മലയാളത്തിന്‍റെ സാരസ്വതം
പ്രൊഫ.കെ.പി.നാരായണ പിഷാരടിയുടെ ചരമവാര്‍ഷികം
മലയാളത്തിന്‍റെ പ്രൗഢ സാരസ്വതമായിരുന്നു പണ്ഡിതരത്നം പ്രൊഫ.കെ.പി.നാരായണ പിഷാരടി.
സംസ്കൃതത്തിലുള്ള അദ്ദേഹത്തിന്‍റെ അവഗാഹം സാഹിത്യം, കല തുടങ്ങിയ മേഖലകളില്‍ മലയാളത്തിന് അനുഗ്രഹമായി മാറി. ആര്‍ക്കും സംശയ നിവൃത്തി വരുത്താവുന്ന വിജ്ഞാന കോശമായിരുന്നു അദ്ദേഹം.
1909 ഓഗസ്റ്റ് 23ന് തിങ്കളാഴ്ച പഴനെല്ലിപ്പുറത്ത് പിഷാരത്ത് ജനിച്ചു. അമ്മ നാരായണിക്കുട്ടി പിഷാരസ്യാര്‍. അച്ഛന്‍ ശുകപുരത്തടുത്ത് പുതുശ്ശേരി മനയ്ക്കല്‍ പശുപതി നന്പൂതിരി. അനിയനും രണ്ട് സഹോദരിമാരും ഉള്‍പ്പെട്ടതായിരുന്നു കുടുംബം.
സുപ്രസിദ്ധ സംസ്കൃത പണ്ഡിതനായ പുന്നശ്ശേരി നീലകണ്ഠ ശര്‍മ്മ നടത്തിവന്നിരുന്ന സംസ്കൃത കോളജില്‍ ചേര്‍ന്ന് പഠിച്ച് സാഹിത്യ ശിരോമണി പരീക്ഷ പാസായി. ഉടന്‍ തന്നെ തൃത്താല സംസ്കൃത സ്കൂളില്‍ അധ്യാപകനായി ജോലി നേടുകയും ചെയ്തു.
പിന്നീട് കോഴിക്കോട് ഗണപത് ഹൈസ്കൂളിലും മധുര അമേരിക്കന്‍ കോളേജിലും അധ്യാപക ജോലിയില്‍ തുടര്‍ന്നു. പിന്നീട് 1948 ല്‍ തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ അധ്യാപകനായി ചേര്‍ന്നു.
33-ാം വയസ്സില്‍ ആറങ്ങോട്ട് പിഷാരത്ത് നിന്ന് പാപ്പിക്കുട്ടിയെ വിവാഹം ചെയ്തു. രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടായി. 1992 ഡിസംബറില്‍ ഭാര്യ അദ്ദേഹത്തെ വിട്ടുപിരിഞ്ഞു.
സംസ്കൃത ഭാഷയ്ക്കും മലയാളത്തിനും നല്‍കിയ സംഭാവനകള്‍ അതുല്യമായവയാണ്. തൃശൂര്‍ കേരള വര്‍മ്മയില്‍ യു.ജി.സി പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നതിനിടയില്‍ കൂടിയാട്ടത്തിന്‍റെ നവോത്ഥാനത്തിനിടയാക്കിയ പ്രബന്ധ രചനയും നാട്യ ശാസ്ത്ര വിവര്‍ത്തനവും നടത്തിയത്.
ഭരത മുനിയെ ആദ്യമായി പരിചയപ്പെടുത്തിയതിന്‍റെ നേട്ടവും നാരായണ പിഷാരടിക്കു തന്നെയാണുള്ളത്.
കൊടുങ്ങല്ലൂര്‍ തന്പുരാന്‍റെ രാമചരിതത്തിന് വ്യാഖ്യാനവും ശ്രീകൃഷ്ണ ചരിതം മണിപ്രവാളത്തിനും കേശവീയത്തിനും മറ്റും രചിച്ച സംസ്കൃത പരിഭാഷയും പ്രസിദ്ധങ്ങളാണ്.
ശ്രുതി മണ്ഡലം, മണിദീപം, കൂത്തന്പലങ്ങളില്‍ കാളിദാസന്‍റെ ഹൃദയം തേടി എന്നീ ഒട്ടനവധി ഗ്രന്ഥങ്ങള്‍ നാരായണ പിഷാരടിയുടെ വകയായിട്ടുണ്ട്.
സാഹിത്യ രത്നം, പണ്ഡിതരത്നം, പണ്ഡിത കുലപതി, ഡിലിറ്റ് ബിരുദം, കേന്ദ്ര സാഹിത്യ സംഗീത അക്കാഡമിയുടെ അവാര്‍ഡുകള്‍, രാഷ്ട്രപതിയുടെ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1963 ല്‍ വിശ്വസംസ്കൃത പ്രതിഷ് ഠാനം അദ്ദേഹത്തിന് നല്‍കിയ പണ്ഡിതരത്നം ബഹുമതിയാണ് അദ്ദേഹം അവസാനം വരെ തന്‍റെ പേരിനൊപ്പം ചേര്‍ത്തിരുന്നത്.
വിശ്വ സംസ്കൃത പ്രതിഷ്ഠാനത്തിന്‍റെ രക്ഷാധികാരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. കോഴിക്കോട് രേവതി പട്ടത്താനത്തിലും തൃപ്പൂണിത്തുറയിലും നടത്തിയിരുന്ന വാക്യാര്‍ത്ഥ സഭയിലെ ശക്തനായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന് ആദ്യമായി കിട്ടിയ അവാര്‍ഡ് കൊച്ചി മഹാരാജാവില്‍ നിന്നും കിട്ടിയ സാഹിത്യ നിപുണന്‍ അവാര്‍ഡായിരുന്നു.
സംസ്കൃതം പഠിക്കുക, സംസ്കാരത്തിന്‍റെ ഉറവയെ തേടുക എന്നതായിരുന്നു അദ്ദേഹം വളരുന്ന തലമുറയ്ക്ക് നല്‍കിയ സന്ദേശം.