കോടതിയലക്‍ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഒളിവിലായിരുന്ന ജസ്റ്റിസ് സി എസ് കര്‍ണന്‍ അറസ്റ്റില്‍. കോയമ്പത്തൂരില്‍ നിന്നാണ് കര്‍ണനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നരമാസമായി ഒളിവിലായിരുന്നു. ഈ മാസം 11 മുതല്‍ 13 വരെ കര്‍ണന്‍ കേരളത്തിലും ഒളിവില്‍ കഴിഞ്ഞു.
കൊച്ചി പനങ്ങാടുള്ള ലേക്ക് സിംഫണി റിസോര്‍ട്ടിലായിരുന്നു കര്‍ണന്‍ ജൂണ്‍ 11 മുതല്‍ 13 വരെ ഒളിവില്‍ കഴിഞ്ഞത്. രണ്ട് സഹായികളോടൊപ്പമായിരുന്നു അന്ന് താമസം. കോയമ്പത്തൂരില്‍ ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന ജസ്റ്റിസ് കര്‍ണനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
കര്‍ണനെ ചെന്നൈയില്‍ എത്തിച്ചശേഷം കൊല്‍ക്കത്തയിലേക്കു കൊണ്ടുപോകും. തമിഴ്നാട് – ബംഗാള്‍ പൊലീസിന്‍റെ സംയുക്ത ഓപ്പറേഷനിലാണ് കര്‍ണനെ പിടികൂടിയത്.
സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് കര്‍ണനെ ആറു മാസത്തെ തടവിന് ശിക്ഷിക്കുകയും അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിനോട് നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍ അതിനിടെ കര്‍ണന്‍ ഒളിവില്‍ പോവുകയാണുണ്ടായത്.