Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധുരമായ ഒരോര്‍മ്മ

മധുരമായ ഒരോര്‍മ്മ
മഹാമനീഷിയായിരുന്ന ശുരനാട്ട് കുഞ്ഞന്‍പിള്ള മരിച്ചിട്ട് 2005ല്‍ പത്തു കൊല്ലം തികഞ്ഞു. ആ മഹാജീവിതത്തിലെ ചില അപൂര്‍വ്വ സുന്ദരമായ നിമിഷങ്ങള്‍ നേരിട്ടു കണ്ട മകന്‍ ഡോ. കെ. രാജശേഖരന്‍നായരുടെ ഓര്‍മ്മക്കുറുപ്പില്‍ നിന്നൊരു ഭാഗം.

ശൂരനാടെന്ന ഒരു കുഗ്രാമത്തില്‍ വെറുമൊരു സാധാരണ കാര്‍ഷികകുടുംബത്തില്‍1911ലാണ് അച്ഛന്‍ ജ-നിച്ചത് . പഠിച്ചു വലുതാകാനുള്ള സാഹചര്യങ്ങളൊന്നും അന്ന് ഇല്ലായിരുന്നു.

എന്നാലും ദിവസവും ചവറവരെ നടന്നു ചെന്ന് പഠിക്കാന്‍ അച്ഛന് ഇക്കാലത്ത് യാതൊരു വൈമുഖ്യവുമില്ലായിരുന്നു. പിന്നെ നിത്യവും ചവറ വരെ പോയി വരുന്നത് ഒഴിവാക്കാന്‍ പുളിമാന വീട്ടില്‍ താമസ്സിച്ചായി പഠനം.

സ്കൂള്‍ ഫൈനല്‍ പരീക്ഷ എഴുതാന്‍ വയസ്സു തികയാത്ത കാരണം ഒരു കൊല്ലം ഇട കിട്ടി. കളിച്ചു കളയാനല്ല സ്വയം സംസ്കൃതം പഠിച്ച് വേണ്ടത്ര വ്യുല്‍പത്തി നേടാനായിരുന്നു അക്കാലം വിനിയോഗിച്ചത്.

തിരുവനന്തപുരത്തെ കോളജില്‍ രണ്ടാം ഭാഷയായി സംസ്കൃതം എടുത്ത് പഠിക്കാന്‍ കയറിയ ആ കുട്ടിയോട് അവിടത്തെ ഒരു അധ്യാപകന്‍ പറഞ്ഞു കുട്ടി എന്‍റെ ക്ളാസ്സില്‍ വരണ്ട, തനിച്ച് പഠിച്ചാല്‍ മതി, തനിക്ക് വേണ്ടതൊന്നും എനിക്ക് തരാനില്ല എന്ന്.

മിക്കവരും കരുതുന്നത് അച്ഛന്‍ പഠിച്ചത് മലയാളം മാത്രമാണെന്നാണ്. പക്ഷെ അദ്ദേഹം ആദ്യം എം.എ എടുത്തത് ഇംഗ്ളീഷിലായിരുന്നു. പിന്നെ സംസ്കൃതത്തില്‍. അവസാനമാണ് മലയാളത്തില്‍ എം.ഏ എടുക്കുന്നത്.

ഈ മൂന്നു ഭാഷകളിലുമുള്ള അതിഗഹനമായ അറിവ് അദ്ദേഹത്തിന്‍റെ പിന്നെയുള്ള സാഹിത്യസപരിയെ എത്രകണ്ട് ഗുണപ്പെടുത്തിയെന്നറിയാന്‍ അദ്ദേഹത്തിന്‍റെ ലെക്സിക്കണ്‍ നോക്കിയാല്‍ മതി.


ലെക്സിക്കണ്‍ പ്രവര്‍ത്തനം

എന്താണ് ലെക്സ്ക്കോഗ്രാഫിയെന്ന് ഒരു വിവരവും ആര്‍ക്കുമില്ലായിരുന്ന കാലത്താണ് (1953) അദ്ദേഹത്തെ ലെക്സിക്കണ്‍ എഡിറ്ററായി നിയമിക്കുന്നത്. സത്യത്തില്‍ 1940-41 ഘട്ടങ്ങളില്‍ തന്നെ ഒരു മലായള നിഘണ്ടു എങ്ങനെ നിര്‍മ്മിക്കണമെന്നുള്ള പഠനങ്ങളും, അനുമാനങ്ങളും സഹൃദയ മാസികയില്‍ അദ്ദേഹം വിശദമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടായിരുന്നു. മലയാളം ഉള്ളടത്തോളം കാലം അദ്ദേഹത്തിന്‍റെ ലെക്സിക്കണ്‍ പ്രവര്‍ത്തനം ഓര്‍ക്കപ്പെടും.

വൈജ്ഞാനിക മണ്ഡലത്തില്‍ മാത്രമായിരുന്നില്ല അദ്ദേഹത്തിന്‍റെ സാഹിത്യപ്രവര്‍ത്തനങ്ങള്‍. ആദ്യം എഴുതിയത് ഒരു കവിതാ പുസ്തകമായിരുന്നു - ശ്മശാനദീപം. ആറാം ക്ളാസിലോ ഏഴാം ക്ളാസിലോ പഠിക്കുമ്പോള്‍ എഴുതിയതാണത്. അതിന്‍റെ നക്കല്‍ കണ്ടു. അദ്ദേഹത്തിന്‍റെ ചേട്ടന്‍ അത് കീറിക്കളഞ്ഞു.

കടലാസ്സില്‍ എഴുതിയതേ കീറിക്കളയാനാവൂ, മനസ്സിലെഴുതിയത് കീറിക്കളയാനാവില്ലെന്ന് അനിയനും. അതുതന്നെയാണ് പിന്നെ സംഭവിച്ചതും. പിന്നെയും അദ്ദേഹം ഒട്ടേറെ കവിതകള്‍ എഴുതി. മൂന്നു നാലു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

പക്ഷേ ആദ്യം പ്രസിദ്ധീകരിച്ചത് നോവലാണ് - അംബാദേവി. വേറൊരു ആഖ്യായിക കൂടി എഴുതിയിട്ടുണ്ട് - -- കല്യാണസൗധം. ടിപ്പുവിന്‍റെ പടപേടിച്ച് മലബാറില്‍ നിന്ന് തിരുവിതാംകൂറില്‍ അഭയം നേടിയ ഒരു സാമൂതിരിയെക്കുറിച്ചുള്ള ഒരു കല്‍പ്പിതകഥ.

അതിസുന്ദരമായ ഒരു നോവലാണ് ഇത്. അതിനുകിട്ടേണ്ട പ്രശസ്തി ഒന്നും കിട്ടാതെ പോയി. 1935ല്‍ ആദ്യം പ്രസിദ്ധീകരിച്ച അതിന്‍റെ രണ്ടാം പതിപ്പ് 1960ലാണ് വരുന്നത്. അതില്‍ ചെറിയ ഒരു പങ്ക് എനിക്കുമുണ്ട്.


ഷേക്സ്പിയര്‍ വേലായുധന്‍നായരുമായുള്ള സൗഹൃദം

അച്ഛന് 1927-28 മുതല്‍ വളരെയടുത്ത ഒരു സുഹൃത്തുണ്ടായിരുന്നു. കായംകുളത്തുകാരന്‍ വേലായുധന്‍ നായര്‍. രണ്ടു പേരും ഇംഗ്ളീഷ് ഐച്ഛികവിഷയമായി എടുത്താണ് ബിരുദാനന്തരബിരുദം നേടിയത്.

വേലായുധന്‍ നായര്‍ സാര്‍ പില്‍ക്കാലത്ത് കേരളം മുഴുവന്‍ അറിയപ്പെട്ട ഇംഗ്ളീഷ് പ്രഫസറായി - ഷേക്സ്പിയര്‍ വേലായുധന്‍ നായര്‍.1995 മാര്‍ച്ച് എട്ടിനാണ് അച്ഛന്‍റെ മരണം. അതും കഴിഞ്ഞ് ഒട്ടേറെ നാള്‍ കഴിഞ്ഞിട്ടാണ് വോലായുധന്‍ നായര്‍ സാര്‍ മരിക്കുന്നത് (2004 സെപ്റ്റംബര്‍).

അച്ഛന്‍ കല്യാണസൗധം എഴുതുന്നകാലത്തു തന്നെ വേലായുധന്‍ നായര്‍ സാറിനോട് കഥ മുഴുവന്‍ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു.

കല്യാണസൗധത്തിന്‍റെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിക്കാന്‍ നിശ്ഛയിച്ചപ്പോള്‍ അച്ഛന്‍ വോലുയധന്‍ നായര്‍ സാറിനെയും കൂട്ടി ശൂരനാട്ടുള്ള വീട്ടില്‍ ചെന്നു. കൂട്ടത്തില്‍ മെഡിസിന്‍ പഠിക്കാന്‍ അക്കൊല്ലം കയറിയ ഞാനുമുണ്ടായിരുന്നു. അന്നു സന്ധ്യ മയങ്ങിയ കാലത്താണ് കല്യണസൗധത്തിന്‍റെ രണ്ടാം പതിപ്പിന്‍റെ അവതാരിക വേലായുധന്‍ നായര്‍ സാര്‍ തന്നെ എഴുതണമെന്ന് അച്ഛന്‍ നിര്‍ദേശിച്ചത്.


ഒരു മലയാളം വാക്കും ചില ഓര്‍മ്മകളും

ശൂരനാട്ടെ പായ്ക്കാട് വീട്ടിന്‍റെ കോലായില്‍ മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍ അവര്‍ പുസ്തകവുമായി ഇരുന്നു. വേലായുധന്‍ നായര്‍ സാര്‍ പറയുന്നത് കേട്ട് എഴുതിയെടുക്കാന്‍ ഞാനും. അദ്ദേഹം ആദ്യം ഇംഗ്ളീഷിലാണ് പറയുക. പിന്നെ അതിന് മലയാള തര്‍ജമ.മലയാളവാക്കുകള്‍ അദ്ദേഹത്തിന് പെട്ടെന്ന് കിട്ടാതെ വരുമ്പോള്‍ അച്ഛന്‍ പറഞ്ഞു കൊടുക്കും.

ഏതു വാക്കിന് എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. സാര്‍ പറഞ്ഞ ഒരു ഇംഗ്ളീഷ് വാക്കിനുള്ള മലയാളപദം പെട്ടെന്ന് എനിക്ക് തോന്നിയത് ഞാന്‍ കയറി പറഞ്ഞു. അച്ഛന്‍റെ മുന്നില്‍ വച്ച് അതൊരു വങ്കത്തമായോയെന്ന് ഉടനെ തോന്നുകയും ചെയ്തു.

പക്ഷെ വേലായുധന്‍ നായര്‍ സാര്‍ പറഞ്ഞു. ഏയ് രാജന്‍ ചില്ലറക്കാരനല്ലല്ലോ? താന്‍ പറഞ്ഞ വാക്ക് മതി, വളരെ യുക്തമായി അത്, അതുതന്നെ എഴുതിക്കോ.

ഒരു മണിക്കൂറോളം എടുത്തു അവകാരിക മുഴുവന്‍ പറഞ്ഞുതരാന്‍. അതിന്‍റെ ഒരു നല്ല കോപ്പി കൂടി ഞാന്‍ ഉണ്ടാക്കിക്കഴിഞ്ഞപ്പോഴേക്കും രാത്രി പതിനൊന്ന് കഴിഞ്ഞു. പിറ്റേന്ന് രാവിലെതന്നെ ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്തു.

കുറച്ചു നാളുകള്‍ക്ക് മുമ്പ് ഞാന്‍ ആ പഴയനോവല്‍ ഒന്നു കൂടി വായിച്ചു. വെറും അഹന്തകൊണ്ടാവാം ഞാനന്നു നിര്‍ദ്ദേശിച്ച വാക്കേതാവാം എന്നു കൂടി തിരഞ്ഞു. 45 കൊല്ലത്തിന് മുമ്പ് നിര്‍ദ്ദേശിച്ച ആ വാക്ക് തെരഞ്ഞെപ്പോള്‍ അവരുടെ സുഹൃദ്ബന്ധവും, ആ ദിവസത്തിന്‍റെ മധുരസ്മരണകളും സുഖകരമായി തോന്നി.



Share this Story:

Follow Webdunia malayalam