ഇന്ത്യയിലെ 25 ശതമാനം വരുന്ന കൗമാരക്കാര്‍ക്ക് രണ്ടാം ക്ലാസ് പാഠപുസ്തകം പോലും നേരെചൊവ്വെ മാതൃഭാഷയില്‍ വായിക്കാന്‍ അറിയില്ലെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലീഷിന്റെ കാര്യത്തില്‍ 42 ശതമാനം കുട്ടികള്‍ക്കും ചെറിയ വാചകം പോലും കൂട്ടിവായിക്കാന്‍ അറിയില്ലെന്ന് ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ 14 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളെ അടിസ്ഥാനമാക്കിയാണ് പഠനറിപ്പോര്‍ട്ട്.
ഇംഗ്ലീഷ് വായിക്കാന്‍ അറിയുന്നത് 57.3 ശതമാനം പേര്‍ക്ക് മാത്രമാണ്. ഇതില്‍ മൂന്നില്‍ ഒരു കുട്ടിക്ക് മാത്രമാണ് ഇംഗ്ലീഷ് വാചകം വായിച്ച് അര്‍ഥം പറഞ്ഞുതരുവാനുള്ള കഴിവുള്ളു. 43.3 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് കണക്ക് ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകുന്നത്. പകുതിയിലധികം കുട്ടികള്‍ക്കും മൂന്നക്ക സംഖ്യയെ ഒറ്റയക്കം കൊണ്ട് ഹരിക്കാന്‍ അറിയില്ല. പഠനത്തില്‍ സഹകരിച്ച 89 ശതമാനം കുട്ടികളുടെ വീടുകളിലും സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ട്. 94.7% ആണ്‍കുട്ടികള്‍ക്കും 89.8% പെണ്‍കുട്ടികള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയാം. 19.8 % പെണ്‍കുട്ടികള്‍ക്കും 43.7 % ആണ്‍കുട്ടികള്‍ക്കും മാത്രമാണ് സ്വന്തമായി സ്മാര്‍ട്ട് ഫോണുള്ളത്.