Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൃദംഗവാദനത്തിലെ ദേവചൈതന്യം

പീസിയന്‍

മൃദംഗവാദനത്തിലെ ദേവചൈതന്യം
മനസ്സും ഹൃദയവും കൈവിരലുകളും ഒരേ താളത്തില്‍ സമ്മേളിപ്പിച്ച കലാകാരനായിരുന്നു പാലക്കാട് ടി.എസ്.മണി അയ്യര്‍.

അദ്ദേഹത്തിന്‍റെ മൃദംഗവാദനത്തിന് ദൈവിക സ്പര്‍ശമുണ്ടായിരുന്നു. പ്രതിഭയുടെ അപൂര്‍വമായ ചൈതന്യവും. മെയ് 30 മണി അയ്യരുടെ ചരമവാര്‍ഷിക ദിനമാണ്.

പാലക്കാട്ടെ പ്രശസ്ത വായ്പാട്ടുകാരനായിരുന്ന ടി.ആര്‍.ശേഷഭാഗവതരുടെയും അനന്തമ്മാളിന്‍റേയും മകനായി 1912 ലാണ് മണി അയ്യര്‍ ജനിച്ചത്. രാമസ്വാമി എന്നാണ് ശേഷഭാഗവതര്‍ പുത്രനിട്ട പേര്. അടുപ്പമുള്ളവര്‍ മണി എന്ന് വിളിച്ചു.

ബാല്യത്തില്‍ തന്നെ മൃദംഗത്തോടായിരുന്നു മണിക്ക് താത്പര്യം. ഒന്‍പതാമത്തെ വയസ്സില്‍ ചതപുരം സുബ്ബ അയ്യരില്‍ നിന്നുമാണ് മണി അയ്യര്‍ മൃദംഗവാദനത്തിന്‍റെ ആദ്യപാഠം പഠിച്ചത്.

വായ്പാട്ട് കൃതികളെ തന്‍റെ മൃദംഗത്തിലെക്ക് ആവാഹിച്ച് മണി അയ്യര്‍ തുടക്കത്തില്‍ തന്നെ പ്രതിഭ പ്രകടമാക്കി. അച്ഛനോടൊപ്പം ഹരികഥാ പരിപാടികള്‍ക്കും മറ്റും പോയിത്തുടങ്ങിയ മണി അയ്യര്‍ രാമഭാഗവതരോടും എണ്ണപ്പാടം വെങ്കട്ടരാമ ഭാഗവതരോടുമൊപ്പം കച്ചേരികളിലും പങ്കെടുത്തു.

മണി അയ്യരുടെ ജ-ീവിതത്തിലെ വഴിത്തിരിവായിത്തീര്‍ന്നത് ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായുള്ള കൂടിക്കാഴ്ചയാണ്. വര്‍ഷം 1924 - മദ്രാസിലെ സംഗീത ആസ്വാദകര്‍ക്ക് മുന്നില്‍ ചെമ്പൈ 13 കാരനായ മണി അയ്യരെ ചൂണ്ടിക്കാട്ടി കച്ചേരിക്ക് ഇവന്‍ മൃദംഗം വായിക്കുമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും അമ്പരന്നു.


പലരുടെ നാവിലും പരിഹാസം ഉണര്‍ന്നു. എന്നാല്‍ നാല് മണിക്കൂറുകള്‍ക്ക് ശേഷം ആസ്വാദകര്‍ ആ പതിമൂന്നുകാരനെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിഞ്ഞു. മൃദംഗവാദനത്തില്‍ ഒരു യുഗപ്പിറവിക്ക് തുടക്കമാവുകയായിരുന്നു.

പതിനഞ്ചാം വയസ്സില്‍ പ്രശസ്ത മൃദംഗവിദ്വാനായ തഞ്ചാവൂര്‍ വൈദ്യനാഥ അയ്യരുടെ ശിഷ്യത്വം സ്വീകരിച്ച മണി അയ്യര്‍ പുതിയ പാഠങ്ങള്‍ പഠിച്ചു. ശിഷ്യന്‍റെ സാമര്‍ത്ഥ്യം വൈദ്യനാഥ അയ്യര്‍ തിരിച്ചറിഞ്ഞു. മൃദംഗത്തില്‍ മണിയുടെ വിരലുകള്‍ ഒരു മായിക ലോകം തന്നെ തീര്‍ത്തു.

താളവാദ്യ ലോകത്ത് മണി അയ്യരുടെ കീര്‍ത്തി പരക്കുകയായിരുന്നു. മൃദംഗവാദനത്തിലെ പരമ്പരാഗത രീതികള്‍ പലതും മണി അയ്യര്‍ പരിഷ്ക്കരിച്ചു. തനിയാവര്‍ത്തനത്തിന് പുതിയൊരു ശൈലി രൂപപ്പെടുത്തി. കൂടുതല്‍ കൃതികള്‍ക്ക് അദ്ദേഹത്തിന്‍റെ മൃദംഗത്തിലൂടെ ശബ്ദഭംഗി കൈവന്നു.

1965 ല്‍ എഡിന്‍ബര്‍ഗ് ഫെസ്റ്റിവലിലും 1975 ല്‍ കോമണ്‍ വെല്‍ത്ത് ഫെസ്റ്റിവലിലും മണി അയ്യരുടെ കൈവിരലുകളുടെ താളഭംഗി ലോകം കണ്ടറിഞ്ഞു. അമേരിക്കയിലെ സന്ദര്‍ശനവേളയില്‍ താളവാദ്യ ചക്രവര്‍ത്തി എന്നാണ് അദ്ദേഹം വിശേഷിക്കപ്പെട്ടത്. ആദരവോടെയാണ് ഓരോ വേദികളിലും അമേരിക്കന്‍ ജനത മണി അയ്യരെ സ്വീകരിച്ചത്.

നിരവധി ബഹുമതികള്‍ മണി അയ്യരെ തേടി എത്തിയിട്ടുണ്ട്. പത്മവിഭൂഷണ്‍(1971), സംഗീതകലാനിധി(1967), സര്‍വാരി തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ച ബഹുമതികളില്‍ ചിലതാണ്.

ഒട്ടനവധി ശിഷ്യ സമ്പത്തിന് ഉടമകൂടിയായിരുന്നു മണി അയ്യര്‍. ഉമയാള്‍പുരം ശിവരാമന്‍, പാലക്കാട് രഘു അയ്യരുടെ പുത്രന്‍ രാജാമണി എന്നിവര്‍ ഏറെ പ്രശസ്തരാണ്.

1981 മെയ് 30ന് മഹാനായ ആ കലാകാരനെ ലോകത്തിന് നഷ്ടമായി. എങ്കിലും ആസ്വാദക മനസ്സുകളില്‍ മണി അയ്യര്‍ ഇന്നും ജീവിക്കുന്നു.

Share this Story:

Follow Webdunia malayalam