Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശുദ്ധസംഗീതത്തിന്‍റെ ഉപാസകന്‍

മാലേലിക്കര പ്രഭാകര വര്‍മ്മയുടേത് സരളവും മധുരവുമായ ആലാപനം

ശുദ്ധസംഗീതത്തിന്‍റെ ഉപാസകന്‍
പൂര്‍ണ്ണമായും സംഗീതത്തിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു മാവേലിക്കര പ്രഭാകര വര്‍മ്മയുടേത്. ഭക്തിയുടെ നൈര്‍മ്മല്യവും സമ്പ്രദായ ശുദ്ധിയുടെ പ്രൌഢിയും കലര്‍ന്ന ആലാപന ശൈലികൊണ്ട് എന്നും അദ്ദേഹം സംഗീത പ്രേമികളുടെ മനസ്സില്‍ നിറഞ്ഞുനിന്നു.


ശുദ്ധ സംഗീതത്തിന്‍റെ ഉപാസകനായിരുന്ന പ്രഭാകര വര്‍മ്മ. സാഹിത്യത്തിനു ഊന്നല്‍ നല്‍കി ചിട്ടയേറിയ സമ്പ്രദായത്തിലായിരുന്നു അദ്ദേഹം പാടിയത്.സംഗീതത്തിലെ സന്‍‌മാര്‍ഗ്ഗികത, വിശ്വവ്യാപകത്വം, ആത്മാര്‍ത്ഥത, വ്യക്തിത്വം, സര്‍ഗ്ഗാത്മകത എന്നീ വിശിഷ്ട ഗുണങ്ങളെല്ലാം ഒത്തു ചേര്‍ന്നിരുന്ന സംഗീതജ്ഞനായിരുന്നു അദ്ദേഹം.

ശബ്ദത്തിലും ആലാപനത്തിലും സ്വന്തമായ ശൈലി ആദ്യം മുതല്‍ തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. കീര്‍ത്തനങ്ങള്‍ പാടുമ്പോള്‍ വരികളുടെ അര്‍ത്ഥം ശ്രോതാക്കള്‍ക്ക് മനസ്സിലാക്കാന്‍ പാകത്തിലുള്ളതായിരുന്നു ആ ശൈലി. ശബ്ദവും സംഗീതവും സരളമായിരുന്നു അതുപോലെ അദ്ദേഹത്തിന്‍റെ ജീവിതവും പെരുമാറ്റവും സരളമായിരുന്നു.

സാംഗീതത്തിന്‍റെ പുതിയ കൈവഴികള്‍ വെട്ടിത്തുറന്ന അദ്ദേഹം ആസ്വാദകരുടെ അഭിരുചികള്‍ തിരുത്തിക്കുറിച്ചു. കഥകളി പദങ്ങള്‍ അദ്ദേഹം കര്‍ണ്ണാടക രാങ്ങളിലേക്ക് ചിട്ടപ്പെടുത്തി എടുത്തു. കാമ്പോജി രാഗമായിരുന്നു ഏറ്റവും ഇഷ്ടം.

മുത്തുസ്വാമി ദീക്ഷിതരുടെ സംസ്കൃത കൃതികളെ കുറിച്ചായിരുന്നു അദ്ദേഹം കേന്ദ്ര ഫെലോഷിപ്പോടെ ഗവേഷണം നടത്തിയിരുന്നത്.


വാഗേയകാരന്‍ കൂടിയായിരുന്നു അദ്ദേഹം. വാഗീശ്വരീ വരദേ.. (ഭൂഷാവലി രാഗം), അമ്മേ വരദായിനി.. (ധന്യാസി രാഗം), ധര്‍മ്മവതീ കൃപാവതീ... (ധര്‍മ്മവതീ രാഗം) എന്നീ കൃതികള്‍ പ്രധാനമാണ്.

പ്രഭാകര വര്‍മ്മയ്ക്ക് ദൈവം അറിഞ്ഞു കൊടുത്ത സിദ്ധിയായിരുന്നു സംഗീതം. പന്ത്രണ്ടാം വയസ്സില്‍ ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വതീ ദേവിയുടെ മുമ്പിലായിരുന്നു അദ്ദേഹത്തിന്‍റെ അരങ്ങേറ്റം.

പഠനത്തില്‍ കേമനല്ലായിരുന്ന അദ്ദേഹത്തെ മോശം വിദ്യാര്‍ത്ഥിയായാണ് അക്കാലത്ത് കണക്കാക്കിയിരുന്നത്. ചില ക്ലാസുകളില്‍ ഒന്നിലേറെ പഠിക്കുകയും ചെയ്തു. പക്ഷെ, സംഗീതം പഠിച്ചപ്പോള്‍ ഉയര്‍ന്ന റാങ്കോടെയായിരുന്നു വിജയം.


1928 ഒക്ടോബര്‍ 29 ന് എ.ആര്‍.രാജരാജ വര്‍മ്മയുടെ മകള്‍ മാവേലിക്കര വലിയ കൊട്ടാരത്തിലെ ചന്ദ്രപ്രഭാ അമ്മ തമ്പുരാട്ടിയുടെയും കിളിമാനൂര്‍ കൊട്ടാരത്തിലെ രാമവര്‍മ്മ തമ്പുരാന്‍റെയും രണ്ടാമത്തെ മകനാണ്. അവിവാഹിതനായിരുന്നു.

ദി വീക്കിന്‍റെ മുന്‍ എഡിറ്റര്‍ സുരേന്ദ്രവര്‍മ്മ, സുമംഗല പ്രതാപ വര്‍മ്മ, രമണി കേരളവര്‍മ്മ, വാസന്തി സ്വാമിനാഥന്‍ എന്നിവര്‍ സഹോദരങ്ങളാണ്. മാവേലിക്കര വീരമണി ഭാഗവതരുടെയും മാവേലിക്കര രാമനാഥന്‍റെയും കീഴില്‍ സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു.

കൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലും നടന്നിരുന്ന സംഗീത കച്ചേരികളും നാദസ്വര കച്ചേരികളുമാണ് അദ്ദേഹത്തില്‍ കുട്ടിക്കാലത്ത് സംഗീത താത്പര്യം ഉണര്‍ത്തിയത്. ഒരിക്കല്‍ അദ്ദേഹത്തിന്‍റെ തോഡി രാഗാലാപനം കേട്ട് നാദസ്വര ചക്രവര്‍ത്തി രാജരത്നം അത്ഭുതപ്പെട്ടു.



തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത അക്കാഡമിയില്‍ നിന്നും ഗാനഭൂഷണവും കേരള സര്‍വ്വകലാശാലയില്‍ നിന്ന് സംസ്കൃതത്തില്‍ ബിരുദവും സംഗീതത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 1957 ല്‍ സ്വാതിതിരുനാള്‍ സംഗീത അക്കാഡമിയില്‍ അധ്യാപകനായി.

1984 ല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി സംഗീത കോളേജില്‍ നിന്നും പ്രിന്‍സിപ്പലായിരിക്കെ വിരമിച്ചു. കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ പ്രൊഫസറും ഡീനുമായിരുന്നു. അമേരിക്കയിലെ ഹിറ്റ്‌സ്ബര്‍ഗ്ഗ് വെങ്കിടേശ്വര ക്ഷേത്രത്തിലും ലൂസിയാന കോളേജിലും വിസിറ്റിംഗ് പ്രൊഫസറായിരുന്നു.

ആകാശവാണിയിലെ ‘എ ടോപ്” ആര്‍ട്ടിസ്റ്റായിരുന്ന അദ്ദേഹത്തിന് കേരള സംഗീത അക്കാഡമി അവാര്‍ഡ്, തുളസീവനം അവാര്‍ഡ്, ശെമ്മാങ്കുടി ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്, ഹാര്‍മോണിയം ചക്രവര്‍ത്തി കൊട്ടാരം ശങ്കുണ്ണി നായര്‍ അവാര്‍ഡ്, കണ്ടിയൂര്‍ ശിവശങ്കര പണിക്കര്‍ അവാര്‍ഡ്, നടരാജ സംഗീത സഭാ അവാര്‍ഡ്, കേന്ദ്ര സാംസ്കാരിക വകുപ്പിന്‍റെ ഫെലോഷിപ്പ് എന്നിവ ലഭിച്ചു.

2006 ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വാതി പുരസ്കാരം നല്‍കി ആദരിച്ചു.

നെയ്യാറ്റിന്‍‌കര വാസുദേവന്‍, എം.ജി.രാധാകൃഷ്ണന്‍, ഡോ.ഓമനക്കുട്ടി, ശങ്കരന്‍ നമ്പൂതിരി, കുമാര കേരള വര്‍മ്മ, പൊന്‍‌കുന്നം രാമചന്ദ്രന്‍, താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി തുടങ്ങി ഒട്ടേറെ ശിഷ്യന്മാരുണ്ട്.



ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, എന്‍.ജി.സീതാരാമയ്യര്‍, സി.എസ്.കൃഷ്ണന്‍, മധുര കേശവഭാഗവതര്‍, കല്ലടക്കുറിച്ചി ഹരിഹരഭാഗവതര്‍, കെ.ആര്‍.കുമാര സ്വാമി അയ്യര്‍, മാവേലിക്കര രാമനാഥന്‍ എന്നിവരുടെയെല്ലാം ശിഷ്യനായിരുന്നു അദ്ദേഹം.

കേരളത്തിലെ മൂന്ന് സംഗീത കോളേജുകളിലും സംഗീതത്തില്‍ ബിരുദബിരുദാനന്തര പരിശീലനം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള അദ്ധ്യാപകര്‍ മിക്കവരും മാവേലിക്കര പ്രഭാകര വര്‍മ്മയുടെ പ്രശിഷ്യരോ ആണ്.

തുളസീവനത്തിന്‍റെ കൃതികള്‍ രാഗഭാവങ്ങളുടെ പ്രതീകങ്ങളായി നിലനില്‍ക്കത്തക്ക വിധം സ്വരപ്പെടുത്തുക വഴി ദക്ഷിണേന്ത്യയിലെ പ്രഗദ്ഭ സംഗീതജ്ഞരുടെ നിരയിലേക്ക് അദ്ദേഹവും ഉയര്‍ന്നു. സംഗീതത്തിലെ ദുര്‍ഗ്രഹമായ ഭാഗങ്ങള്‍ വളരെ ലളിതമായ രീതിയില്‍ ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കാന്‍ പ്രഭാകര വര്‍മ്മയ്ക്ക് അനുപമമായ സിദ്ധിയുണ്ടായിരുന്നു.



Share this Story:

Follow Webdunia malayalam