Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈന ഭൂപടം പിടിച്ചെടുത്തില്ല: ഇന്ത്യ

ചൈന ഭൂപടം പിടിച്ചെടുത്തില്ല: ഇന്ത്യ
ന്യൂഡല്‍ഹി , തിങ്കള്‍, 30 ഓഗസ്റ്റ് 2010 (08:33 IST)
ഷാംഗായ് എക്സ്പോയില്‍ വച്ച് ചൈന ഇന്ത്യന്‍ പവലിയനില്‍ അനാവശ്യ കടന്നുകയറ്റം നടത്തിയിട്ടില്ല എന്ന് ഇന്ത്യ. പവലിയനില്‍ നിന്ന് ഇന്ത്യന്‍ ഭൂപടം ഉള്‍പ്പെട്ട പ്രസിദ്ധീകരണങ്ങള്‍ ചൈന പിടിച്ചെടുത്തു എന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യ നിഷേധിച്ചു‍.

ജൂലൈയില്‍ നടന്ന ഷാംഗായ് എക്സ്പോയില്‍ അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമായി ചിത്രീകരിച്ച ഭൂപടങ്ങള്‍ ചൈനീസ് പൊലീസ് ഇന്ത്യന്‍ പവലിയനില്‍ നിന്ന് ബലമായി പിടിച്ചെടുത്തു എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.

കശ്മീരിലെ ഇന്ത്യന്‍ സൈനിക ഓഫീസര്‍ക്ക് ചൈന വിസ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം വഷളായിരിക്കുന്ന അവസരത്തിലാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ചൈന അനുകൂല പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കശ്മീര്‍ തര്‍ക്ക സ്ഥലം ആയതിനാല്‍ വിസ നല്‍കാനാവില്ല എന്നായിരുന്നു ചൈനയുടെ വിശദീകരണം.

കശ്മീരില്‍ നിന്നും അരുണാചലില്‍ നിന്നും ഉള്ള ഇന്ത്യന്‍ പൌരന്‍‌മാര്‍ക്ക് ചൈന പാസ്പോര്‍ട്ടില്‍ വിസ പതിച്ചു നല്‍കാത്തത് ഇന്ത്യന്‍ പ്രതിഷേധത്തിനു കാരണമായിരുന്നു. തര്‍ക്ക പ്രദേശങ്ങളായതിനാലാണ് പേപ്പര്‍ വിസ നല്‍കുന്നത് എന്നതായിരുന്നു ഇതിനു ചൈന നല്‍കിയ വിശദീകരണം. കശ്മീരും അരുണാചലും തര്‍ക്ക സ്ഥലമായി കാണുന്നതിന്റെ ഉത്തമ ഉദാഹരണമാണ് കശ്മീരിലെ സൈനിക കമാന്‍ഡര്‍ക്ക് ചൈന വിസ നിഷേധിച്ചത്.

Share this Story:

Follow Webdunia malayalam