Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റക്കമ്പി നാദം മുഴങ്ങിയത് ചെന്നൈയിലെ ഈ വീട്ടില്‍!

ഒറ്റക്കമ്പി നാദം മുഴങ്ങിയത് ചെന്നൈയിലെ ഈ വീട്ടില്‍!
, ശനി, 3 മാര്‍ച്ച് 2012 (15:09 IST)
PRO
ചെന്നൈയിലെ ആള്‍‌വാര്‍ തിരുനഗര്‍. തമിഴകത്തെ പാണന്‍‌മാരായ ആഴ്വാക്കന്‍‌മാരില്‍ നിന്നാണ് ആള്‍‌വാര്‍ എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചത്. ഭക്തിയിലൂടെ ഈശ്വരനെ ഭരിക്കുന്നവന്‍ എന്നാണ് “ആള്‍വാര്‍” എന്ന പദത്തിന്‍റെ അര്‍ത്ഥം. സംഗീതത്തിലൂടെ കേരളത്തെ ഭരിച്ച ഒരാള്‍ ഈ സ്ഥലത്ത് താമസിച്ചിരുന്നു. നൂറ്റമ്പത്തോളം ചലച്ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന് കേരളക്കരയെ സംഗീതമയമാക്കിയ ഒരാള്‍.

ആള്‍വാര്‍ തിരുനഗറില്‍ ഇന്ദിരാഗാന്ധി സ്‌ട്രീറ്റിലെ വീട്ടിലാണ് മലയാള സിനിമാ സംഗീതത്തില്‍ സമാനതകളില്ലാത്ത രാജാവായിരുന്ന രവീന്ദ്രന്‍ താമസിച്ചിരുന്നത്‍.

ആദ്യകാലങ്ങളില്‍ സിനിമാവട്ടാരങ്ങളില്‍ അറിയപ്പെട്ടിരുന്ന പേര് കുളത്തൂപ്പുഴ രവി. ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി ചെന്നൈയില്‍ എത്തി. പിന്നീട് ഗായകനും തുടര്‍ന്ന് സംഗീത സംവിധായകനായും മാറി. മുപ്പതോളം സിനിമകളില്‍ രവീന്ദ്രന്‍ പാടിയിട്ടുണ്ട്. ഗായകന്‍ എന്ന നിലയില്‍ നിന്ന് രവീന്ദ്രനെ സംഗീതസംവിധാനത്തിലേക്ക് തിരിച്ചുവിട്ടത് യേശുദാസാണ്. ക്ലാസിക്കല്‍ ടച്ചുള്ള ഒട്ടേറെ ഗാനങ്ങള്‍ മലയാളത്തിന് നല്‍കി രവീന്ദ്രന്‍ വിടവാങ്ങിയത് 2006ലാണ്. മാര്‍ച്ച് മൂന്നിന് രവീന്ദ്രന്‍ മാഷ് ഓര്‍മ്മയായിട്ട് ഏഴ് വര്‍ഷം തികയുന്നു.

ഇന്ദിരാഗാന്ധി സ്‌ട്രീറ്റിലെ വീട്ടിലിരുന്നാണ് രവീന്ദ്രന്‍ ആദ്യകാലങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചത്. വീടിന്‍റെ താഴത്തെ നിലയില്‍ താ‍മസിക്കുകയും മുകളിലെ നില സ്റ്റുഡിയോ ആയി ഉപയോഗിക്കുകയുമായിരുന്നു അദ്ദേഹം. ‘തായ്നാദം‘ എന്നായിരുന്നു ഇതിന് പേര്. രവീന്ദ്രന്‍റെ ആദ്യകാല ഹിറ്റുകള്‍ പലതും ഇവിടെയാണ് പിറവി കൊണ്ടത്.

ഈ വീട് പിന്നീട് അദ്ദേഹം വില്‍ക്കുകയായിരുന്നു. മലയാള സിനിമ കേരളത്തിലേക്ക് പോയതോടെ ചെന്നൈയിലെ താമസത്തിന് പ്രസക്തിയില്ലെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം.

80കളില്‍ ഹിറ്റായ നിരവധി രവീന്ദ്ര ഗാനങ്ങള്‍ ഇപ്പോഴും മലയാളികളുടെ മനസിലുണ്ട്. തേനും വയമ്പും..., ഒറ്റക്കമ്പി നാദം... തുടങ്ങി എത്രയെത്ര ഗാനങ്ങള്‍ ആ വീടിന്‍റെ അകത്തളില്‍ നിന്ന് നമ്മില്‍ സാന്ദ്രമധുരമായ് പതിയുകയും ചെയ്തിട്ടുണ്ട്.

ആത്മാവിനെ തൊട്ടുണര്‍ത്തുന്ന മെലഡികളാണ് രവീന്ദ്രന്‍ നല്‍കിയത്. ദേശീയ അവാര്‍ഡും സംസ്ഥാന പുരസ്കാരങ്ങളും ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള രവീന്ദ്രന്‍ എണ്ണൂറോളം ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കി.

Share this Story:

Follow Webdunia malayalam