Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാതി തിരുനാള്‍ അപൂര്‍വ്വ രാഗങ്ങള്‍

സ്വാതി തിരുനാള്‍ അപൂര്‍വ്വ രാഗങ്ങള്‍
സ്വാതി തുരുനാള്‍ അപൂര്‍വ്വ രാഗങ്ങള്‍

സംസ്കൃതം, മലയാളം, ഹിന്ദുസ്ഥാനി, തെലുങ്ക് എന്നീ ഭാഷകളിലെല്ലാം സ്വാതി തിരുനാള്‍ സംഗീത കൃതികള്‍ രചിച്ചിട്ടുണ്ട്.

അപൂര്‍വ്വ രാഗങ്ങളായ സൈന്ധവി, ഗോപികാവസന്തം, ലളിത പഞ്ചമം, ഖട്ട്, ചര്‍ച്ചരി, വിഭാസ് എന്നീ രാഗങ്ങള്‍ കൃതികളില്‍ പ്രയോഗിച്ചിട്ടുണ്ട്. പദവര്‍ണ്ണങ്ങള്‍ , താന വര്‍ണ്ണങ്ങള്‍, സ്വരകൃതികള്‍, കീര്‍ത്തനങ്ങള്‍, പദങ്ങള്‍, തില്ലാനകള്‍, ജാവളികള്‍, എന്നിവ കൂടാതെ ഉത്തരേന്ത്യന്‍ സന്പ്രദായങ്ങളായ ദ്രുപത്, ഖയാല്‍, ഭജന്‍, എന്നിവയിലും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

കല്യാണി, ബേഗഡ, അഠാണ, സുരുട്ടി, തോടി എന്നീ രാഗങ്ങള്‍ ഉള്‍ക്കൊളളുന്ന രാഗമാലിക, സ്വരജതിയും അദ്ദേഹത്തിന്‍റെതായിട്ടുണ്ട്.

കൃതികള്‍ അധികവും പത്മനാഭ സ്തുതിപരങ്ങളാണെങ്കിലും ശിവന്‍, സുബ്രഹ്മണ്യന്‍, ഗണപതി മുതലായ ദേവകളെ സ്തുതിക്കുന്നവയുമുണ്ട്. നവരാത്രി ദിവസങ്ങളില്‍ പാടുന്ന നവരാത്രി കീര്‍ത്തനങ്ങള്‍ സ്വാതിതിരുന്നാളിന്‍റെ സംഭാവനയാണ്.

പത്മനാഭ ദാസനായ അദ്ദേഹത്തിന്‍റെ കൃതികളില്‍ പത്മനാഭ എന്നോ, ജലജനാഭാ, സരസിജനാഭാ എന്നോ ഉളള പത്മനാഭ മുദ്രകള്‍ കാണാം. മോഹിനിയാട്ടത്തെ ദാസിയാട്ടമെന്ന ദുഷ്പ്പേരില്‍ നിന്ന് രക്ഷിച്ച് സൂക്ഷ്മാവാധാന ആവിഷ്ക്കാരം ചെയ്യുന്ന നൃത്തരൂപമാക്കി മാറ്റിയതില്‍ സ്വാതി തിരുന്നാളിന്‍റെ പങ്ക് നിസ്തുലമാണ്.

കേരളത്തില്‍ ഹരികഥാ ആഖ്യാനത്തിന്‍റെ പ്രാധാന്യം തിരിച്ചറിയുകയും പ്രചരിപ്പിക്കുകയും ചെയ്തത് സ്വാതിതിരുന്നാളാണ്. ഇതിനായി അദ്ദേഹം സംസ്കൃതത്തില്‍ കുചേലാഖ്യാനാവും അജാമിളോപാഖ്യാനവും രചിച്ചു.


മഹാരാഷ്ട്രയില്‍ വേരുകളുളള ഹരികഥ 19-ാം നൂറ്റാണ്ടില്‍ കര്‍ണ്ണാടക സംഗീതത്തിന്‍റെ മേഖലയില്‍ പ്രചുര പ്രചാരം നേടി . തഞ്ചാവൂരിലെ സാരഭോജി രാജാവിന്‍റെ സഭയില്‍ ഇക്കാലത്ത് ഒരു ഹരികഥാ വിദഗ്ദ്ധനുണ്ടായിരുന്നു

അനന്തപത്മനാഭനെന്ന അദ്ദേഹത്തെ സ്വാതിതിരുന്നാള്‍ സഭയിലേക്ക് ക്ഷണിച്ച് ഗുരുവായി അംഗീകരിച്ച് , കൃതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നര്‍ബന്ധിക്കുകയും ചെയ്തു. സ്വാതിതിരുന്നാളിന്‍റെ രചനകള്‍ അഞ്ച് വിഭാഗമാണ്-

കീര്‍ത്തനം, പദം, വര്‍ണ്ണം, തില്ലാന, പ്രബന്ധം. 300 ലേറെ കീര്‍ത്തനങ്ങള്‍ കൂടാതെ തവരത്നമാലികയും നവവിധ ഭക്തിമഞ്ജരിയും സ്വാതിതിരുന്നാള്‍ രചിച്ചു.

സ്വാതിതിരുന്നാളിന്‍റെ ഉദാത്തമായ സംഗീത പ്രതിഭയ്ക്ക് ഉത്തമ നിദാനമാണ് അദ്ദേഹത്തിന്‍റെ പദങ്ങളും വര്‍ണ്ണങ്ങളും. എട്ട് ചരണങ്ങളുളള "പന്നഗേന്ദ്ര ശയന ' എന്ന പദം ശ്രീപത്മനാഭദാസനായ സ്വാതിയുടെ സമര്‍പ്പിത ഹൃദയത്തിന്‍റെ പ്രതിഫലനമാണ് സംഗീതഞ്ജനെന്ന നിലയില്‍ സ്വാതിതിരുന്നാളിന്‍റെ ഉത്കൃഷ്ട രചനകളാണ് "സ്വാമി നിന്നെ', " ഇന്ദുമുഖീ നീ സമയ......' എന്ന് തുടങ്ങുന്ന വര്‍ണ്ണങ്ങള്‍ അഞ്ച് തില്ലാനകളും അദ്ദേഹത്തിന്‍റെതായിട്ടുണ്ട്.


സംഗീതത്തിന്‍റെ അഭൗമമായ പരിവേഷങ്ങള്‍ ഭൂമിയിലേക്കാലത്തേയ്ക്കും ബാക്കിയാക്കി; അനശ്വരമായ യശസ്സിന്‍റെ ഉടമയായി സ്വാതി തിരുന്നാള്‍ ലോകം വെടിഞ്ഞു.


Share this Story:

Follow Webdunia malayalam