Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോളി വര്‍ഗീസ് - കണ്ണീരുപ്പ് കലര്‍ന്ന കലയും ജീവിതവും

ബിജു ഗോപിനാഥന്‍

പോളി വര്‍ഗീസ് - കണ്ണീരുപ്പ് കലര്‍ന്ന കലയും ജീവിതവും
, വ്യാഴം, 13 ഒക്‌ടോബര്‍ 2011 (20:25 IST)
മൊസാര്‍ട്ട് ചേംബറില്‍ പോളി വര്‍ഗീസ്
സംഗീതം മധുരമാണ്. എന്നാല്‍ വാക്കുകള്‍ പലപ്പോഴും അങ്ങനെയല്ല. മധുരമായ സംഗീതം പകര്‍ന്നുനല്‍കുമ്പോഴും മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് ജീവിതത്തേക്കുറിച്ചുള്ള പുതിയ ആശയങ്ങള്‍ പങ്കുവയ്ക്കുകയാണ് സംഗീതജ്ഞനായ പോളി വര്‍ഗീസ്. മനുഷ്യന്‍റെ കണ്ണീരിന്‍റെ വിലയറിയുന്നവനാണ് കലാകാരനെന്നും, അവന്‍റെ കല കണ്ണീര്‍ ജനിപ്പിക്കുന്നതാകണമെന്നും പോളി പറയുന്നു.

ഇന്ത്യയില്‍ മോഹനവീണ വായിക്കുന്നവരെ വിരലില്‍ എണ്ണാം. അവരില്‍ പ്രധാനിയാണ് പോളി. മഹാസംഗീതകാരന്‍ വിശ്വമോഹന്‍ ഭട്ടിന്‍റെ മുഖ്യശിഷ്യന്‍. സംഗീതവും അഭിനയവും ഒരുപോലെ കൊണ്ടുപോകുന്ന പ്രതിഭ. ബാവുള്‍ സംഗീതം കൊണ്ട് വിപ്ലവം സൃഷ്ടിക്കാനും സമൂഹത്തിലെ നെറികേടുകള്‍ക്കെതിരെ തെരുവുനാടകം കളിക്കാനും മോഹനവീണയിലെ ഇന്ദ്രജാലം കൊണ്ട് ആസ്വാദകരെ കരയിക്കാനും സിനിമയുടെ ചട്ടക്കൂടിനുള്ളിലെ ചെത്തിമിനുക്കിയ അഭിനയശൈലികളെ വെല്ലുവിളിച്ച് സ്വന്തം പാത തുറക്കാനും പോളി വര്‍ഗീസ് എന്ന കലാകാരന് കഴിയുന്നു. കല പണമുണ്ടാക്കാനുള്ള മാര്‍ഗമല്ല എന്ന് വിശ്വസിക്കുന്ന യഥാര്‍ത്ഥ കലാകാരന്‍.

“പണത്തിന്‍റെ കാര്യമെടുത്താല്‍, ഞാന്‍ ഒരു ദരിദ്രനായി മരിക്കാനാഗ്രഹിക്കുന്നു. എന്നാല്‍ ഒരിക്കലും എന്നെ കൈവിടാത്ത സംഗീതം എന്ന മഹാസമ്പത്ത് എന്‍റെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്” - പോളി പറയുന്നു. പണം മോഹിപ്പിക്കാത്ത മനുഷ്യനാ‍ണിത്. താന്‍ കടന്നുവന്ന വഴികള്‍, അലഞ്ഞ മുള്‍‌പ്പാതകള്‍, മരുഭൂമികള്‍, തന്നെ അധിക്ഷേപിച്ചവരും വഞ്ചിച്ചവരും - എല്ലാം ഓര്‍മ്മയുണ്ട് പോളിക്ക്. ആ ഓര്‍മ്മകളാണ് തന്‍റെ സംഗീതമായും അഭിനയപ്രകടനമായും പുനര്‍ജനിക്കുന്നതെന്ന് പോളി വിശ്വസിക്കുന്നു.

പോളിയുടെ മോഹനവീണാ സംഗീതത്തിന്‍റെ മാന്ത്രികാനുഭവം ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഒട്ടേറെ വേദികളില്‍ സംഭവിച്ചു. ഷാര്‍ജയിലെ അറബ് കള്‍ച്ചറല്‍ സെന്‍ററില്‍ ഷാര്‍ജ സര്‍ക്കാര്‍ സംഘടിപ്പിച്ച കണ്‍സേര്‍ട്ട്, പോണ്ടിച്ചേരിയിലെ ആദിശക്തി ആശ്രമത്തില്‍ നടത്തിയ വീണാവാദനം, വിയന്നയിലും ഗ്രാറ്റ്സിലും നടത്തിയ പെര്‍ഫോമന്‍സുകള്‍ ഒക്കെ എണ്ണപ്പെട്ടതാണ്. മൊസാര്‍ട്ടിന്‍റെ സംഗീതത്തിന് സാക്ഷിയായ സ്ഥലത്ത് മോഹനവീണ വായിച്ചതും തനിക്ക് മറക്കാനാവാത്ത ഓര്‍മ്മയാണെന്ന് പോളി വര്‍ഗീസ് പറയുന്നു.

webdunia
PRO
ബംഗാളി സിനിമയിലും കോളിവുഡിലും പോളി വര്‍ഗീസ് ശ്രദ്ധേയനാണ്. കേരളത്തിലും ചലച്ചിത്രരംഗത്ത് പോളി പ്രശസ്തനാണ്. ഒരു സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. രമേശ് നാരായണന്‍ ആദ്യമായി ഒരു സിനിമാഗാനം ആലപിക്കുന്നത് പോളിയുടെ സംഗീത സംവിധാനത്തിലാണ്. എന്നാല്‍, കേരളം കലാകാരന്‍‌മാര്‍ക്ക് പറ്റിയ ഇടമല്ല എന്ന് പോളിവര്‍ഗീസ് പറയുന്നു.

"കേരളത്തില്‍ അതിഭീകരമായ തിരസ്കാരം ഏറ്റുവാങ്ങേണ്ടിവന്ന കലാകാരനാണ് ഞാന്‍. ഒട്ടേറെ തിക്താനുഭവങ്ങളുണ്ട്. സിനിമാ സംവിധായകരില്‍ നിന്ന്, ഗായകരില്‍ നിന്ന് എല്ലാം. ഒരു കലാകാരനെന്ന നിലയില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. യാത്ര ചെയ്യാത്തവരുടെ, ലോകം കാണാത്തവരുടെ നാടാണ് കേരളം.” - കടുത്ത വേദനയോടെയാണെങ്കിലും, കേരളത്തേക്കുറിച്ച് പറയാന്‍ പോളിക്ക് നല്ലതൊന്നുമില്ല.
webdunia
PRO


സിനിമയേക്കാള്‍, നാടകമാണ് അഭിനയകലയില്‍ പോളി വര്‍ഗീസിന്‍റെ തട്ടകം. പ്രശസ്ത തമിഴ് നാടക പ്രവര്‍ത്തകന്‍ കൂത്ത് പട്ടരൈ മുത്തുസ്വാമിയുടെ 'അപ്പാവും പുള്ളയും’ എന്ന തമിഴ് നാടകം കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഏകദേശം നൂറ്റിനാല്പതോളം വേദികളില്‍ പോളിവര്‍ഗീസ് അവതരിപ്പിച്ചു. മാത്രമല്ല അടുത്ത നാടകത്തിന്‍റെ പണിപ്പുരയില്‍ ആണ് പോളി ഇപ്പോള്‍. അത് ഭാര്യയെ ഉപേക്ഷിക്കുന്നതിന് മുമ്പ് ബുദ്ധന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ആണ് പ്രമേയമാക്കുന്നത്.

പരന്ന വായനയും പരന്ന ചിന്തയും ഒരു സംഗീതജ്ഞനുണ്ടായിരിക്കണമെന്നാണ് പോളിയുടെ അഭിപ്രായം. അവന്‍ തളച്ചിടപ്പെട്ട ഒരു ലോകത്ത് കഴിയേണ്ടവനല്ല. വിശാലമായി സഞ്ചരിക്കേണ്ടവനാണ്. മനുഷ്യന്‍റെ ജീവിതവും വ്യഥയും ആഴത്തില്‍ ആവാഹിക്കേണ്ടവനാണ്. അത് സംഗീതജ്ഞര്‍ മാത്രമല്ല, ഏത് കലയില്‍ നൈപുണ്യമുള്ളവനും ഏത് കല പരീക്ഷിക്കുന്നവനും ആദ്യം ജീവിതമെന്താണെന്ന് അറിഞ്ഞിരിക്കണം.

webdunia
PRO
“ഞാന്‍ ഒരു നടന്‍ എന്ന നിലയില്‍ ഒരു കഥാപാത്രത്തിലേക്ക് പ്രവേശിച്ചാല്‍ ആ കഥാപാത്രത്തിന്‍റെ മനസ് ആവാഹിച്ചെടുക്കും. പിന്നീട് എന്‍റേത് ആ കഥാപാത്രത്തിന്‍റെ ജീവിതമാണ്. അയാള്‍ ചിരിക്കുന്നതുപോലെ ഞാന്‍ ചിരിക്കുന്നു. അയാള്‍ കരയുന്നതുപോലെ കരയുന്നു. അയാളുടെ വിധി അനുഭവിക്കുന്നു. കരയുന്ന രംഗങ്ങളില്‍ ഞാന്‍ ഗ്ലിസറിന്‍ ഉപയോഗിക്കാറില്ല. ജീവിതാനുഭവങ്ങളാണ് എന്നില്‍ കണ്ണീരായി കിനിയുന്നത്” - പോളി വ്യക്തമാക്കുന്നു.

തന്‍റെ ജീവിതം ഒരു കച്ചവടമല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച കലാകാരനാണ് പോളി വര്‍ഗീസ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ റിയാലിറ്റി ഷോകള്‍ വെറും തട്ടിപ്പാണെന്ന് തുറന്നുപറയാന്‍ മടിയില്ല. “ഒരു വലിയ കാന്‍സറാണ് റിയാലിറ്റി ഷോകള്‍. അത് വെറും ഷോ മാത്രമാണ്. അവിടെ റിയാലിറ്റി ഇല്ല. അതൊരു സോഫ്റ്റ്വെയറാണ്. റിയാലിറ്റി ഷോകള്‍ കുക്ക് ചെയ്ത് പുറത്തുവിടുന്ന എത്ര പേര്‍ സംഗീതരംഗത്ത് അതിജീവിക്കുന്നുണ്ട്?” - പോളി വര്‍ഗീസിന്‍റെ ചോദ്യം പ്രസക്തമാണ്.
webdunia
PRO


ജീവിക്കുക എന്നതുതന്നെയാണ് കല എന്ന് പോളി വിശ്വസിക്കുന്നു. പ്രതികരിച്ചുകൊണ്ട് ജീവിക്കുന്നവനാണ് കലാകാരന്‍. “എന്‍റെ ജീവിതം റിയാലിറ്റി ഷോയല്ല. സമൂഹത്തിലെ എല്ലാ ദുഷിച്ച വശങ്ങളെയും എതിര്‍ത്തുകൊണ്ടാണ് ഞാന്‍ നിലനില്‍ക്കുന്നത്.” - ഇടതു ചിന്താഗതിക്കാരനായ ഈ കലാകാരന്‍ പറയുന്നു. ഇടതുചിന്താഗതിക്കാരന്‍ എന്നതിന് ഏതെങ്കിലും ഇടതുപാര്‍ട്ടിയില്‍ അംഗത്വമുള്ള വ്യക്തി എന്ന് അര്‍ത്ഥമില്ല. ജീവിതത്തിന്‍റെ രാഷ്ട്രീയമാണ് പോളിക്കുള്ളത്. നമ്മുടെ പല രാഷ്ട്രീയക്കാരും യഥാര്‍ത്ഥ രാഷ്ട്രീയക്കാരല്ല എന്ന് പോളി പറയുന്നു. രാഷ്ട്രീയ അനുഭവം ഇല്ലാത്തവര്‍ രാഷ്ട്രീയക്കാരായി പ്രതിഷ്ഠിക്കപ്പെടുകയാണ്. അതുതന്നെയാണ് നമ്മുടെ രാഷ്ട്രത്തിന്‍റെ ശാപവും.

സംഗീതവും അഭിനയവുമായി പോളി വര്‍ഗീസിന്‍റെ യാത്ര തുടരുകയാണ്. ‘സുഴല്‍’ എന്ന തമിഴ് ചിത്രത്തില്‍ വില്ലനായി അഭിനയിച്ചുകഴിഞ്ഞു. ചിത്രം നവംബറില്‍ റിലീസാണ്. അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തില്‍ നായകനാകുന്നത്.

വ്യത്യസ്തമായ മറ്റൊരു സംഗീതാനുഭവം സൃഷ്ടിക്കുന്നതിന്‍റെ ഒരുക്കങ്ങളിലാണ് ഇപ്പോള്‍ പോളി. രണ്ടുവര്‍ഷമായി അതിന്‍റെ പ്രവര്‍ത്തനങ്ങളിലാണ് ഈ സംഗീതകാരന്‍. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്‍റെ സംഗീതാവിഷ്കാരമായിരിക്കും ഇത്. പോളി വര്‍ഗീസ് ആസ്വാദകര്‍ക്കായി സമര്‍പ്പിക്കുന്ന മറ്റൊരു അത്ഭുതമായിരിക്കും അതെന്ന് പ്രതീക്ഷിക്കാം.

അടുത്ത പേജില്‍ - പോളി വര്‍ഗീസ് ഗുരു വിശ്വമോഹന്‍ ഭട്ടിനൊപ്പം

webdunia
പോളി വര്‍ഗീസ് ഗുരു വിശ്വമോഹന്‍ ഭട്ടിനൊപ്പം


അടുത്ത പേജില്‍ - കൂടുതല്‍ ചിത്രങ്ങള്‍

webdunia
ഷാര്‍ജ സാംസ്കാരിക മന്ത്രിക്കൊപ്പം പോളി വര്‍ഗീസ്

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam