ഗോപുരമുകളിലെ വാസന്തചന്ദ്രികയെ സ്വരമാധുരി കൊണ്ട് വിളിച്ചുണര്‍ത്തിയ വാനമ്പാടിക്ക് . മലയാളിയല്ലെങ്കിലും മലയാളികളുടെ മനസില്‍ ഒരിക്കലും മായാത്ത അനേകം സുന്ദരഗാനങ്ങളുടെ തേന്‍തുള്ളികള്‍ ഇറ്റിച്ചുതന്ന സുന്ദരശബ്ദത്തിനുടമയാണ് എസ്. ജാനകി
ഉണരൂണരൂ ഉണ്ണിപ്പൂവേ എന്ന ഹൈപിച്ച്ഗാനം മുതല്‍ കൊക്കാമന്തി കോനാനിറച്ചിയെന്ന നിഷ്കളങ്ക ബാലശബ്ദം വരെ പാടാന്‍ കഴിയുന്ന സ്വരഭേദം.
പാടിത്തീരുമ്പോള്‍ കണ്ണീരിലവസാനിക്കുന്ന താമരക്കുമ്പിളല്ലോ എന്ന ഗാനം മുതല്‍ ഭക്തിസാന്ദ്രമായ കണികാണും നേരം വരെയുള്ള ആയാസരഹിതമായി പാടാവുന്ന ഭാവവൈവിധ്യം.
ഗുരുമുഖത്ത് നിന്ന് സ്വരങ്ങളുടെ ആദ്യപഠിക്കാതെ സംഗീതസദസിലെ നക്ഷത്രമായി മാറിയ എസ്. ജാനകിക്ക് അര്‍ഹിച്ച അംഗീകാരമാണ് കമുകറ പുരസ്കാരം.
1958-ല്‍ എസ്.എം. സുബ്ബയ്യാനായിഡുവിന്‍റെ സംഗീതത്തില്‍ ""കൊഞ്ചും ചിലങ്കൈ'' എന്ന ചിത്രത്തീലെ ""ശിങ്കാരവേലനേ ദേവാ'' എന്ന പ്രസിദ്ധഗാനം ,പീന്നീട് ""മുറിപിഞ്ചെ മുവ്വാലു'' എന്ന തെലുങ്കുചിത്രത്തിലെ ""നീ ലീല പാടെടാ ദേവാ'' എന്നു രൂപാന്തരപ്പെട്ടതോടെ തെന്നിന്ത്യ എസ്.ജാനകി എന്ന ഗായികയുടെ സ്വരലഹരിയില്‍ മുങ്ങിനിന്നു.
ദക്ഷിണേന്ത്യ മുഴുവന്‍ അംഗീകാരം പിടിച്ചെടുത്ത ആ ഗാനത്തില്‍ കാരക്കുറിച്ചി അരുണാചലത്തിന്‍റെ നാദസ്വരമാണോ, എസ്. ജാനകിയുടെ ആലാപനമാണോ ഏറെ മെച്ചമെന്ന് സംശയിച്ചുപോകാം.
1959 ല്‍ സത്യപാല്‍ നിര്‍മ്മിച്ച "മിന്നല്‍ പടയാളി' എന്ന ചിത്രത്തിനുവേണ്ടി ജാനകി ആദ്യമായി മലയാളഗാനം പാടി. ദക്ഷിണാമൂര്‍ത്തി, രാഘവന്‍, ബാബുരാജ്, ദേവരാജന്‍, എം.ബി. ശ്രീനിവാസന്‍, അര്‍ജ്ജുനന്‍, ഉമ്മര്‍, ശ്യാം തുടങ്ങിയ മുന്തിയ സംഗീതസംവിധായകരുടെ ഈണങ്ങള്‍ ധാരാളം പാടിയിട്ടുണ്ടെങ്കിലും യശഃശരീരനായ ബാബുരാജ് ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് ജാനകിയുടെ മാസ്റ്റര്‍ പീസുകള്‍..
തളിരിട്ട കിനാക്കള്‍ (മൂടുപടം), അഞ്ജനക്കണ്ണെഴുതി (തച്ചോളി ഒതേനന്‍), വാസന്തപഞ്ചമിനാളില്‍, പൊട്ടിത്തകര്‍ന്ന കിനാവുകൊണ്ടൊരു (ഭാര്‍ഗവീനിലയം), സൂര്യകാന്തി (കാട്ടുതുളസി), ഒരു കൊച്ചു സ്വപ്നത്തില്‍ (തറവാട്ടമ്മ), ചുംബിക്കാനൊരു ശലഭം (വിവാഹം സ്വര്‍ഗത്തില്‍), കാളിന്ദി തടത്തിലെ രാധ (ഭദ്രദീപം), താമരക്കുമ്പിളല്ലോ (അന്വേഷിച്ചു കണ്ടെത്തിയില്ല) തുടങ്ങി എത്രയോ ഗാനങ്ങള്‍ ബാബുരാജ്- ജാനകി ടീം മലയാളികള്‍ക്ക് തന്നു. ഒപ്പം ഒരിക്കലും മറക്കാത്ത കുറെ യുഗ്മഗാനങ്ങളും.
സംഗീതത്തിന് ഭാഷയാവശ്യമില്ലെന്ന പറയുന്ന ഈ വാനമ്പാടി, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം , ബംഗാളി, ഒറിയ, മറാഠി, തുളു, കൊങ്കിണി, ബസുഗ, സൗരാഷ്ട്ര, ഇംഗ്ളീഷ്, സംസ്കൃതം, ജര്‍മന്‍..ഇങ്ങനെ ജാനകി പാടിയുണര്‍ത്താത്ത ഭാഷകളില്ല....
1938 ഏപ്രില്‍ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ""റെപ്പൈല്ലെ'' താലൂക്കിലെ പല്ലപട്ലയില്‍ ജനിച്ച എസ്. ജാനകിയുടെ സ്വരയാത്രയുടെ ആരംഭഘട്ടമായിരുന്നു അതെന്ന് വേണമെങ്കില്‍ പറയാം.
ചെറുപ്പം മതുല്‍ സംഗീതത്തില്‍ അഭിരുചിയുണ്ടായിരുന്ന ജാനകി, ഒരു നാദസ്വരവിദ്വാന്‍റെ അടുത്ത് സംഗീതാഭ്യസനത്തിനു പോയി. വിദ്യാര്‍ത്ഥിയ്ക്കാവശ്യമുള്ളതിലേറെ സംഗീതജ്ഞാനം അപ്പോള്‍ത്തന്നെ കൈവശപ്പെടുത്തിയിരുന്നതിനാല്‍ കുട്ടിയ്ക്ക് കൂടുതലായ പഠിപ്പ് തല്‍ക്കാലം ആവശ്യമില്ലെന്നായിരുന്നു ഗുരുനാഥന്‍ അഭിപ്രായപ്പെട്ടത്.
ലതാ മങ്കേഷ്ക്കറുടെ ഗാനങ്ങള്‍ ആവാഹിച്ചെടുത്ത ജാനകി, ആദ്യകാലത്ത്, ചില പ്രധാന പൊതുപരിപാടികളില്‍ ഗാനമേളകള്‍ ആലപിച്ചിരുന്നു. ഈ കാലത്ത് ജാനകിയുടെ അമ്മാവന്‍ എ.വി.എം. ലേയ്ക്ക് ഒരു കത്തെഴുതി. എ.വി.എം. കാര്‍ ജാനകിയെ വിളിച്ചു. അപ്രതീക്ഷിതമായ ഈ ക്ഷണം ജാനകിയുടെ സംഗീതജീവിതത്തിലെ സുപ്രധാന വഴിത്തിരിവായി.
പി. സുശീല എ.വി.എം.ലെ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് സ്ഥാനം കോണ്‍ട്രാക്ടവസാനിപ്പിച്ചുപോകുന്ന സമയം. പ്രസിദ്ധ സംഗീതസംവിധായകനായിരുന്ന, പരേതനായ ആര്‍. സുദര്‍ശനം എ.വി.എം. ചിത്രത്തിനുവേണ്ടി ലതാമങ്കേഷ്ക്കര്‍ പാടിയ ""രസിയാ ഓസജ്നാ'' എന്ന ഹിന്ദി ഗാനത്തിന്‍റെ ട്രാക്കില്‍ ജാനകിയെക്കൊണ്ടു പാടിച്ച് ശബ്ദ പരീക്ഷനടത്തി.
തികച്ചും തൃപ്തികരമായിരുന്ന ആ പരീക്ഷണത്തിന്‍റെ ഫലമായി മൂന്നു വര്‍ഷത്തേയ്ക്കുള്ള കോണ്‍ട്രാക്ടില്‍ 1957 ല്‍ ജാനകി എ.വി.എം. ന്‍റെ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി.
അവ്വറാലി ടി. ചലപതിറാവുവിന്‍റെ സംഗീതത്തില്‍ ഒരു തമിഴ്പാട്ടുപാടിയെങ്കിലും, ഘട്ടശാല വെങ്കിടറാവുവിനോടൊപ്പം, പെണ്ഡ്യാല നാഗേശ്വറാവുവിന്‍റെ സംഗീതസംവിധാനത്തിലാണ് ജാനകി ആദ്യമായി മാതൃഭാഷയായ തെലുങ്കില്‍ പാടുന്നത്.
1956 ല്‍ എ.ഐ.ആര്‍. നടത്തിയ ലളിത സംഗീതമത്സരത്തില്‍ രണ്ടാംസ്ഥാനം ലഭിച്ചപ്പോള്‍ ഡോ.രാജേന്ദ്ര പ്രസാദില്‍നിന്നും വിലപ്പെട്ട പുരസ്കാരം ലഭിച്ചതാണ് ജാനകിയുടെ ആദ്യത്തെ പ്രശസ്തമായ അംഗീകാരം.
1970, '72, '76, '77, '79, '80, '81, '82, വര്‍ഷങ്ങളില്‍ സ്റ്റേറ്റ് അവാര്‍ഡുകളും, 1977 ല്‍ തമിഴ് ഗാനത്തിനും 1980 ല്‍ മലയാളഗാനത്തിനും 1984 ല്‍ തെലുങ്കു ഗാനത്തിനും ആലാപനത്തിനുള്ള ദേശീയ പുരസ്കാരം ജാനകിയ്ക്ക് ലഭിച്ചു.
കൂടാതെ, നാലു തവണ, തമിഴ്നാടു ഗവണ്‍മെന്‍റ് പുരസ്കാരവും, "കലൈമാമണി' പട്ടവും ഹിന്ദിയില്‍ "സുര്‍സിംഗര്‍' ബിരുദവും ജാനകിയ്ക്ക് ലഭിച്ച കീര്‍ത്തിമുദ്രകളാണ്.
ഗായിക എന്ന നിലയിലുള്ള പ്രശസ്തി മാത്രമല്ല ജാനകിയ്ക്ക്.സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട് അവര്‍.പത്തിരുപതുവര്‍ഷം മുന്‍പ് ഹിന്ദിയില്‍ 16 മീരഭജനുകള്‍ സ്വന്തമായി ട്യൂണ്‍ ചെയ്ത് കാസറ്റിറക്കിയിരുന്നു. പിന്നെ സൂര്‍ദാസിന്‍റെയും തുളസീദാസിന്‍റെയും മീരയുടെയും കബീര്‍ദാസിന്‍റെയും ഭജനുകള്‍ ഒരുമിച്ചും ട്യൂണ്‍ ചെയ്ത് പാടിയിട്ടുണ്ട്.
തെലുങ്കില്‍ കൃഷ്ണനെപ്പറ്റി ഏഴ് പാട്ടെഴുതി ട്യൂണ്‍ ചെയ്ത് പാടിയ കാസറ്റുണ്ട്. തമിഴിയില്‍ കുറെ പ്രേമഗാനങ്ങളുമെഴുതി ട്യൂണ്‍ ചെയ്ത് ആല്‍ബമിറക്കി.
ഹിന്ദിയില്‍ പാട്ടെഴുതിയിട്ടുണ്ട്. "രാക്കുയില്‍' എന്ന ചിത്രത്തില്‍ ഭാസ്കരന്‍മാഷെഴുതി, പുകഴേന്തി ട്യൂണ്‍ ചെയ്ത "ഇന്നത്തെ മോഹനസ്വപ്നങ്ങളെ... ഈയാം പാറ്റകളേ' എന്ന ഗാനം, ജാനകി ഹിന്ദിയില്‍ "തേരാ ബിനാ മേരാ ഹൈ കോന്‍രേ...' എന്നെഴുതി അതേ ട്യൂണില്‍ പാടിയിട്ടുണ്ട്.
യേശുദാസിനൊപ്പം പാടിയ അകലെ അകലെ നീലാകാശം (മിടുമിടുക്കി) എന്ന ഗാനം വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും മറ്റൊരു ചിത്രത്തിനുവേണ്ടി പാടി ജാനകി റെക്കോര്‍ഡിട്ടു; "ആദ്യത്തെ കണ്‍മണി 'യില്‍ യേശുദാസിനൊപ്പം തന്നെ .
"നെഞ്ചത്തെ കിള്ളാതെ'യെന്ന ചിത്രത്തില്‍ പുരുഷശബ്ദത്തില്‍ പാടി ജാനകി സംഗീതലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇളയരാജ ട്യൂണ്‍ചെയ്ത "മമ്മീ പേര് മാറി' എന്ന ഗാനം. എ.ടി. ഉമ്മര്‍ ട്യൂണ്‍ ചെയ്ത "തൊത്തൂതൊത്തൂ... താത്തൂന തൊത്താന്‍ കിത്തൂലാ....' (ബീഡിക്കുഞ്ഞമ്മ) എന്ന പാട്ട് ജാനകി ആണ്‍കുട്ടിയുടെ സ്റ്റൈലില്‍ പാടിയതാണ്.
ടി. രാമപ്രസാദിനെ വിവാഹം കഴിച്ച് മദ്രാസില്‍ താമസമാക്കിയ ജാനകിയുടെ ഏക മകന്‍ മുരളീകൃഷ്ണ ഒരു തമിഴ് പെണ്‍കുട്ടിയെ വിവാഹം ചെയ്തു. പേരക്കുട്ടിയുമായി.
മേല്‍വിലാസം:
എസ്. ജാനകി,
96, 4-ാം സ്ട്രീറ്റ്,
അഭിരാമപുരം,
മദ്രാസ് - 600018