Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കാറിനും കണ്‍‌നിറയുമ്പോള്‍...

മഴക്കാറിനും കണ്‍‌നിറയുമ്പോള്‍...
, വ്യാഴം, 11 ഫെബ്രുവരി 2010 (15:54 IST)
PRO
നെഞ്ചകം നീറിയെഴുതിയ വിഷാദഗാനങ്ങള്‍ ഒട്ടേറെ സമ്മാനിച്ചു മലയാളസിനിമയ്ക്ക് ഗിരീഷ് പുത്തഞ്ചേരി. വിരഹവും വേദനയും വിതുമ്പുന്ന കവിതകളായിരുന്നു പുത്തഞ്ചേരിയുടെ ഗാനങ്ങള്‍‍. ഹൃദയമുള്ളവരെല്ലാം കൊണ്ടുനടക്കുന്ന പാട്ടുകളായി അവ മാറി.

എം ജയചന്ദ്രന്‍ ഈണം നല്‍കിയ മാടമ്പിയിലെ ആ ഗാനം ഓര്‍ക്കുക. “അമ്മ മഴക്കാറിന് കണ്‍‌നിറഞ്ഞു...ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു”. നനഞ്ഞത് ഗിരീഷ് തന്നെയായിരുന്നു. സ്നേഹത്തിന്‍റെയും ഉള്ളുലയ്ക്കുന്ന സങ്കടത്തിന്‍റെയും അലകടലാണ് ആ ഗാനം ആസ്വാദകര്‍ക്ക് സമ്മാനിച്ചത്. ഗിരീഷിന്‍റെ മണല്‍ മായ്ക്കുന്ന കാല്‍പ്പാടുകള്‍ തേടി നടക്കുന്ന ജപസന്ധ്യകളാണ് ആരാധകര്‍ക്കിനി ബാക്കിയുള്ളത്.

എം ജയചന്ദ്രന്‍റെ തന്നെ സംഗീതത്തിനു വേണ്ടിയാണ് “ഇന്നലെ എന്‍റെ നെഞ്ചിലെ കുഞ്ഞു മണ്‍‌വിളക്കൂതിയില്ലേ...” എന്ന ഗാനം ഗിരീഷ് രചിച്ചത്. ബാലേട്ടന്‍ എന്ന ചിത്രത്തിലായിരുന്നു ആ ഗാനം. മരണത്തിന്‍റെ കൈപിടിച്ച് പടിയിറങ്ങിപ്പോയ അച്ഛന് മകന്‍ നല്‍കുന്ന സ്മരണാഞ്ജലിയായാണ് ആ ഗാനം ചിത്രത്തില്‍ വരുന്നത്. ആ പാട്ട് കേട്ട് ഉള്ളം കരയാത്തവര്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

കൂരിരുള്‍ കാവിന്‍റെ മുറ്റത്തെ മുല്ലപോലെ ഒറ്റയ്ക്കു നിന്നു എന്നെഴുതാന്‍ ഗിരീഷിനല്ലാതെ മറ്റാര്‍ക്കു കഴിയും? ഒരു തേങ്ങല്‍ പോലെയായിരുന്നു ഗിരീഷ് പുത്തഞ്ചേരി എഴുതിയ വിഷാദഗാനങ്ങളെല്ലാം. “ആകാശദീപങ്ങള്‍ സാക്ഷി....ആഗ്നേയ ശൈലങ്ങള്‍ സാക്ഷി” ഓര്‍ക്കുന്നില്ലേ?. ഒരു യാത്രപോലും പറയാതെ മരണത്തിന് കീഴടങ്ങിയ ഭാനുമതിക്ക് മംഗലശേരി നീലകണ്ഠനും മകന്‍ കാര്‍ത്തികേയനും നല്‍കിയ കണ്ണീര്‍പ്പൂവായി ആ ഗാനം. കവി കുറിച്ച വരികളില്‍ ‘മറയുകയായ് നീയാം ജ്വാലാമുഖം’ എന്ന് കാണാം. ഗിരീഷെന്ന ജ്വാലാമുഖവും ഇനിയില്ല.

പ്രണയവിരഹത്തിന്‍റെ വിഷാദം ചാലിച്ച ഗാനമായിരുന്നു “ആരോ വിരല്‍ മീട്ടി മനസിന്‍ മണ്‍ വീണയില്‍...”. പ്രണയവര്‍ണങ്ങള്‍ എന്ന ചിത്രത്തിലെ ആ പാട്ടിന് ആരാധകര്‍ ഏറെയാണ്. കാറ്റുമിന്നിമായുന്ന വിളക്കായി കാത്തു നില്‍ക്കുന്നതാരാണ് എന്നാണ് നായിക വിവശതയോടെ അന്വേഷിക്കുന്നത്. അവളുടെ മനസിനെ തൂവല്‍ച്ചില്ലുടഞ്ഞ പടമായി ഗിരീഷ് വിശേഷിപ്പിക്കുന്നു.

“ആരോടും മിണ്ടാതെ മിഴികളില്‍ നോക്കാതെ മഞ്ഞില്‍ മായുന്ന മൂകസന്ധ്യേ..”എന്ന് ഗിരീഷ് എഴുതിയത് ചിന്താവിഷ്ടയായ ശ്യാമളയിലാണ്. ഭക്തിയിലേക്ക് അമരുന്നതിന് മുമ്പ് നായകന്‍ ത്യജിക്കുന്ന ബന്ധങ്ങളും ബന്ധനങ്ങളും ഈ ഗാനത്തിന് വിഷാദഛായ പകരുന്നു. കന്‍‌മദത്തിലെ പ്രണയഗാനത്തിനും വിഷാദഭാവമാണ്. “മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍ സൂര്യന്‍..” എന്ന ആ ഗാനം മലയാളിക്ക് എങ്ങനെയാണ് മറക്കാനാവുക?

ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ജീവിതം തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ തേന്‍‌മാവിന്‍ കൊമ്പത്തിലെ മാണിക്യന്‍ ഇങ്ങനെ പാടുന്നു - “നേരു പറഞ്ഞിട്ടും നെഞ്ചു തുറന്നിട്ടും കൂട്ടരും കൈവെടിഞ്ഞു...പിന്നെ പാവം കൂട്ടില്‍ തളര്‍ന്നിരുന്നു....”. ഒറ്റപ്പെട്ടുപോയ ആ മനുഷ്യന്‍ ഉള്ളുനീറിപ്പാടുകയാണ് “കള്ളിപ്പൂങ്കുയിലേ... കന്നിത്തേന്‍‌മൊഴിയേ...”

ഒരേ കടല്‍ എന്ന ശ്യാമപ്രസാദ് ചിത്രത്തില്‍ ഗിരീഷ് രചിച്ച “യമുന വെറുതെ രാപ്പാടുന്നു യാദവം ഹരിമാധവം ഹൃദയഗാനം” എന്ന വിഷാദഗാനം ആരെയും നൊമ്പരപ്പെടുത്തുന്നതാണ്. ആ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഔസേപ്പച്ചന്‍ ശുഭപന്തുവരാളി രാഗത്തിലാണ് ഒരുക്കിയത്. ഒരേ രാഗത്തില്‍ തീര്‍ത്ത പല പാട്ടുകള്‍ക്കായി ഏറ്റവും ഭംഗിയാര്‍ന്ന വരികളാണ് ഗിരീഷ് സമ്മാനിച്ചത്.

“ഒരു യാത്രാ മൊഴിയോടെ വിട വാങ്ങും പ്രിയ സന്ധ്യേ” എന്ന ഗാനം ഗിരീഷ് രചിച്ചത് തന്‍റെ പ്രിയ സുഹൃത്തായ മേജര്‍ രവിയുടെ കുരുക്ഷേത്ര എന്ന ചിത്രത്തിനു വേണ്ടിയാണ്. “മഞ്ഞോലും രാത്രി മാഞ്ഞു യാത്രാമൊഴിയോടെ....” എന്ന ഗാനവും വിരഹത്തിന്‍റെ തീച്ചൂട് അനുഭവിപ്പിക്കുന്നു. ഒരു യാത്രാമൊഴി എന്ന ചിത്രത്തിനു വേണ്ടിയാണ് ഗിരീഷ് ഈ ഗാനമെഴുതിയത്.

ഗിരീഷ് പുത്തഞ്ചേരിക്ക് കണ്ണീര്‍ അഞ്ജലിയായി ഇതാ ‘ഒരു യാത്രാമൊഴി’യിലെ ആ ഗാനം:

മഞ്ഞോലും രാത്രി മാഞ്ഞു യാത്രമൊഴിയോടെ
ആറ്റോരം സൂര്യനെത്തി അന്തിവിളക്കോടെ
അകലുമിരുള്‍ പകലിനായ് കരുതിയൊരു മിഴിനീരോ
ഇടറുമൊരു പുല്‍ക്കൊടിയില്‍ ഉതിരുമൊരു പുലര്‍മഞ്ഞായ്
പാഴ്‌ചിപ്പിയില്‍ പൊന്മുത്തായ്

പൊക്കിള്‍ക്കൊടി തുമ്പിലേ ഞെട്ടറ്റു വീഴുന്നു നാം
അമ്മയ്ക്കു കണ്ണീരുമായ് ഓതുന്നു യാത്രാമൊഴി
തോലുടഞ്ഞാദ്യമായ് പാറിടുമ്പോള്‍
കൂടിനോടോതുവാന്‍ എന്തുവേറേ
ഓരോരൊ ചുണ്ടും ഓതും ഈ മന്ത്രം
പ്രണയത്തി ചെപ്പില്‍ വിരിയും പൂമൊട്ടെ
പൊഴിയുമ്പോള്‍ നിന്നോടോതാന്‍ നെഞ്ചില്‍ യാത്രാമൊഴി മാത്രം

കറുകത്തളിര്‍ കൂമ്പുമായി ബലിപിണ്ഡമൂട്ടുന്ന നാം
താതന്റെ പൊന്നോര്‍മ്മയോടോതുന്നു യാത്രാമൊഴി
പ്രാണനായ് പോന്നവള്‍ക്കന്നമൂട്ടാന്‍
ദൂര തീരങ്ങളില്‍ പോകുവോരേ
പോകുമ്പോള്‍ കാതില്‍ ഓതാന്‍ ഈ മന്ത്രം
പതിയേ വരും കാറ്റില്‍ പടുതിരിയായ് കെട്ടാല്‍
ചിതയേറ്റും മക്കള്‍ക്കോതാന്‍ ചുണ്ടില്‍ യാത്രാമൊഴി മാത്രം

Share this Story:

Follow Webdunia malayalam