Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാമക്കല്‍മേട് കാഴ്ചയുടെ വിസ്മയം

മഞ്ഞ് മലനിര ഇടുക്കി രാമക്കല്‍മേട് പശ്ചിമഘട്ടം കുറവന്‍ പ്രതിമ രാമക്കല്‍മേട് കാഴ്ചയുടെ വിസ്മയം
PROPRD
മലയും പുഴയും മഞ്ഞും കടലോരവും പച്ചപ്പും കൂടിക്കലരുന്ന പ്രകൃതി സൌന്ദര്യത്തില്‍ കേരളത്തിനൊപ്പം തമിഴ്‌നാട് വരുമെന്ന് വിനോദ സഞ്ചാരികള്‍ക്ക് ഒരിക്കലും അഭിപ്രായമുണ്ടാകില്ല. എന്നാല്‍ കേരളത്തിന്‍റെ കിഴക്കേ അറ്റത്തെ രാമക്കല്‍മേടില്‍ നിന്നും തമിഴ്‌നാടിന്‍റെ സൌന്ദര്യം കാണുന്നവര്‍ക്ക് ഈ അഭിപ്രായം മാറിമറിഞ്ഞേക്കാം.

കേരള സൌന്ദര്യത്തിനു കൌതുകം പകരുന്ന പശ്ചിമ ഘട്ടത്തിന്‍റെ ഭാഗമാണ് രാമക്കല്‍മേട്. പച്ച നിറമാര്‍ന്ന മലനിരയും കുന്നുകളും ശുദ്ധമായ കാലാവസ്ഥയും തണുത്ത കാറ്റും. ഏറെ റൊമാന്‍റിക് മൂഡ് പകരുന്ന കാഴ്ചകള്‍ ഇടുക്കിയില്‍ നിന്നും 45 കിലോമീറ്റര്‍ അപ്പുറത്താണ്. ഒരു ടൂര്‍ പാക്കേജ് ഒരുക്കുമ്പോള്‍ തൊട്ടടുത്ത വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയും മൂന്നാറും കൂടി ഉള്‍പ്പെടുത്താം. തേക്കടി 40 കിലോമീറ്റര്‍ അകലെയും മൂന്നാര്‍ 75 കിലോമീറ്റര്‍ ദൂരെയും കിടക്കുന്നു.

കേരളത്തിനെയും തമിഴ്‌നാടിനെയും തമ്മില്‍ വേര്‍തിരിക്കുന്ന രാമക്കല്‍മേട്ടില്‍ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് നിന്നും 15 കിലോമീറ്റര്‍ യാത്ര ചെയ്ത് എത്താനാകും. സ്വതവേ ഉയര്‍ന്നു നില്‍ക്കുന്ന പ്രദേശമായ ഇടുക്കിയില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്ടിലെ കിഴ്ക്കാം തൂ‍ക്കായ മലനിരയില്‍ നിന്നുള്ള തമിഴ്നാടിന്‍റെ കാഴ്ച മനോഹരമായ ഒന്നാണ്.

തമിഴ്നാട്ടിലെ ചുവന്ന മണ്ണും പച്ചപ്പും കൃഷിയിടങ്ങളും കുന്നുകളും ഒരു പെയിന്‍റിംഗ് കാണുന്ന പ്രതീതിയാണ് നല്‍കുന്നത്. ശക്തമായി വീശിയടിക്കുന്ന കാറ്റ് അകമ്പടി സേവിക്കുന്ന ഈ പ്രദേശത്ത് എത്തുന്ന സഞ്ചാരികളെ കോടമഞ്ഞ് തണുപ്പന്‍ കോട്ട് പുതപ്പിക്കും. ഏറെ ഉയരത്തില്‍ ആണെങ്കിലും തണുത്ത കാറ്റിനൊപ്പം വീശുന്ന കോടമഞ്ഞ് തമിഴ്‌നാടിന്‍റെ സൌന്ദര്യം ചിലപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ അപ്രത്യക്ഷമാക്കിയേക്കാനും മതി.

മഞ്ഞും കാറ്റും മലനിരയും പ്രകൃതി സൌന്ദര്യവും കൌതുകം വിതയ്‌ക്കുന്ന രാമക്കല്‍ മേട്ടിലെ മറ്റൊരു സൌന്ദര്യക്കാഴ്ച സൂര്യാസ്തമയമാണ്. മഞ്ഞും കാറ്റും സംഗമിക്കുന്ന മലനിരയില്‍ തമിഴ്‌നാട് വീക്ഷിക്കുന്ന കുറവന്‍റെയും കുറത്തിയുടേയും കുട്ടിയുടേയും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രം കൂടിയാണിത്. കോട്ടയത്തു നിന്നും മൂന്നാറില്‍ നിന്നും എറണാകുളത്തു നിന്നും ഈ ഭാഗത്തേക്ക് ബസ് ലഭിക്കും. ഏറ്റവും അടുത്ത റയില്‍‌വേ സ്റ്റേഷന്‍ ചങ്ങനാശ്ശേരിയാണ്. വിമാനത്താവളം മധുരയും നെടുമ്പാശ്ശേരിയും. മധുരയില്‍ നിന്നും 140 കിലോമീറ്ററും നെടുമ്പാശ്ശേരിയില്‍ നിന്നും 190 കിലോമീറ്ററും മാറിയാണ് രാമക്കല്‍മേട് സ്ഥിതി ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam