പള്ളിമേടകള്‍ മുതല്‍ ദിവാന്‍ ബംഗ്ളാവുവരെ പിടിച്ചുകുലുക്കിയ കൊടുങ്കാറ്റായിരുന്നു പൊന്‍കുന്നം വര്‍ക്കി. സ്വാതന്ത്രസമരത്തിന്‍റെ തീച്ചൂളയും, സര്‍. സി.പി ഭരണത്തിന്‍റെ ഏകാധിപത്യ പ്രവണതയ്ക്കെതിരെയുള്ള രോഷവും ക്രൈസ്തവ സഭയിലെ അനാചാരങ്ങളോടുള്ള കലാപവുമായിരുന്നു വര്‍ക്കിയുടെ സാഹിത്യജീവിതം.
ഒരു കാലഘട്ടത്തിന്‍റെ രോഷം തൂലികയിലേക്കാവാഹിച്ച എഴുത്തുകാരനാണ് പൊന്‍കുന്നം വര്‍ക്കി. പള്ളിയുടെയും സഭാമേലധ്യക്ഷന്‍ മാരുടെയും കൊള്ളരുതായ്മകള്‍ക്ക് നേരെ നിശിത വിമര്‍ശനങ്ങളാണ് വര്‍ക്കി നടത്തിയത്. എഴുത്തുകാരന്‍റെ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതാണ് അദ്ദേഹത്തിന്‍റെ കഥകള്‍.
പിന്നിട് അന്ധവിശ്വാസങ്ങള്‍ക്കും പുരോഹിതവര്‍ഗത്തിനും എതിരായി വിശ്രമമില്ലതെ ചലിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ തൂലിക. വര്‍ക്കിയുടെ കഥകള്‍ മത മേലധ്യക്ഷന്മാരെയും അധികാരി വര്‍ഗത്തേയും വിറളി പിടിപ്പിക്കുകതന്നെ ചെയ്തു.
2004 ജൂണ്‍ 2 ന് ആയിരുനന്നു നല്ലവനായ ആ ധിക്കാരിയുടെ മരണം.
ആലപ്പുഴ ജില്ലയിലെ എടത്വായില്‍ 1910-ലാണ് വര്‍ക്കിയുടെ ജനനം. മലയാളം ഹയറും വിദ്വാനും പാസായ ശേഷം അധ്യാപകനായി. 1939ല്‍ തിരുമുല്‍ക്കാഴ്ച (ഗദ്യകവിത)യുമായാണ് വര്‍ക്കി സഹിത്യ രംഗത്തേക്ക് കടന്നുവന്നത്. ഈ കൃതിക്ക് മദ്രാസ് സര്‍വ്വകലാശാലയുടെ സമ്മാനം ലഭിച്ചു.
മന്ത്രിക്കെട്ട്, ശബ്ദിക്കുന്ന കലപ്പ എന്നിവ ഏറെ പ്രശസ്തമായ കഥകളാണ്. കഥകള്‍ എഴുതിയതിന്‍റെ പേരില്‍ ഉദ്യോഗം നഷ്ടപ്പെട്ടു. ദിവാന്‍ ഭരണത്തെ എതിര്‍ക്കുന്ന കഥകള്‍ എഴുതിയതിന് ആറു മാസം ജയില്‍ ശിക്ഷ (1946) യും അനുഭവിച്ചു.
20 കഥാസമാഹാരങ്ങളും 12 നാടകങ്ങളും വര്‍ക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
സിനിമയ്ക്ക് തിരക്കഥകള്‍ എഴുതി. സ്വന്തമായി രണ്ടു ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.
വള്ളത്തോള്‍ പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്കാരം (1997), പത്മപ്രഭാ പുരസ്കാരം (1998) എന്നിവ ലഭിച്ചു. എന്‍റെ വഴിത്തിരിവ് ആത്മകഥയാണ്.
രാഷ്ട്രീയത്തോടും മതത്തോടും അമിതവിധേയത പുലര്‍ത്തുന്ന ചില സമകാലിക സാഹിത്യകാരന്മാര്‍ക്ക് എത്തിനോക്കാനാവുന്നതില്‍ അപ്പുറമാണ് പൊന്‍കുന്നം വര്‍ക്കിയുടെ ജീവിത ഇതിഹാസം.
50-60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സഭയ്ക്കും ഭരണകൂടത്തിനുമെതിരെ ഒറ്റയ്ക്കു പൊരുതിയ തീക്ഷ്ണ വ്യക്തിത്വമായിരുന്നു വര്‍ക്കി. ശബ്ദിക്കുന്ന കലപ്പ എന്ന ഒറ്റ കഥ മതി വര്‍ക്കിയെന്ന കഥാകാരന്‍റെ ഉള്ളിലെ തീ അടുത്തറിയാന്‍.
എഴുത്തില്‍ വരുത്തിയ വിപ്ളവം ഒരു ജനതയുടെ ചിന്തയിലേക്കും വ്യാപിച്ചു പൊന്‍കുന്നം വര്‍ക്കി. മുതലാളിത്തത്തിനും കിരാതഭരണകൂടങ്ങള്‍ക്കുമെതിരായ ചിന്തകള്‍ പ്രചരിപ്പിച്ച് നട്ടെല്ലുള്ള സാഹിത്യം എന്തെന്ന് കാട്ടിക്കൊടുക്കുകയായിരുന്നു അദ്ദേഹം.
എഴുത്തിലൂടെ വിശുദ്ധന്മാരെ സൃഷ്ടിക്കാന്‍ വര്‍ക്കി ശ്രമിച്ചില്ല. പാപികളെ വിശുദ്ധരാക്കുന്ന കപടസാഹിത്യം തനിക്കറിയില്ലെന്നായിരുന്നു വര്‍ക്കിയുടെ മതം. എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ആരോടൊപ്പം ചേരണമെന്ന ചിന്തയാണ് കമ്യൂണിസത്തിന്‍റെ സഹയാത്രികനായി വര്‍ക്കിയെ മാറ്റിയത്.
തിരുമുല്‍ക്കാഴ്ച, ഏഴകള്‍, അള്‍ത്താര, സങ്കീര്‍ത്തനം, സ്വര്‍ഗം നാണിക്കുന്നു, വൈതത്തേക്കാള്‍ ഞാന്‍ പേടിക്കുന്നത് തുടങ്ങിയ സൃഷ്ടികള്‍ പറയുന്ന സത്യം വര്‍ക്കിയിലെ ധീരതയുടെ പ്രതിഫലനമാണ്. 94-ാം പിറന്നാളും കെങ്കേമമായി ആഘോഷിച്ച് യാത്രയാവുമ്പോഴും ആ നിഷേധിയുടെ ഓര്‍മ്മ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മരിക്കാതെ നിലകൊള്ളും.