ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവാദ്യമാണ് ചെണ്ട. ചെണ്ടമേളങ്ങളില്‍ ഏറ്റവും ഹൃദ്യമായതും പ്രധാനമായതും പഞ്ചാരിമേളമാണ്. ഏറ്റവും ശാസ്ത്രീയമായതും, കാതിനിമ്പമുള്ളതുമാണ് പഞ്ചാരി.
ഇതിന്‍റെ സവിശേഷത ഈ മേളം ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് മാത്രമേ നടത്തു എന്നതാണ്.പാണ്ടിമേളം, തായമ്പക,പഞ്ചവാദ്യം( ഇതില്‍ ചെണ്ടയില്ല) എന്നിവയാണ് കെരളത്തിലെ മറ്റു പ്രധാന താളമേളങ്ങള്‍.
ചെണ്ടമേളത്തിന്‍റെ എല്ലാ സവിശേഷതകളും ഗാംഭീര്യവും പഞ്ചാരി മേളത്തില്‍ ഒത്തിണങ്ങിയിരിക്കുന്നു. കനമുള്ള കോലും തോല്‍പ്പറ്റുള്ള കൈയും പഞ്ചാരിക്ക് ആവശ്യമാണ് എന്നു പറയാറുണ്ട്. പഞ്ചാരി മേളം കൊട്ടുമ്പോള്‍ ഇടതുകൈയില്‍ ചെണ്ടക്കോല്‍ പാടില്ലെന്നാണ് നിയമം, അതാണ് പതിവ്.
മറ്റ് ചെണ്ടമേളങ്ങളെല്ലാം നാലു നില (നാലു കാലം) കൊട്ടാനുള്ള സംവിധാനമേയുള്ളൂ. പഞ്ചാരിയാവട്ടെ അഞ്ച് കാലം കൊട്ടാന്‍ പാകത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ നേരം കൊട്ടാനുള്ള സൌകര്യവും കൂടുതല്‍ വൈചിത്ര്യവും വൈവിദ്ധ്യവും ആവിഷ്കരിക്കാനുള്ള അവസരവും പഞ്ചാരി മേളത്തില്‍ ധാരാളമുണ്ട്.
ചെണ്ടയുടെ ശബ്ദമാധുര്യവും ഗാംഭീര്യവും ഒത്തിണങ്ങുന്നതാണ് പഞ്ചാരി. പാണ്ടിമേളമോ മറ്റ് മേളങ്ങളോ കലാശിച്ചാല്‍ അല്‍പ്പ സമയമെങ്കിലും പഞ്ചാരി കൊട്ടുന്ന പതിവ് പലയിടത്തുമുണ്ട്.
കണക്കിനും ചിട്ടയിലും സംവിധാനത്തിലും പ്രയോഗ രീതിയിലുമെല്ലാം പഞ്ചാരിമേളം മറ്റ് ചെണ്ടമേളങ്ങളേക്കാള്‍ മികച്ചതും മാതൃകയായി നില്‍ക്കുന്നതുമാണ്. പഞ്ചാരി കാലമിട്ട് കൊട്ടാറായ ഒരാള്‍ക്ക് മറ്റ് മേളങ്ങളെല്ലാം എളുപ്പമായിരിക്കും.
പഞ്ചാരി എന്നാല്‍
കേരളത്തിലെ ചെണ്ടമേളങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പഞ്ചാരിമേളം. ഇതില്‍ ചെണ്ട, ഇലത്താളം, കൊമ്പ്, കുഴല്‍ എന്നീ നാലു വാദ്യങ്ങളാണ് ഉപയോഗിക്കുക. നൂറോളം ചെണ്ട, അതില്‍ പകുതി ഇലത്താളം, 20 കുഴല്‍, 20 കൊമ്പ് എന്നിങ്ങനെയാണ് പൊതുവേ മേളങ്ങളുടെ കണക്ക്.
പഞ്ചാരി എന്നാല്‍ പഞ്ചാരി താളം (രൂപകം). ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തില്‍ ഇതിനെ ഏകതാളം എന്നു പറയും. ഇതിന് ആറ് അക്ഷരകാലമാണുള്ളത്. ത, ത്തി, ന്ത, യ്‌കാം, തോം, ഓം എന്നതാണ് വായ്ത്താരി. ആദ്യത്തെ അഞ്ച് ശബ്ദത്തിനും ഓരോ അടി (ശബ്ദത്തോടു കൂടിയ ക്രിയ), അവസാനത്തെ ഓങ്കാരത്തിന് ഒരു വീശ് (ഒരു നിശബ്ദക്രിയ). ഇങ്ങനെ ആറ് അക്ഷരകാലം കണക്കാക്കാന്‍ ആറ് താള ക്രിയകള്‍.
പഞ്ചാരി താളത്തിന്‍റെ ഈ അക്ഷരകാലം പഞ്ചാരി മേളത്തിന്‍റെ അവസാന ഘട്ടത്തില്‍ (അഞ്ചാം കാലത്തില്‍) ഒരു താളവട്ടത്തിനു വേണ്ട സമയമാണ്. ഇതിന്‍റെ ഇരട്ടിയായ പന്ത്രണ്ട് അക്ഷരകാലമാണ് നാലാം കാലത്തിലെ താളവട്ടത്തിന്‍റെ ദൈര്‍ഘ്യം. ഒന്നാം കാലം എന്ന പതിവ് കാലത്തില്‍ ഒരു താളവട്ടത്തിന് 96 അക്ഷര കാലം വരും. പഞ്ചാരി മേളം ചെണ്ടമേള പ്രിയര്‍ക്ക് ഏറ്റവും ആഹ്ലാദം പകരുന്ന മേളമാണ്.
ഇത് ശാസ്ത്രീയമായി കൊട്ടിത്തീരാന്‍ ചുരുങ്ങിയത് നാലു മണിക്കൂര്‍ വേണ്ടിവരും. എല്ലാ കാലങ്ങളും (നിലകളും) ഏതാണ്ടൊന്ന് കൊട്ടിയൊപ്പിക്കണം എങ്കില്‍ തന്നെ രണ്ട് മണിക്കൂര്‍ വേണം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ 24 അക്ഷരകാലമുള്ള മൂന്നാം നില മുതലാണ് കൊട്ടിത്തുടങ്ങുക. മറിച്ചുകൊട്ടുക എന്നാണ് ഈ സമ്പ്രദായത്തിനു പേര്‍. തീരെ ചുരുങ്ങിയ സമയം കൊണ്ട് പഞ്ചാരി മേളം വേണ്ടിവരുമ്പോള്‍ അഞ്ചാം കാലം എന്ന പതിവ് കാലം കൊട്ടുന്ന പതിവും ഇല്ലാതില്ല.
.
പഞ്ചാരിയും പാണ്ടിയും
മുന്‍വരിയില്‍ നിന്നു കൊട്ടുന്നതിന് പത്ത്-പതിനേഴ് ചെണ്ട വേണം. ബാക്കി ചെണ്ടയെല്ലാം വലംതലയില്‍ താളം പിടിച്ചുകൊണ്ട് പിന്നില്‍ നില്‍ക്കും. വലംതലയും ഇലത്താളവും ഒന്നിടവിട്ട് ഇടകലര്‍ന്ന് വരിവരിയായാണ് ഇടം തലക്കാരുടെ (മേളം കൊട്ടുന്ന ചെണ്ടക്കാരുടെ) പിന്നില്‍ നില്‍ക്കേണ്ടത്.
മേളത്തിന്‍റെ പ്രമാണം വഹിക്കുന്ന ചെണ്ടക്കാരന്‍ മുന്നില്‍ ഒത്ത നടുവില്‍ നില്‍ക്കണം. അതിന്‍റെ തൊട്ടുമുമ്പില്‍ അഭിമുഖമായി പ്രധാന കുഴല്‍ക്കാരനും അതിനു പിന്നില്‍ പ്രധാന കൊമ്പുകാരനും നില്‍ക്കും. കുഴല്‍ക്കാരും കൊമ്പുകാരും ചെണ്ടക്കാര്‍ക്ക് അഭിമുഖമായാണ് നില്‍ക്കേണ്ടത്. പ്രാഗത്ഭ്യം കൂടിയ ചെണ്ടക്കാരാണ് പ്രമാണം വഹിക്കുന്ന ചെണ്ടക്കാരന്‍റെ ഇരുവശത്തുമായി നില്‍ക്കുക
ഇതിനോട് സമാനതകളുള്ള മറ്റൊരു മേളമാണ് പാണ്ടിമേളം. എന്നാല്‍ പാണ്ടി മേളത്തിന് കേരളീയത ഒരല്‍പ്പം കുറവാണെന്ന് വേണമെങ്കില്‍ വാദിക്കാം. അല്‍പ്പമൊരു അസുരവാദ്യ ഛായയും പാണ്ടിമേളത്തിനുണ്ട്.
പാണ്ടിമേളം ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്താണ് നടത്താറുള്ളത്.ക്ഷേത്രങ്ങളില്‍ പ്രധാന കവാടത്തിനു മുമ്പില്‍ നിന്ന് കൊട്ടിത്തുടങ്ങി ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം ചെയ്ത് അഞ്ച് കാലങ്ങളില്‍ കൊട്ടിത്തീര്‍ക്കുകയാണ് പതിവ്.
അല്‍പ്പസ്വല്‍പ്പം വ്യത്യാസത്തോടെ മലബാറിലും കൊച്ചിയിലും പഞ്ചാരിമേളം എല്ലാ ക്ഷേത്രോത്സവങ്ങളിലും ഉണ്ടാവാറുണ്ട്. ചെമ്പട, അടന്ത, അഞ്ചാംതല, ധ്രുവം, ഛമ്പ, നവം, കല്‍പ്പം, ഏകാദശം എന്നിവയാണ് മറ്റ് പ്രധാന ചെണ്ടമേള താളങ്ങള്‍.
പ്രധാന പഞ്ചാരി മേളക്കാര്‍
തൃശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളിലാണ് പഞ്ചാരി മേളത്തിന് കീര്‍ത്തിയും പ്രാമാണ്യവും ഉള്ളത്. തൃശൂര്‍ പൂരത്തിന് ഇതൊരു അവിഭാജ്യ മേളമാണ്.
പെരുവനം, ആറാട്ടുപുഴ, കുട്ടനെല്ലൂര്‍, എടക്കുന്നി, ഊരകം, ചേര്‍പ്പ്, ചക്കംകുളം, ഗുരുവായൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലും എറണാകുളത്തെ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലും പഞ്ചാരി മേളം കാണാനും ആസ്വദിക്കാനും ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേരാറുണ്ട്.
തൃപ്പേക്കുളം അച്യുതമാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പെരുവനം കുട്ടന്‍ മാരാര്‍, കേളത്ത് അരവിന്ദാക്ഷന്‍, പെരുവനം സതീശന്‍ മാരാര്‍, ചെറുശ്ശേരി കുട്ടന്‍ എന്നിവരാണ് ഇപ്പോള്‍ അറിയപ്പെടുന്ന പഞ്ചാരി പ്രമാണക്കാര്‍.
പെരുവനം അപ്പുമാരാര്‍, കുമാരപുരത്ത് അപ്പുമാരാര്‍, പട്ടിരാത്ത് ശങ്കരമാരാര്‍, മാക്കോത്ത് നാണുമാരാര്‍, കുറപ്പത്ത് ഈച്ചരമാരാര്‍, കരേക്കത്ത് ഈച്ചര മാരാര്‍, ചക്കംകുളം അപ്പുമാരാര്‍, മുളംകുന്നത്തുകാവ് അപ്പുക്കുട്ട കുറുപ്പ്, പണ്ടാരത്തില്‍ മുരളി, കച്ചംകുറിച്ചി കണ്ണന്‍ എന്നിവര്‍ അറിയപ്പെടുന്ന പഞ്ചാരിമേളക്കാരായിരുന്നു.
Follow Webdunia malayalam