ഫ്രഞ്ച് ദാര്‍ശനികനും, എഴുത്തുകാരനുമായ ഷാന്‍ഷാക് റൂസ്സോയുടെ ചരമ ദിനമാണ് ജൂലായ് രണ്ട്.
അദ്ദേഹം മരിച്ചിട്ട് 2008ല്‍ 230വര്‍ഷം തികയുന്നു. വിദ്യാഭ്യാസ വീക്ഷണങ്ങളും സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ദാര്‍ശനിക വിപ്ളവവും റൂസോയെ മറ്റു ചിന്തകരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു.
1712 ജൂണ്‍ 28 ന് സ്വിറ്റ്സര്‍ലണ്ടിലെ ജനീവയിലാണ് ഷാന്‍ഷാക് റൂസോ ജനിച്ചത്. റൂസോ ജനിച്ച് കുറെ നാള്‍ കൂടിയേ റൂസോയുടെ അമ്മ ജീവിച്ചിരുന്നുള്ളൂ.
റൂസോയുടെ അച്ഛന്‍ ഏതോ ചെറിയ പൊലീസ് കേസില്‍പ്പെട്ട് ശിക്ഷിക്കപ്പെട്ടു. അപ്പോള്‍ 10 വയസ് മാത്രമുണ്ടായിരുന്ന റൂസോ കൊത്തുപണി പോലുള്ള ജോലികളില്‍ ഏര്‍പ്പെട്ടു.
പതിനാറാമത്തെ വയസില്‍ ജനീവയില്‍ നിന്നും ഓടിപ്പോയ റൂസോ, ഒടുവില്‍ പാരീസിലാണ് യാത്ര അവസാനിപ്പിച്ചത്. ഇതിനിടയില്‍ പല പല ജോലികള്‍ ചെയ്തു. ഒടുവില്‍ സംഗീതാധ്യാപകനായി നിയമിതനായ റൂസോ വിജ്ഞാന കോശങ്ങള്‍ക്കു വേണ്ടി എഴുത്തിത്തുടങ്ങി.
സാമൂഹിക വ്യവസ്ഥയ്ക്കെതിരെ
ആധുനിക തത്വ ചിന്തയുടെ കടലിലേയ്ക്ക് റൂസോ ഇറങ്ങുകയായിരുന്നു. മനുഷ്യ മനസിന്‍റെ വികാരങ്ങളെയും സംഘര്‍ഷങ്ങളെയും തുടങ്ങിയ ലോകത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ചയോടെ എഴുതാന്‍ റൂസോയ്ക്ക് കഴിഞ്ഞു. കൃത്രിമമായ സാമൂഹ്യ നിയമവ്യവസ്ഥകള്‍ പലപ്പോഴും അനീതിയെ സംരക്ഷിക്കുന്നതായി റൂസോയ്ക്ക് തോന്നി.
ആദ്യത്തെ പ്രധാനകൃതികളായ ഡിസ്കോഴ്സ് ഓഫ് ദി ഇന്‍ഫ്ളുവന്‍സ് ഓഫ് ലേണിങ് ആന്‍റ് ആര്‍ട്ട്, ഡിസ്കോഴ്സ് ഓഫ് ദി ഒറിജിന്‍ ഓഫ് ഇനിക്വാളിറ്റി എന്നിവ സാമൂഹ്യ വ്യവസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു.
സൗഹൃദത്തെയും അസൂയയെയും പറ്റി നീണ്ട ലേഖനങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ വിരുദ്ധാവസ്ഥയെപ്പറ്റിയുല്ല ചിന്തകള്‍, അസമത്വങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധം ഇവകൊണ്ട് ഫ്രഞ്ച് സമൂഹത്തെയാകെ മാറ്റി മറിക്കുകയായിരുന്നു റൂസോ. റൂസോയുടെ ചിന്തകള്‍ക്ക് വേഗം പ്രചാരം ലഭിക്കുകയും കൂടുതല്‍ പഠനങ്ങള്‍ക്കായി റൂസോ സമയം ചെലവഴിക്കുകയും ചെയ്തു.
സോഷ്യല്‍ കോണ്‍ട്രാക്ട്
ഫ്രഞ്ച് ചിന്തയാകെ പുതിയൊരു വിപ്ളവത്തിന്‍റെ പാതയിലെത്തിച്ച കൃതിയാണ് റൂസോയുടെ സോഷ്യല്‍ കോണ്‍ട്രാക്ട്. ഇതില്‍ പറയുന്ന രാഷ്ട്രീയ ദര്‍ശനങ്ങളും മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധവും നവീനമായ ഒരു ചിന്താലോകമാണ് ഫ്രാന്‍സിന് സമ്മാനിച്ചത്.
മുന്‍പ് എന്തെങ്കിലും ദരിദ്രരചനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിനുള്ള പരിഹാരം എന്ന നിലയിലാണ് റൂസോ സോഷ്യല്‍ കോണ്‍ട്രാക്ടിനെ അവതരിപ്പിച്ചത്.
നോവല്‍ - എമിലെ
നൂതന വിദ്യാഭ്യാസ വീക്ഷണങ്ങള്‍ അവതരിപ്പിച്ച എമിലെ എന്ന നോവല്‍ റൂസോയ കൂടുതല്‍ പ്രശസ്തനാക്കി. കത്തു രൂപത്തിലുള്ള ലാ നോവല്ലെ ഹെലോയിസ് എന്ന നോവലും 1760 കാലഘട്ടത്തിലിറങ്ങിയതാണ്
സോഷ്യലിസത്തെയും കമ്യൂണിസത്തെയും പറ്റിയുള്ള റൂസോയുടെ ചിന്തകള്‍ ഇന്ന് ലോകം മുഴുവന്‍ പാഠ്യവിഷയമാക്കുന്നു. സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവയ്ക്ക് വേണ്ടിയാണ് ഒരു സര്‍ക്കാര്‍ നിലകൊള്ളേണ്ടതെന്ന് റൂസോ തന്‍റെ പ്രബന്ധങ്ങളില്‍ പറയുന്നു. രാഷ്ട്രീയ തത്വചിന്തയെ നൂതനരൂപത്തിലവതരിപ്പിച്ച ദാര്‍ശനികനായിരുന്നു റൂസോ.
പാരീസിലെ ഒരു മനോരോഗാശുപത്രിയില്‍ 1778 ജൂലായ് രണ്ടിനാണ് റൂസോ മരിക്കുന്നത്. റൂസോയുടെ ലോക പ്രശസ്തമായ ആത്മകഥ കണ്‍ഷെന്‍സ് മരണാനന്തരമാണ് പ്രസിദ്ധീകരിച്ചത്.