Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിസ്മില്ലാഖാന്‍റെ ഷെഹനായി കരയുന്നു

ബിസ്മില്ല ഖാന്‍ ഷെഹനായി കരയുന്നു ഉസ്താദ് ഷഹനായ് ഷെഹനായ് ചക്രവര്‍ത്തി വരണാസി
2006 മാര്‍ച്ചിലെ റിപ്പോര്‍ട്ട്

ഇന്ത്യയുടെ ആദ്യ റിപ്പബ്ളിക് ദിനത്തില്‍ ചെങ്കോട്ട യുടെ മുകളില്‍ നിന്നു ഷെഹനായിയില്‍ കാപ്പി രാഗം വായിച്ച ഉസ്താദ് ബിസ്മില്ലാഖാന് ഇത് ദുരിതകാലമാണ്. ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭരതരത്നം ലഭിച്ചിട്ടും ഉസ്താദിന്‍റെ ദുരിതത്തിന് അറുതിയായില്ല. രോഗങ്ങള്‍ പലതുണ്ടെങ്കിലും വേണ്ട ചികിത്സ ലഭിക്കാത്തതാണ് ഉസ്താദിന്‍റെ മുഖ്യ പ്രശ്നം.

ഭാരതരത്നത്തിനു പുറമേ, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡും താന്‍സന്‍ അവാര്‍ഡും പത്മഭൂഷണും ഉസ്താദ് ബിസ്മില്ലാഖാന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയെ കൂടാതെ യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലും ഷഹനായ് കച്ചേരികള്‍ അവതരിപ്പിച്ച് ഏറെ ആരാധകരെ നേടിയിട്ടുള്ള ഉസ്താദ് 90 വയസ്സു പിന്നിട്ട് ചികില്‍സയ്ക്കുപോലും വകയില്ലാതെ വിഷമിയ്ക്കുകയാണ്.

വാരാണസിയിലെ ജനത്തിരക്കേറിയ തെരുവിലെ ചെറിയൊരു കെട്ടിടത്തിന്‍റെ മുകള്‍ നിലയിലാണ് ഉസ്താദ് ഇപ്പോള്‍ താമസിക്കുന്നത്. ഒരു പഴയ കിടക്കയും ടെലഫോണും റാന്തല്‍ വിളക്കും ഒഴിച്ച് മറ്റൊന്നുമില്ല ആ മുറിയില്‍. വാരാണസിയിലെ 45 ഡിഗ്രി ചൂട് ഉസ്താദിന്‍റെ ശരീരത്തെ തളര്‍ത്തിയിരിക്കുന്നു. രോഗങ്ങള്‍ക്ക് ശാരീരികമായല്ലാതെ മാനസികമായി തന്നെ തളര്‍ത്താന്‍ കഴിയില്ലെന്നാണ് ഖാന്‍ പറയുന്നത്.

ചികിത്സാച്ചെലവിനായി സര്‍ക്കാറിന്‍റെ സാമ്പത്തിക സഹായത്തിനപേക്ഷിച്ച ഷെഹനായ് ചക്രവര്‍ത്തി മറുപടിയ്ക്കായി കാത്തിരിപ്പു തുടങ്ങിയിട്ട് നാളുകളേറെയായി. വരണാസിയിലെ കടുത്ത ചൂടും ഉസ്താദിനെ വലയ്ക്കുന്നുണ്ട്. മരുന്നുവാങ്ങാനുള്ള ചെലവിനായി എന്തെങ്കിലും സഹായം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് രണ്ടു തവണ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. രണ്ടിനും മറുപടി ലഭിച്ചിട്ടില്ല-ഉസ്താദ് പറഞ്ഞു.


കച്ചേരി നടത്താന്‍ കഴിയാതെ വരുന്ന കാലത്ത് എന്‍റെയും ചെറുമകന്‍റെയും ജീവിതം എങ്ങനെ നടത്തിക്കൊണ്ടുപോകുമെന്നതിനെ ചൊല്ലിയാണ് എനിക്ക് വേവലാതി. ഈ വാര്‍ദ്ധക്യകാലത്തില്‍ ഇനി മറ്റൊരു തൊഴില്‍ തേടുന്നതിനെക്കുറിച്ച് ആലോചിക്കാനേ വയ്യ-ബിസ്മില്ല വികാരാധീനനാകുന്നു.

ശക്തി വീണ്ടെടുക്കാന്‍ ഞാന്‍ ദൈവത്തൊട് പ്രാര്‍ത്ഥിക്കുകയാണ്. എന്തിനെന്നോ? ഇനിയും ഷെഹനായ് വായിക്കാന്‍. കച്ചേരി പുനരാരംഭിക്കാന്‍ കഴിഞ്ഞാല്‍ ഇതുവരെ വാങ്ങിയിരുന്ന ഫീസിന്‍റെ നാലിലൊരു ഭാഗമേ വസൂലാക്കേണ്ടതുള്ളൂ എന്ന് ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു - ഉസ്താദ് പറഞ്ഞു.

വളരെ ദരിദ്രമായ കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അതുകൊണ്ടുതന്നെ സുഖഭോഗങ്ങളില്‍ എനിക്ക് താത്പര്യമില്ല. പതിനെട്ടുവര്‍ഷം ഇവിടെ ബാലാജി ക്ഷേത്രത്തില്‍ ഷഹനായ് വായിച്ചവനാണ് ഞാന്‍. അതിന് ഫലമുണ്ടാകാതിരിക്കില്ല. മതനിരപേക്ഷതയ്ക്ക് വേണ്ടി എന്നും വാദിച്ചുപോന്നിരുന്ന സംഗീതജ്ഞന്‍ പറഞ്ഞു.

സുഖസൗകര്യങ്ങള്‍ക്കു നടുവിലാണ് മന്ത്രിമാരുടെ ജീവിതം. ഭാരതരത്നം നേടിയ ഉസ്താദ് ബിസ്മില്ലാഖാന് അത്രയും സൗകര്യങ്ങളെങ്കിലും നല്‍കേണ്ടതല്ലേ? മറ്റു രാജ്യങ്ങള്‍ അവിടങ്ങളിലെ കലാകാരന്‍മാരെ ആദരിക്കുന്ന രീതി നമുക്ക് മാതൃകയാകേണ്ടതാണ്. ഉസ്താദ് ബിസ്മില്ലാഖാന്‍റെ അവസ്ഥയെക്കുറിച്ചറിഞ്ഞ മറ്റോരു പ്രമുഖ സംഗീതഞ്ജനായ ഉസ്താദ് അംജദ് അലിഖാന്‍ പ്രതികരിച്ചതിങ്ങനെയാണ്.

രാജ്യത്തിനും സംഗീതത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ഖാന്‍ സാഹിബിനെപ്പോലുള്ള ഒരാള്‍ ജീവിത സായാഹ്നത്തില്‍ ഇങ്ങനെ ദുരിതം പേറേണ്ടിവരുന്നത് ദു:ഖകരമാണ്. പ്രശസ്ത നര്‍ത്തകി സോണാല്‍ മാന്‍സിംഗിന്‍റെ അഭിപ്രായമിതാണ്.

Share this Story:

Follow Webdunia malayalam