വൈലോപ്പിള്ളി: മലയാളത്തിന്‍റെ കാവ്യധന്യത
ജനനം 1911 മെയ്11 ; മരണം 1985 ഡീസംബര്‍ 22
കാല്പനികതയുടെ പിടിയില്‍ വല്ലാതെ അമര്‍ന്നുപോയ മലയാള കവിതാ ശാഖയെ ആധുനികതയുടെ നിറവസന്തത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ കവിയായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍.1985 ഡീസംബര്‍ 22 ന് അദ്ദേഹം അന്തരിച്ചു .
എറണാകുളത്തെ കലൂരില്‍ 1911 മെയ് 11നാണ് ശ്രീധരമേനോന്‍ ജനിച്ചത്. മഹാരാജാസ് കോളേജില്‍ നിന്നും ശാസ്ത്രത്തില്‍ ബിരുദം നേടിയ ശ്രീധരമേനോന്‍ ഹൈസ്കൂള്‍ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. ശ്രീ എന്ന തൂലികാ നാമത്തില്‍ കവിതകള്‍ എഴുതിത്തുടങ്ങി.
പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ ആദ്യ പ്രസിഡന്‍റായിരുന്നു ശ്രീധരമേനോന്‍. 1947 ല്‍ പ്രസിദ്ധീകരിച്ച കന്നിക്കൊയ്ത്താണ് ആദ്യ കാവ്യ സമാഹാരം.
കന്നിക്കൊയ്ത്തോടെ മലയാളത്തില്‍ ഒരു ഭാവുകത്വ പരിവര്‍ത്തനത്തിന് തുടക്കം കുറിക്കുകയായിരുന്നു വൈലോപ്പിള്ളി. ആധുനികമായ ജിവിതബോധത്തിന്‍റെ വെളിച്ചത്തില്‍ കേരളീയനുഭവങ്ങളുടെ ആഴവും സങ്കീര്‍ണ്ണതയും അദ്ദേഹം ആവിഷ്കരിച്ചു. കനവും കാതലുമുള്ള കവിതകളായിരുന്നു വൈലോപ്പിള്ളിയുടേത്.
സാമൂഹ്യജീവിത ചിത്രീകരണത്തിന് പുതിയൊരു മാതൃക കാട്ടിയ കുടിയൊഴിക്കല്‍ എന്ന കവിതയില്‍ ആധുനിക ജീവിതത്തിലെ അസ്വാസ്ഥതകളും മൂല്യബോധ പരിവര്‍ത്തനവും ശക്തമായി ചിത്രീകരിച്ചു. കടല്‍ക്കാക്കകള്‍, യുഗപരിവര്‍ത്തനം, കണ്ണീര്‍പ്പാടം തുടങ്ങിയ വൈലോപ്പിള്ളി കവിതകള്‍ കേരളത്തിലെ സാമൂഹ്യ പരിവര്‍ത്തനത്തെ ആന്തികാനുഭൂതികളോടെ ആവിഷ്കരിച്ചവയാണ്.
യുക്തിചിന്ത, ശാസ്ത്രീയത, പുരോഗതി, പാശ്ഛാത്യാധുനികത, ചരിത്രപരത, നവലോകസ്വപ്നം തുടങ്ങിയ വൈലോപ്പിള്ളിയുടെ ഭാവനയില്‍ വാസന്തനാദം സൃഷ്ടിച്ചു. കാവ്യാത്മകമായ അച്ചടക്കവും സുനിയന്ത്രിതത്വവുമാണ് വൈലോപ്പിള്ളിക്കവിതകളുടെ പ്രത്യേകത.
കന്നിക്കൊയ്ത്ത്, ശ്രീരേഖ, കുടിയൊഴിക്കല്‍, ഓണപ്പാട്ടുകള്‍, കുന്നിമണികള്‍, വിത്തും കൈക്കൊട്ടും, കടല്‍ക്കാക്കകള്‍, കുരുവികള്‍, കയ്പവല്ലരി, അന്തി ചായുന്നു, കൃഷ്ണമൃഗങ്ങള്‍, പച്ചക്കുതിര, മുകുളമാല, വിട, മകരക്കൊയ്ത്ത്, മിന്നാമിന്നി എന്നീ കവിതാസമാഹാരങ്ങളും ഋഷ്യശൃംഗനും അലക്സാണ്ടറും എന്ന നാടകവും കാവ്യലോകസ്മരണകള്‍ എന്ന ഓര്‍മ്മക്കുറിപ്പും രചിച്ചിട്ടുണ്ട്.
കയ്പവല്ലരിക്ക് കേരളസാഹിത്യ അക്കാദമി പുരസ്കാരം, വിടയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, മകരക്കൊയ്ത്തിന് വയലാര്‍ അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വൈലോപ്പിള്ളി യുടെ ഒരു കവിത
തുന്പപ്പൂ
മാനിച്ചോരോ മലരുകള്‍ ചെന്നൂ
മാബലി ദേവനെയെതി െ രക്കാന്‍
തങ്കച്ചാറില്‍ തനുമിന്നും പടി
മുങ്ങിച്ചെന്നൂ മുക്കുറ്റി
പാടലമാം പട്ടാടയൊടെത്തി
പാടത്തുള്ളൊരു ചിറ്റാട
ആന്പലിനുണ്ടു കിരീടം, നെല്ലി-
ക്കഴകിലുമുണ്ടൊരു സൗരഭ്യം!
കരള്‍ കവരുന്നൊരു നിറമോ മണമോ
കണികാണാത്തൊരു തുന്പപ്പൂ
വ്രീളയൊതിക്കിയണഞ്ഞു, കാലടി
പോലെയിരിക്കും തുന്പപ്പൂ!
ദേവന്‍ കനിവൊടു നറുമുക്കുറ്റി-
പ്പൂവിനെ െ യാന്നു കടക്ഷിച്ചു.
കുതുകാല്‍ത്തടവി ചിറ്റാടപ്പൂ
കൂടുതലൊന്നു തുടുപ്പിച്ചു
ആന്പലിനേകി പുഞ്ചിരി നെല്ലി-
പ്പൂണ്‍പിനെയന്പൊടു ചുംബിച്ചു
പാവം തുന്പയെ വാരിയെടുത്തഥ
ദേവന്‍ വച്ചൂ മൂര്‍ധാവില്‍!
പുളകം കൊള്ളുക തുന്പപ്പൂവേ
പൂക്കളില്‍ നീയേ ഭാഗ്യവതി!
വൈലോപ്പിള്ളി കഥാപാത്രമായി ചുള്ളിക്കട് എഴുതിയ കവിത
അന്നം
തൃശ്ശിവപേരൂര്‍ പൂരപ്പറന്പു കടന്നു ഞാന്‍
ഒട്ടിയ വയറുമായുച്ചയ്ക്കു കേറിച്ചെന്നു.
"ഇത്രമാത്രമേ ബാക്കി'യെന്നോതി വൈലോപ്പിള്ളി
ഇത്തിരി ചോറും മോരുമുപ്പിലിട്ടതും തന്നു.
ഞാനുണ്ണുന്നതു നോക്കിനില്ക്കുന്പോള്‍ മഹാകവി
താനറിയാതെ കുറച്ചുറക്കെപ്പറഞ്ഞുപോയ്;
"ആരു പെറ്റതാണാവോ പാവമിച്ചെറുക്കനെ.
ആരാകിലെന്ത്? അപ്പെണ്ണിന്‍ ജാതകം മഹാ കഷ്ടം.'
എനിക്കു ചിരി വന്നു; ബാഹുകദിനമുന്തി-
ക്കഴിക്കുമവിടുത്തെജ്ജാതകം ബഹുകേമം!
""കൂടല്‍മാണിക്യത്തിലെസ്സദ്യ നീയുണ്ടിട്ടുണ്ടോ?
പാടി ഞാന്‍ പുകഴ്ത്താം, കെങ്കേമമപ്പുളിങ്കറി.''
അപ്പോഴെന്‍ മുന്നില്‍നിന്നു മാഞ്ഞുപോയ് വൈലോപ്പിള്ളി.
മറ്റൊരു രംഗം കണ്ണില്‍ത്തെളിഞ്ഞു; പറഞ്ഞു ഞാന്‍:
""വംഗസാഗരത്തിന്‍റെ കരയില്‍ ശ്മശാനത്തില്‍
അന്തിതന്‍ ചുടല വെന്തടങ്ങും നേരത്തിങ്കല്‍
ബന്ധുക്കള്‍ മരിച്ചവര്‍ക്കന്തിമാന്നമായ് വെച്ച
മണ്‍കലത്തിലെച്ചോറു തിന്നതു ഞാനോര്‍ക്കുന്നു.''
മിണ്ടിയില്ലൊന്നും, ചെന്നു തന്‍ ചാരുകസാലയില്‍
ച്ചിന്തപൂണ്ടവിടുന്നു കിടന്നു കുറച്ചിട.
ഇന്നെനിക്കറിയാം; അക്കിടപ്പിലുണര്‍ന്നില്ലേ
അങ്ങതന്നുള്ളില്‍ജ്ജഗദ്ഭക്ഷകനാകും കാലം!
വൈലോപ്പള്ളിയുടെ സഹ്യന്‍റെ മകന്‍ എന്ന കവിതയില്‍ നിന്നും ഏതാനും വരികള്‍
ഉത്സവം നടക്കയാ-
ണന്പമുറ്റ, ത്തുയര്‍-
ന്നുജ്വലല്‍ ദീവെട്ടിക-
ളിളക്കും വെളിച്ചത്തില്‍.
പതയും നെറ്റിപ്പട്ട-
പ്പൊന്നരുവികളോലും
പതിനഞ്ചാനക്കരിം-
പാറകളുടെ മുന്പില്‍.
വാദ്യമേളത്തിന്‍ താള-
പാതത്തില്‍ തലയാട്ടി-
പ്പൂത്ത താഴ്വരപോലെ
മരുവീ പുരുഷാരം.
സംഘമായ് മുറുക്കിക്കൊ-
ണ്ടിരിക്കും ചിലര്‍ ചൊല്‍വൂ
തങ്ങളില്‍, ""കുറുന്പനാ-
ണാ നടുക്കെഴും കൊന്പന്‍.
പൊല്‍ത്തിടന്പേറിദ്ദേവന്‍
പെരുമാറുമാപ്പെരും
മസ്തകകടാഹത്തില്‍
മന്ത്രിപ്പൂ പിശാചുക്കള്‍.
മുഴുവന്‍ തോര്‍ന്നിട്ടില്ലാ-
മുന്‍മദജലം, പക്ഷേ,
യെഴുന്നള്ളത്തില്‍ക്കൂടി-
എന്തൊരു തലപ്പൊക്കം!