Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക സംഗീതദിനം

ലോക സംഗീതദിനം
ഒക്ടോബര്‍ ഒന്ന് .ലോക സംഗീത ദിനം.

മഴയുടെ നേര്‍മ്മ പോലെ സംഗീതത്തിന്‍റെ സാഗരം ലോകമെങ്ങും പടരുമ്പോള്‍ ആ ലോകത്തില്‍ ജീവിക്കുകയും നീന്തിത്തുടിക്കുകയും ചെയ്ത പ്രതിഭകള്‍ക്കുള്ള പ്രണാമമായി ഈ ദിനം മാറുന്നു.

സംഗീതത്തിന്‍റെ പാലാഴി തീര്‍ക്കുന്നവരെ ലോകം ആദരിക്കുന്ന ഈ ദിനം സ്‌നേഹത്തിന്റെ ശുദ്ധി വിളംബരം കൂടിയാണ്..!

സംഗീതം ഈശ്വരന്‍റെ വരദാനമാണ്. അത് ലോകം മുഴുവനും സ്നേഹം കൊണ്ടു മൂടുന്നു. മനസിനു ശാന്തി നല്‍കാന്‍, ആത്മാവിനെ തൊട്ടുണര്‍ത്താന്‍, പ്രണയം വിടര്‍ത്താന്‍, ദുഃഖമകറ്റാന്‍, സംഗീതത്തിന്‍റെ സപ്തസ്വരവിശുദ്ധിക്ക് കഴിയും.

സംഗീതം ആഗോള ഭാഷയാണ്. എവിടെ സംഭാഷണം പരാജയപ്പെടുന്നുവോ അവിടെ സംഗീതം ആരംഭിക്കുന്നു.വികാരങ്ങളുടെ സ്വതസിദ്ധമായ മാധ്യമമാണത്. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വികാരങ്ങളുടെ ഹൃദയാഴങ്ങളെ അത് പ്രതിഫലിപ്പിക്കുന്നു.

വേദനകളെ സംഗീതത്തിന്‍റെ മാസ്മരലഹരി കൊണ്ട് സാന്ത്വനിപ്പിച്ച പൂര്‍വ്വികരായ എല്ലാ സംഗീതജ്ഞര്‍ക്കും പ്രണാമം. സപ്തസ്വരവിസ്താരത്താല്‍ സംഗീതത്തിന്‍റെ ആത്മാവ് കണ്ടറിഞ്ഞ എല്ലാ സംഗീത പ്രണയികള്‍ക്കും ഈ ദിനത്തില്‍ സ്നേഹത്തിന്‍റെ ഒരിതള്‍പ്പൂവ്.

1975 ഒക്ടോബര്‍ ഒന്ന് മുതലാണ് അന്തര്‍ദ്ദേശീയ സംഗീത ദിനം ആചരിച്ചു തുടങ്ങിയത്. ലോക ജനതയ്ക്കിടയില്‍ സമാധാനവും സൌഹൃദവും നിലനില്‍ക്കാന്‍ വേണ്ടിയാണ് യുനെസ്കോ ഈ ദിനാചരണത്തിനു തുടക്കമിട്ടത്.

പ്രമുഖ സംഗീതജ്ഞനായ യഹൂദി മെനൂഹിന്‍ അന്തര്‍ദ്ദേശീയ മ്യൂസിക് കൌണ്‍സിലിന്‍റെ അധ്യക്ഷനായിരിക്കെ ആദ്ദേഹവും ബോറിസ് യാരുസ്റ്റോവ്സ്കിയും ചേര്‍ന്നായിരുന്നു യുനെസ്കോയുടെ അംഗരാജ്യങ്ങളോട് ഒക്ടോബര്‍ ഒന്നിന്‍് സംഗീത ദിനം ആചരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്.

വിവിധ സമൂഹങ്ങളുടെ സൌന്ദര്യാത്മക കലാസ്വാദനം വര്‍ദ്ധിപ്പിക്കാനും അത് പരസ്പരം കൈമാറാനും ആസ്വദിക്കാനും ഉള്ള അവസരമാണ് സംഗീത ദിനാചരണം. ഇതിനായി അന്തര്‍ദ്ദേശീയ മ്യൂസിക് കൌണ്‍സില്‍ ചില മാര്‍ഗ്ഗരേഖകള്‍ നല്‍കുന്നുണ്ട്.

* യുനെസ്കോയിലും മ്യൂസിക് കൌണ്‍സിലിലും മികച്ച സംഗീതജ്ഞന്‍‌മാരെയും സംഗീത പണ്ഡിതരെയും വിളിക്കുകയും അവരുടെ സംഗീത കച്ചേരികളും സോദാഹരണ പ്രഭാഷണങ്ങളും അവതരിപ്പിക്കുക.

* സംഗീത സംഗമവും മത്സരങ്ങളും ക്വിസ്സുകളും സംഘടിപ്പിക്കുക.

* സംഗീത ഉപകരണങ്ങള്‍, റിക്കോഡുകള്‍, കസറ്റുകള്‍, പോസ്റ്ററുകള്‍, പെയിന്‍റിംഗുകള്‍, കാരിക്കേച്ചറുകള്‍, ഫോട്ടോകള്‍, സംഗീത സംബന്ധിയായ വിഷയങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം നടത്തുക.

* സംഗീതത്തെ കുറിച്ച് റേഡിയോയിലും ടെലിവിഷനിലും പരിപാടികള്‍ ആവിഷ്കരിക്കുക. പത്രമാധ്യമങ്ങളിലൂടെ ഈ ദിനത്തിന് പ്രചാരണം കൊടുക്കുക.

ഇതോടൊപ്പം തന്നെ സംഗീതം ലോകമെങ്ങും ശബ്ദമലിനീകരണത്തിനുള്ള ഒരു ഉപാധിയായി മാറുന്നത് തടയാനും ഈ ദിനാചരണം സന്ദേശം നല്‍കുന്നു.

പൊതുസ്ഥലത്ത് അത്യുച്ചത്തില്‍ പാട്ടുകള്‍ വയ്ക്കുന്നത് പൊതുജനങ്ങള്‍ക്ക് ശല്യമാകാനേ ഉപകരിക്കു. സംഗീതം ഹൃദ്യമായും മൃദുവായും ആസ്വദിക്കാനുള്ള അവസരമാണ് ഉണ്ടാകേണ്ടത്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിവി പരിപാടികള്‍ (തിങ്കള്‍, 01 ഒക്ടോബര്‍ 2007)