വടക്കുന്നനാഥന്‍റെ തട്ടകമാണ് തിരു-ശിവ-പേരൂരിന്‍റെ ലോപനാമം വഹിക്കുന്ന തൃശൂര്‍. നഗരമധ്യത്തിലുള്ള വടക്കുനാഥനായ ശിവമൂര്‍ത്തിയെ ദര്‍ശിക്കാന്‍ എന്നും ജനപ്രവാഹമാണ്.
പരശുരാമന്‍റെ തപസ്സിനും ഇച്ഛയ്ക്കുമനുസരിച്ച് കേരളത്തില്‍ കുടിപാര്‍ക്കാമെന്ന് ശിവന്‍ തീരുമാനിക്കുകയും, അതിനായി പ്രകൃതിമനോഹരമായ സ്ഥലം അന്വേഷിച്ചപ്പോള്‍, പരശുരാമന്‍ ചൈതന്യപൂര്‍ണ്ണമായ ഒരു സ്ഥലം കാണിച്ച് കൊടുത്ത്, അവിടെ പ്രത്യക്ഷപ്പെടുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. ആ ഭൂമിയാണ് പിന്നീട് തൃശൂരായിത്തീര്‍ന്നത്.
തൃശൂരില്‍ പൂരം ആരംഭിച്ചിട്ട് 200 കൊല്ലമെങ്കിലുമായിട്ടുണ്ടാവും. ശക്തന്‍ തമ്പുരാന്‍റെ കാലത്താണ് ആദ്യമായി പൂരം കൊണ്ടാടിയത്. അന്നുവരെ ആറാട്ടുപുഴ പൂരമായിരുന്നു പൂരങ്ങളില്‍ ഏറ്റവും പ്രധാനം.
ആറാട്ടുപുഴ പൂരത്തിന് മുപ്പത്തിമുക്കോടി ദേവന്‍മാരും പങ്കെടുക്കുന്നുവെന്നായിരുന്നു സങ്കല്പം. ഒരു പൂരത്തിന് തൃശൂരുള്ള ദേവീദേവന്‍മാര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ലൈത്രെ. അന്ന് രാജ്യം മുഴുവന്‍ പേമാരിയും വെള്ളപ്പൊക്കവും ഉണ്ടായി.
അതിവര്‍ഷത്തില്‍ നിന്ന് ദേശത്തെ രക്ഷിക്കാനായി ശക്തന്‍ തമ്പുരാന്‍ തൃശൂരില്‍ പൂരം ആരംഭിച്ചു. അതിവിപുലവും ബൃഹത്തുമായ രീതിയില്‍ ആരംഭിച്ച പൂരം താമസിയാതെ ആറാട്ടുപുഴ പൂരത്തെ അതിശയിച്ചു.
കുറച്ച് നാള്‍ കൊണ്ട് തൃശൂര്‍പൂരം പൂരങ്ങളില്‍ പ്രഥമസ്ഥാനത്തെത്തി. ഓരോ വര്‍ഷം കഴിയുന്തോറും പൂരത്തിനെത്തുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ച് വന്നു. തൃശൂരിന്‍റെ മുഖമുദ്രയാണിന്ന് ദൃശങ്ങളുടെ വിസ്മയമായ പൂരം.
തൃശ്ശൂര്‍ പൂരം - ദൃശ്യസമ്പന്നതയുടെ കലവറ
തൃശ്ശൂര്‍ പൂരം - ദൃശ്യസമ്പന്നതയുടെ കലവറ
കാഴ്ചയുടെ അത്ഭുതാവഹമായ സമ്പന്നതയാണ് തൃശൂര്‍പൂരം. ദേശവാസികള്‍ ഓരോ വര്‍ഷവും പൂരം കഴിയുമ്പോള്‍ അടുത്ത പൂരത്തിനായി കാത്തിരിക്കുന്നു.
എരിയുന്ന മെയ്മാസ ചൂടില്‍, അനേക ലക്ഷം ആളുകള്‍ തേക്കിന്‍കാട് മൈതാനിയുടെ കാഴ്ച മാത്രം മതി വര്‍ണ്ണങ്ങളുടെ ഈ വിചിത്ര വിസ്മയ കേരളീയരുടെ ഹൃദയത്തില്‍ എത്രമാത്രം സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍.
ഇന്ന് "പൂരം' എന്ന വാക്ക് തന്നെ തൃശൂര്‍ പൂരത്തെക്കുറിക്കുന്നതായി മാറിക്കഴിഞ്ഞു.
ഏപ്രില്‍-മെയ് മാസത്തിലാണ് പൂരം തുടങ്ങുന്നത്. അതിനുമെത്രയോ മുമ്പ് തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കും. വിഭവങ്ങളുടെ പുത്തന്‍ കാഴ്ചകളുമായി കൊച്ച് കടകള്‍ എമ്പാടും ഉയരുന്നു. തൃശൂര്‍ ദേശം മുഴുവന്‍ പൂരത്തിന്‍റെ ആഘോഷങ്ങളിലേക്കും അപൂര്‍വതയിലേക്കും കുതിക്കുകയാണ്.
ആചാരങ്ങള്‍
പുരത്തിന്‍റെ പ്രധാന ദിവസത്തിന് പതിനഞ്ച് ദിവസം മുമ്പ് തന്നെ വടക്കുന്നാഥന്‍റെ തിരുനടയില്‍ കൊടിയേറുന്നു. മൂന്ന് പ്രധാന സ്ഥലങ്ങളില്‍ മുളകൊണ്ട് പടുത്തുയര്‍ത്തിയ പന്തലുയരുന്നു. ഈ പന്തലിലാണ് "കമ്പ'ക്കെട്ടിന്‍റെ രാത്രിയില്‍ രണ്ട് പ്രധാന വിഭാഗക്കാരുടെ ആനകള്‍ നില്‍ക്കുന്നത്.
കോലോത്തുപൂരം : പൂരത്തിന് രണ്ട് ദിവസം മുമ്പ് "കോലോത്തുപുരം' എന്ന അനുഷ്ഠാനം നടക്കുന്നു. "കൊച്ച് വെടിക്കെട്ട്' എന്നും പറയുന്നുണ്ട്.
പണ്ട് പൂരത്തിന് രാജകുടുംബാംഗങ്ങള്‍ പങ്കെടുക്കില്ലായിരുന്നു. സാധാരണയാളുകള്‍ തങ്ങളെ കാണുന്നതിലുളള വിമുഖതയായിരുന്നു കാരണം. അതു കാരണം സാക്ഷാല്‍ പുരത്തിന് രണ്ട് ദിവസം മുമ്പ് രാജകുടുംബാംഗങ്ങള്‍ക്ക് വേണ്ടി നടത്തുന്ന പൂരമായിരുന്നു കോലോത്തുപൂരം .
രാജഭരണമില്ലാതായതോടെ ഈ പൂരത്തിന്‍റെ പ്രസക്തി കുറഞ്ഞു. ഇന്ന് അത് ചെറിയ കമ്പക്കെട്ടോടു കൂടിയ ഒരനുഷ്ഠാനമായി മാറിപ്പോയി.
പൂരപ്രധാനികള്‍ : പൂരത്തില്‍ പങ്കെടുക്കുന്നതില്‍ രണ്ട് വിഭാഗക്കാരാണ് പ്രധാനം. പാറമേക്കാവും തിരുവമ്പാടി ക്ഷേത്രവും. കണിമംഗലം, കാരമുക്ക്, ചെമ്പ്കാവ്, ചൂരക്കോട്ട്, ലാലൂര്‍, അയ്യന്തോള്‍, നെയ്തലക്കാവ് തുടങ്ങിയ അമ്പലങ്ങളും പൂരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. ഈ ക്ഷേത്രങ്ങളില്‍ പുരുഷ ദൈവം കണിമംഗലത്ത് മാത്രമാണ്.
പൂരത്തലേന്ന് : പൂരത്തിന് തലേന്ന് തിരുവമ്പാടിക്കും പാറമേക്കാവും ആനകളുടെ അലങ്കാരങ്ങളുടെ പ്രദര്‍ശനം നടത്തുന്നു. സ്വര്‍ണ്ണത്താല്‍ നിര്‍മിച്ച ഈ അലങ്കാരങ്ങള്‍ ഓരോ വര്‍ഷവും മാറിക്കൊണ്ടിരിക്കും.
ഈ അലങ്കാരങ്ങളില്‍ പ്രധാനം "കോലം' (നടുനായകനായ ആനയുടെ നെറ്റിയില്‍ വയ്ക്കുന്നത്) നെറ്റിപ്പട്ടം, കുട, ആലവട്ടം, വെഞ്ചാമരം, അനേകം വെള്ളിവട്ടങ്ങള്‍ എന്നിവയാണ് ജനസഹസ്രങ്ങളാണ് സുന്ദരമായ ഈ കാഴ്ചയ്ക്ക് വേണ്ടി തൃശൂരിലെത്തുന്നത്.
പൂരം, ദേവസമ്മേളനം
ഒറ്റ ആനയുമായി കണിമംഗലത്ത് ദേവന്‍ വടക്കുന്നാഥനെ ദര്‍ശിക്കാനെത്തുന്നതോടെയാണ് പൂരക്കൊടിയേറ്റം. കണിമംഗലത്തുകാര്‍ക്ക് ശേഷം ഓരോരുത്തരായി വടക്കുന്നാഥനെ ദര്‍ശിക്കാനായി എത്തിച്ചേരുന്നു.
തിരുവമ്പാടിക്കാര്‍ ആദിശങ്കരനാല്‍ സ്ഥാപിതമായ "മഠത്തില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഇതിനെ മഠത്തില്‍ വരവ് എന്നാണ് പറയുക.
മൂന്ന് ആനകളുമായി മഠത്തില്‍ നിന്ന് പുറപ്പെടുന്ന തിരുവമ്പാടിക്കാര്‍ തേക്കിന്‍കാട് മൈതാനത്തിലെത്തുമ്പോള്‍ പതിനഞ്ച് ആനകളാല്‍ അകമ്പടി സേിവിക്കപ്പെടുന്നു.
പഞ്ചവാദ്യം കൊണ്ട് അന്തരീക്ഷം പതിനഞ്ചാനകളുമായി അണിനിരന്ന് വൈകുന്നേരം നടക്കാനിരിക്കുന്ന കുടമാറ്റത്തിന് ഒരുങ്ങുന്നു.
കുടമാറ്റം
വിസ്മയകരമായ ദൃശ്യ മനോഹരിതയാണ് കുടമാറ്റത്തിന്. വിവിധ വര്‍ണ്ണങ്ങള്‍ നിറഞ്ഞ കുടകള്‍, പഞ്ചവാദ്യ താളത്തിനൊപ്പം, ആനപ്പുറത്തിരുന്ന് പരസ്പരം മാറ്റുന്നു.
പിന്നീട് ഇലഞ്ഞിത്തറമേളം ആരംഭിക്കുന്നു. ഇത് രണ്ടര മണിക്കൂറോളമുണ്ടാകും. വടക്കുനാഥക്ഷേത്രത്തിന്‍റെ തെക്കേ കവാടത്തിലൂടെ പാറമേക്കാവ് കൂട്ടര്‍ പുറത്തേക്ക് വരുന്നു.
പൂരത്തിന് മാത്രമാണ് ഈ കവാടം തുറക്കുന്നത്. പിന്നീട് തിരുവമ്പാടിക്കാരും പുറത്തേക്ക് വരുന്നതോടെ കുടമാറ്റം വിപുലമായി ആരംഭിക്കുകയായി. രണ്ട് കൂട്ടരും മത്സരിച്ച് കുടമാറ്റം നടത്തുന്നു. കാണികളാണ് വിജയിയെ നിശ്ഛയിക്കുന്നത്.
ഒരു മണിക്കൂര്‍ വിശ്രമത്തിനുശേഷം വീണ്ടും ഇതെല്ലാം ആരംഭിക്കുന്നു....
നിറങ്ങളുടെ കമ്പക്കെട്ട്
പാതിരാത്രിയോടെ കമ്പക്കെട്ട് ആരംഭിക്കുന്നു. മണിക്കൂറോളം നീണ്ട് നില്‍ക്കുന്ന കമ്പക്കെട്ട് അവസാനിക്കുമ്പോഴേക്ക് കാഴ്ചയുടെ സുന്ദരാനുഭവമായ പൂരം കഴിയുന്നു. തൃശൂര്‍നഗരവും മലയാളികളും അടുത്ത പൂരത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങുന്നു.