാരികയിലായിരുന്നു ആദ്യം പ്രസിദ്ധീകരിച്ചത്‌. ചട്ടക്കാരി സിനിമ ആയതിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ പമ്മന്‍ അതിലെ കഥയെ കുറിച്ച്‌ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

അംഗ്ലോ ഇന്ത്യന്‍ പെണ്ണിനെ (ജൂലി) ഗര്‍ഭിണിയാക്കി കടന്നുകളയുന്ന ബ്രാഹ്മണ യുവാവാണ്‌ തന്റെ കഥയില്‍ ഉണ്ടായിരുന്നത്‌. അയാള്‍ (ശശി) പിന്നെ തിരിച്ചുവന്നതേയില്ല. പക്ഷെ, സേതുമാധവന്‍ ആ കഥയില്‍ മാറ്റം വരുത്തി അയാള്‍ ജൂലിയെ ഒടുവില്‍ സ്വീകരിക്കുന്നതായാണ്‌ കഥാന്ത്യം.


അതില്‍ അടൂര്‍ ഭാസി കൈകാര്യം ചെയ്ത കഥാപാത്രം മുഴുക്കുടിയന്‍ മാത്രം അല്ല വിഷയലമ്പടന്‍ കൂടിയായിരുന്നു. ജൂലിയെ കൊതിച്ചു നടന്ന റഹീം നല്‍കിയ മദ്യം അകത്ത്‌ ചെന്നാണ്‌ അയാള്‍ മരിക്കുന്നത്‌. എന്നാല്‍ കഥയില്‍ ഈ ഭാഗവും മാറ്റിയിട്ടുണ്ട്‌ എന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam