ജനനം: 1915 ഏപ്രില്‍ 28
മരണം: 1989 മെയ് 28
മുട്ടത്തു വര്‍ക്കി മലയാളത്തിലെ ജനകീയനായ എഴുത്തുകാരനായിരുന്നു.
ശരാശരി മലയാളിയെ വായനയുടെ അത്ഭുത ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ സാഹിത്യ മാന്ത്രികനായിരുന്നു. ഭാഷയില്‍ ഏറ്റവും കൂടുതല്‍ നോവലുകള്‍ എഴുതിയതും അദ്ദേഹം തന്നെ. 2008ല്‍ അദ്ദേഹം വിട്ടുപിരിഞ്ഞിട്ട് 20 വര്‍ഷമാവുന്നു
കാവ്യലോകത്തിന് ചങ്ങമ്പുഴയുടെ സംഭാവന എന്തോ അതാണ് നോവല്‍ സാഹിത്യത്തിന് മുട്ടത്തു വര്‍ക്കി നല്‍കിയതെന്ന് ഇപ്പോള്‍ പതുക്കെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ പാടാത്ത പൈങ്കിളിയുടെ സുവര്‍ണ്ണജൂബിലി വര്‍ഷമായിരുന്നു 2005.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ വരാപ്പുഴയില്‍ 1915 ഏപ്രില്‍ 28 നാണ് മുട്ടത്ത് വര്‍ക്കി ജനിച്ചത് . 21 കൊല്ലം ദീപിക പത്രത്തില്‍ സഹപത്രാധിപരായിരുന്നു.
1989 മെയ് 28 നാണ് ആ പൈങ്കിളിയുടെ പാട്ട് നിലച്ചത്. മലയാളത്തിലെ ജനപ്രിയ നോവലുകളുടെ തുടക്കക്കാരന്‍ കോട്ടയത്ത് അന്തരിച്ചു.
ഇരുനൂറോളം കൃതികള്‍ രചിച്ചു. അതില്‍ നോവലുകളും ചെറുകഥകളും കവിതകളും വിവര്‍ത്തനങ്ങളുമെല്ലാം പെടുന്നു. മുട്ടത്തുവര്‍ക്കിയുടെ 30 നോവലുകള്‍ സിനിമയായിട്ടുണ്ട്
ബോറിസ് പാസ്റ്റര്‍നാക്കിന്‍റെ ഡോ ഷിവാഗൊ എന്ന നോവല്‍ മുട്ടത്തുവര്‍ക്കി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്‍റെ കൃതികളില്ലായിരുന്നുവെങ്കില്‍ സാക്ഷരതയില്‍ നൂറു ശതമാനം മികവ് കൈവരിക്കാനുള്ള കെല്‍പ്പ് കേരളത്തിനുണ്ടാകുമായിരുന്നോ ? സംശയമാണ്.
മുട്ടത്തു വര്‍ക്കി എന്ന പ്രേമ ശില്പി
പ്രേമശില്‍പിയാണ് മുട്ടത്തു വര്‍ക്കി. ഒരു കാലത്ത് പ്രണയത്തിനും പ്രണയ സല്ലാപങ്ങള്‍ക്കും മുട്ടത്തു വര്‍ക്കിയുടെ മൊഴികളായിരുന്നു തുണയായിരുന്നത്. ആ കാലഘട്ടത്തിലെ യുവാക്കളുടെ സൗന്ദര്യ സങ്കല്‍പങ്ങളെ നിറം പിടിപ്പിച്ചിരുന്നതും അദ്ദേഹത്തിന്‍റെ എഴുത്തായിരുന്നു.
പില്‍ക്കാലത്ത് ചില ബുദ്ധിജീവികളും എഴുത്തുകാരും മുട്ടത്തു വര്‍ക്കിയുടെ രചനകളെ പൈങ്കിളി സാഹിത്യം എന്നുവിളിച്ച് ആക്ഷേപിച്ചു. ആ ആക്ഷേപം പക്ഷെ അദ്ദേഹത്തിന്‍റെ കൃതികളുടെ പ്രസക്തിയും ലാളിത്യവും ശതഗുണീഭവിപ്പിക്കുകയാണുണ്ടായത്.
പട്ടുതൂവാല, അഴകുള്ള സെലീന, പാടാത്ത പൈങ്കിളി, ഇണപ്രാവുകള്‍, കരകാണാക്കടല്‍, അക്കരപ്പച്ച , മൈലാടും കുന്ന് തുടങ്ങിയ മുട്ടത്തു വര്‍ക്കിയുടെ ഒട്ടേറെ കഥകള്‍ ജനപ്രിയ സിനിമകളായി മാറിയിട്ടുണ്ട്.
ആത്മാഞ്ജലിയാണ് കവിതാ സമാഹാരം കല്യാണരാത്രി ചെറുകഥാ സമാഹാരവും.മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ ഇപ്പോല്‍ മലയാള കഥാനോവല്‍ സാഹിത്യത്തിന് വര്‍ഷം തോറും അവാര്‍ഡ് നല്‍കുന്നുണ്ട്.
ജീവിക്കുക, എഴുതുക എന്നതായിരുന്നു മുട്ടത്തു വര്‍ക്കിയുടെ ജീവിത ദര്‍ശനം. അദ്ദേഹം ജീവിച്ചു, എഴുതി, ധാരാളം കുട്ടികളുണ്ടായി ; ധാരാളം കൃതികളും !
ഇടത്തരക്കാരായ ദരിദ്ര ക്രിസ്ത്യാനികളുടെ ദീന ദൈന്യതകളും പണക്കാരുടെ ക്രൂര അതിക്രമങ്ങളും അവതരിപ്പിച്ച് വായനക്കരെ വികാരതരളിതരും അവേശഭരിതരുമാക്കാന്‍ മുട്ടത്തു വര്‍ക്കിക്ക് കഴിഞ്ഞു.
മാനുഷികബന്ധങ്ങള്‍ക്കും പ്രണയത്തിനും എതിരു നില്‍ക്കുന്ന സാമൂഹിക , മത നീതികളെ അദ്ദേഹം പരിഹസിച്ചുപണം കൊടുത്ത് പുസ്തകം വാങ്ങി വായിക്കാന്‍ കഴിയാത്തവര്‍ക്ക് മുന്‍പില്‍ ഒരു കാലത്ത് മുട്ടത്തു വര്‍ക്കിയുടെ കഥകള്‍ ആഴ്ചപ്പതിപ്പുകളിലെ പരന്പരകളായിയെത്തി.
അതോടെ വായന കേരളത്തിന്‍റെ ജീവല്‍ സംസ്കാരമായി മാറി
വലുപ്പച്ചെറുപ്പമില്ലാതെ പണ്ഡിത പാമര ഭേദമില്ലാതെ എല്ലാവരും മുട്ടത്തു വര്‍ക്കിയുടെ കഥകളും കവിതകളും വായിച്ച് ആസ്വദിച്ചു പോന്നു
നാലിലും അഞ്ചിലും പത്തിലുമൊക്കെ പഠിത്തം നിര്‍ത്തി വീട്ടു ജോലികളുടെയും കൂലിപ്പണികളുടെയും ലോകത്തേക്ക് ഒതുങ്ങിപ്പോയ വലിയൊരു വിഭാഗം സ്ത്രീ പുരുഷന്മാരുടെ വായനാ വൈഭവത്തെ ദീപ്തമാക്കി നിര്‍ത്തിയത് മുട്ടത്തു വര്‍ക്കിയുടെ രചനകളായിരുന്നു. അവരുടെ ഇഷ്ട എഴുത്തുകാരനായിരുന്നു അദ്ദേഹം.
ഞാന്‍ വായനക്കാരോട് നേരിട്ടിടപഴകുന്നു എന്ന് മുട്ടത്തു വര്‍ക്കി പറയാറുണ്ട്. അതെ, ജനങ്ങള്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്താന്‍, സാഹിത്യ ലോകത്ത് പ്രതിഷ്ഠിക്കാന്‍ ഇടനിലക്കരോ നിരൂപകരോ വേണ്ടായിരുന്നു (ഇല്ലായിരുന്നു)
കേരളത്തിലെ മിക്ക പത്ര ഫീച്ചറുകളിലും നാമിന്ന് കാണുന്നത് മുട്ടത്തു വര്‍ക്കിയുടെ കാല്‍പനിക രചനാ ശൈലിയാണ്. അദ്ദേഹം എടുത്തു പെരുമാറി പതിഞ്ഞ ലളിത കോമള പദാവലികളാണ് കാല്‍പനിക സൗന്ദര്യ ആവിഷ്കാരത്തിന് ഇന്നും പലരും മുട്ടത്തു വര്‍ക്കിയെ കടം കൊള്ളാറുണ്ട്.
Follow Webdunia malayalam