‘വിശാല്‍ കൊല്ലപ്പെടും‘ ; ആ വാട്സപ്പ് സന്ദേശത്തിന് പിന്നില്‍ ഇവരോ ?
തമിഴ് താരം വിശാലിന് വധഭീഷണി !
മലയാള സിനിമാ മേഖലയില്‍ പ്രതിസന്ധികളും പ്രശനങ്ങളും നിലനില്‍ക്കുമ്പോള്‍ തമിഴ് സിനിമാ രംഗത്തും പ്രശനങ്ങള്‍ ഉടലെടുത്തിരിക്കുന്നു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി)യും തമ്മിലുള്ള തര്‍ക്കമാണ് പുതിയ തലത്തില്‍ എത്തിയിരിക്കുന്നത്.
ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ പ്രസിഡന്റും നടനുമായ വിശാലിനെ വധിക്കുമെന്ന് ഭീഷണിമുഴക്കിയിരിക്കുകയാണ് ചിലര്‍. ഇതിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് മണിമാരന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നില്‍ ഫെഫ്സിയിലെ ഓഫീസില്‍ ജോലി ചെയുന്ന ധനപാലാണെന്ന് ആരോപണമുണ്ട്.
പരിചയമില്ലാത്ത വാട്സപ്പ് നമ്പറില്‍ നിന്നാണ് വിശാലിനെ വധിക്കുമെന്ന സന്ദേശം തനിക്ക് വന്നിരിക്കുന്നതെന്നും സംഭവമായി ബന്ധപ്പെട്ട് ധനപാലിനെതിരെ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മണിമാരന്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ ധനപാല്‍ തന്നെയാണെന്നാണ് മണിമാരന്‍ പറയുന്നത്.
നേരത്തെയും ധനപാല്‍ തങ്ങളുടെ സംഘടനയെയും സംഘടനാ നേതാവായ വിശാലിനെയും അപമാനിക്കുന്നതരത്തില്‍ സന്ദേശങ്ങൾ അയച്ചിരുന്നതായി മണിമാരന്‍ പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ പരാതി നല്‍കാന്‍ താന്‍ തീരുമാനിച്ചതെന്നും മണിമാരന്‍ വ്യക്തമാക്കി.