കഥകളി സംഗീതത്തില്‍ പകരം വയ്ക്കാനില്ലാത്ത പേരാണ്-കലാമണ്ഡലം ഹൈദരാലി. കഥകളി സംഗീതത്തിന് സ്വന്തമായൊരു സ്ഥാനം കലാ കേരളത്തില്‍ നേടിക്കൊടുത്ത കലാകാരനാണ് ഹൈദരാലി .
കഥകളി സംഗീതത്തിന് പുതിയ മാനങ്ങള്‍ നല്കിയ ഹൈദരാലി ഹൈന്ദവര്‍ക്ക് മേധാവിത്വത്തമുണ്ടായിരുന്ന ഈ രംഗത്തെത്തിയ ആദ്യ മുസ്ളീമാണ്. ഇതുമായി ബന്ധപ്പെട്ട രചനകളും നടത്തിയിട്ടുണ്ട്.
ഓര്‍ത്താല്‍ വിസ്മയം എന്ന ലേഖന സമാഹാരമാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ അവസാന പുസ്തകം.
കഥകളിയ്ക്കുണ്ടായിരുന്ന ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ തകര്‍ത്തെറിഞ്ഞ് ചരിത്രത്തില്‍ സ്ഥാനം നേടിയ അപൂര്‍വ പ്രതിഭയാണ് ഹൈദരാലി. കര്‍ണാടക സംഗീതത്തിന്റെയോ കഥകളിയുടെയോ പശ്ഛാത്തലവും അറിവുമില്ലാതെ കലാമണ്ഡലത്തിലെത്തിയ ഹൈദരാലി കഥകളി സംഗീതത്തിലെ കുലപതിയായി മാറുകയായിരുന്നു.
1946 ഒക്ടോബര്‍ ആറിന് വടക്കാഞ്ചേരിയിലെ ഓട്ടുപാറയില്‍ വെളുത്താട്ടില്‍ മൊയ്തൂട്ടിയുടെയും പാത്തുമ്മയുടെയും മകനായി ജനിച്ച ഹൈദരാലി കടുത്ത ദാരിദ്യ്രത്തിനിടയിലാണ് കുട്ടിക്കാലം ചെലവഴിച്ചത്. പാട്ടുകാരന് ബാപ്പൂട്ടിയെന്ന് അറിയപ്പെട്ടിരുന്ന ഹൈദരാലി കലാമണ്ഡലത്തിലെത്തിയതോടെ കഥകളി സംഗീതമാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞു.
അഞ്ചാം ക്ളാസ് വിദ്യാഭ്യാസത്തിനുശേഷം 1957 മുതല്‍ 65 വരെ കലാമണ്ഡലത്തില്‍ കഥകളി സംഗീതം അഭ്യസിച്ചു. കലാമണ്ഡലം ശിവരാമന് നായര്‍, കലാമണ്ഡലം നീലകണ്ഠന് നമ്പീശന്, കലാമണ്ഡലം ഗംഗാധരന് എന്നിവരുടെ കീഴിലായിരുന്നു പഠനം. സ്വദേശത്തും വിദേശത്തും നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ച ഹൈദരാലി കഥകളി സംഗീതത്തിന് പുതിയ മാനങ്ങള്‍ നല്കി.
37 വര്‍ഷം ഫാക്ട് സ്കൂളിലെ സംഗീത അധ്യാപകനായിരുന്ന അദ്ദേഹം കലാമണ്ഡലത്തിലെ വിസിറ്റിംഗ് പ്രൊഫസറുമാണ്. നാട്യ ഭാരതി അവാര്‍ഡ് ജേതാവായ ഹൈദരാലിക്ക് 1998-ല്‍ കേന്ദ്ര സര്‍ക്കാറിന്റെ സീനിയര്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷം വടക്കാഞ്ചേരിയിലാണ് ഹൈദരാലി താമസിച്ചിരുന്നത്.
അഫ്സയാണ് ഭാര്യ. ഹരീഷ് മകനും ഹസിത മകളുമാണ്.
കലാമണ്ഡലത്തിലേയ്ക്കുള്ള യാത്രകള്‍ ഹൈദരാലി തുടങ്ങിയത് പതിനൊന്നാമത്തെ വയസ്സിലാണ്. പഠനം കഴിഞ്ഞതിനു ശേഷവും അത് തുടര്‍ന്നു.
കലാമണ്ഡലത്തിലേയ്ക്കുള്ള പതിവ് യാത്രകളിലൊന്നില്‍ മരണം വില്ലനായെത്തി. സാംസ്കാരിക കേരളവും അദ്ദേഹത്തെ ടുത്തറിയാവുന്നവരും വിതുമ്പലോടെ ആ യാഥാര്‍ത്ഥ്യം ഏറ്റുവാങ്ങി .
വി.ആര്.പ്രബോധചന്ദ്രന്‍ നായര്‍
കേരള കലാമണ്ഡലം ചെയര്മാന്
കഥകളി സംഗീതരംഗത്തെ നിസ്തുല പ്രതിഭാശാലിയായിരുന്നു കലാമണ്ഡലം ഹൈദരാലി. കലാമണ്ഡലം നല്കിയ സംഭാവനകളില്‍ ഏറ്റവും മുന്തിയ സ്ഥാനം അര്‍ഹിക്കുന്ന മൂന്നോ നാലോ കലാകാരന്മാരില് സ്വന്തം സ്വരം വേറിട്ടു കേള്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
സംഗീതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നാടന്‍പാട്ട് തൊട്ട് ശാസ്ത്രീയ സംഗീതകച്ചേരിയുടെ അവതരണം വരെയുള്ള എല്ലാ മേഖലകളിലും അദ്ദേഹം സ്വന്തം സ്ഥാനം അദ്വിതീയം എന്ന് തെളിയിച്ചു. വിശിഷ്ടനായ ഒരു കലാകാരന് എന്നതിനപ്പുറമെന്നല്ല ഒരു സുഹൃത്ത് എന്ന മേന്മയും ഹൈദരാലിക്ക് അവകാശപ്പെട്ടതാണ്.
കഥകളി സംഗീതരംഗത്ത് അദ്ദേഹത്തിന്റെ സിംഹാസനം എന്നും ഒഴിഞ്ഞു തന്നെ കിടക്കും.
ഡി. വിനയചന്ദ്രന്
കവി, അധ്യാപകന്
നരേന്ദ്രപ്രസാദിന്റെ മരണം പോലെ അസഹനീയവും നടുക്കുന്നതുമായിരുന്നു ഹൈദരാലിയുടെ മരണം. കലയുടെ അസാധാരണമായ സാന്നിധ്യമായിരുന്നു കലാമണ്ഡലം ഹൈദരാലി. സംഗീതത്തിന് മാത്രമല്ല സൗഹൃദങ്ങള്‍ക്കും അസാധാരണമായ ആ പ്രകാശം തെളിഞ്ഞ ഓര്‍മ്മയാണ്.
ജാതി, മതം എന്നിവയെ അതിജീവിച്ചാണ് ഹൈദരാലിയുടെ കലാജീവിതം അതിന്റെ പ്രാപ്തിയിലെത്തിയത്. ജാതി മത സങ്കല്പങ്ങള്ക്ക് അതീതമായി ഇന്ത്യന്‍ അവസ്ഥയില്‍ കലയില്‍ കബീറിന് തുല്യമായ സ്ഥാനമാണ് മലയാളത്തില്‍ ഹൈദരാലിക്കുള്ളത്. അടുത്തിടെ തിരുവനന്തപുരത്ത് തുളസീവനം സമ്മാനം വാങ്ങാനെത്തിയപ്പോഴാണ് ഞങ്ങള്‍ അവസാനമായി തമ്മില്‍ കണ്ടത്. ഭാര്യയും മകളും മരുമകനുമൊത്ത് എത്തിയ ഹൈദരാലി നിറഞ്ഞ സന്തോഷവാനായിരുന്നു.
നാട്ടില്‍ അയല്വക്കക്കാരനായിരുന്ന തോമസ് ചേട്ടന് നല്കിയ ഫീസ് കൊണ്ട് പഠനം തുടങ്ങിയതും എം.കെ.കെ.നായരുടെ സഹകരണത്താല്‍ ജോലി ലഭിച്ചതുമൊക്കെ ഹൈദരാലി അന്ന് ഓര്‍മ്മിച്ചു. എന്റെ യാത്രകളില്‍ ഹൈദരാലിക്കൊപ്പം പാട്ട് കേള്‍ക്കാനായി പോയിരിക്കുമായിരുന്നു. ഇനി അത് ഓര്‍മ്മകള്‍ മാത്രമാണെന്ന് വിശ്വസിക്കാനാണ് ഏറെ പ്രയാസം.
മുരളി
അഭിനേതാവ്, എഴുത്തുകാരന്
ഹൈദരാലിയും ഞാനുമായി നീണ്ട നാളത്തെ വ്യക്തിബന്ധമുണ്ടായിരുന്നു. ഭരതന്റെ സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു ഹൈദരാലിയെ പരിചയപ്പെട്ടത്. ഹൈദരാലി, ഭരതന്, ഒടുവില്‍ ഉണ്ണികൃഷ്ണന് എന്നിവര്‍ ഒരേ നാട്ടുകാര്‍ ആയിരുന്നുവെന്നാണ് എന്റെ ഓര്‍മ്മ. ധാരാളം അരങ്ങുകളില്‍ ഹൈദരാലിയുടെ സംഗീതം കേള്‍ക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. ഹൈദരാലിയുടെ സംഗീതം റെക്കോര്‍ഡ് ചെയ്തതും കേള്‍ക്കുമായിരുന്നു.
ധാരാളം സായാഹ്നങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നതും ഹൈദരാലി പാടിയതും ഇന്നും എനിക്ക് വലിയ അനുഭവമാണ്. ഈ വാര്‍ത്ത ശരിക്കും എന്നെ ഞെട്ടിച്ചുകളഞ്ഞു. പെരുകിവരുന്ന വാഹനാപകടങ്ങളില്‍പ്പെട്ട് ഒരു കലാകാരന് കൂടി പൊലിഞ്ഞുവെന്നത് വലിയ ആശങ്കയോടുകൂടിയാണ് ഞാന്‍ കാണുന്നത്.
കഥകളി സംഗീതലോകത്തെ പ്രധാനിയായിതന്നെയാണ് ഹൈദരാലിയെ മനസിലാക്കുന്നത്. ജീവിതത്തിലെ നിരവധി തിക്താനുഭവങ്ങളില്‍ നിന്നും വളര്‍ന്നതിന്റെ ജീവിതാനുഭവങ്ങള്‍ ഹൈദരാലി പറയുമായിരുന്നു. സവര്‍ണ കലയായ കഥകളി സംഗീതത്തിന്റെ ലോകത്തേയ്ക്ക് അവര്‍ണ്ണനായി കടന്നു വരികയും കഥകളി സംഗീതത്തെ തന്നെ മാറ്റിത്തീര്‍ക്കുകയും ചെയ്ത ഹൈദരാലിയുടെ വേര്‍പാട് കഥകളി ലോകത്തിന് തീരാനഷ്ടമാണ്.