രേഖകളില്ലാതെ പതിനാല് മൃതദേഹങ്ങൾ ദേര സച്ച സൗദ ‘പഠിക്കാന്‍’ നൽകി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ആവശ്യമായ രേഖകളില്ലാതെ ദേരാ സച്ചാ സൗദ ആശുപത്രിക്ക് നൽകിയത് പതിനാല് മൃതദേഹങ്ങള്‍
മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിംഗിന്റെ ദേരാ സച്ചാ സൗദയിൽ നടത്തിയ പരിശോധനയില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഈ വര്‍ഷത്തില്‍ മാത്രം മതിയായ രേഖകളൊന്നുമില്ലാതെ 14 മൃതദേഹങ്ങൾ മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠിക്കാൻ നൽകിയിരുന്നതായുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം യുപി സർക്കാരിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലക്നൗവിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജായ ജി സി ആർ ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനാണ് ഇത്രയും മൃതദേഹങ്ങൾ കൈമാറിയത്. ഇത്തരമൊരു കൈമാറ്റം നടത്തണമെങ്കില്‍ ആവശ്യമായ മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളോ സർക്കാരിന്റെ അനുവാദമോ ഉണ്ടായിരുന്നില്ലെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകളില്‍ പറയുന്നു. ജി.സി.ആർ.ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വിവരം.
കഴിഞ്ഞ വർഷത്തില്‍ തങ്ങളുടെ കോളേജില്‍ 150 മെഡിക്കൽ സീറ്റുകള്‍ ആരംഭിച്ചുവെന്നും എന്നാൽ പഠനത്തിന് ആവശ്യമായ മൃതദേഹങ്ങളുടെ കുറവ് കോളേജ് അഭിമുഖീകരിച്ചിരുന്നതായും കോളേജിന്റെ പബ്ലിക് റിലേഷൻ ഓഫീസറായ ലക്ഷ്മി കാന്ത് പാണ്ഡെ വ്യക്തമാക്കി. ആ സമയത്തായിരുന്നു ദേരാ സച്ചാ സൗദയിൽ നിന്നും അവിടുത്തെ അനുയായികൾ മൃതദേഹങ്ങൾ നൽകുന്നുണ്ടെന്ന കാര്യം അറിഞ്ഞത്. മറ്റുള്ള സ്ഥാപനങ്ങളിലെ പോലെ അവരുടെ സേവനം ഉപയോഗിക്കാൻ തങ്ങളും തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.