Publish Date: Tue, 15 Jun 2021 (09:45 IST)
Updated Date: Tue, 15 Jun 2021 (09:49 IST)
തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബലാത്സംഗ പരാതിയുമായി 60 കാരിയും 17 കാരിയും സുപ്രീംകോടതിയെ സമീപിച്ചു. ബംഗാളില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലാത്സംഗം ചെയ്തന്നാണ് പരാതി. മെയ് നാലിന് 60കാരിയുടെ വീട്ടില്‍ ആക്രമിച്ച് കയറുകയും മര്‍ദ്ദിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വിലപിടിപ്പുള്ള വസ്തുക്കളും പണവും മോഷ്ടിച്ചുവെന്നും പരാതിയില്‍ പറയുന്നു.
പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ മേദിനിപൂര്‍ സ്വദേശിയായ സ്ത്രീയുടെ പരാതി സ്വീകരിച്ചില്ലെന്നും പറയുന്നു. മെയ് ഒന്‍പതിനായിരുന്നു 17കാരി ബലാത്സംഗം ചെയ്യപ്പെട്ടത്. പീഡനത്തില്‍ ബോധം നഷ്ട്‌പ്പെട്ട പെണ്‍കുട്ടിയെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രദേശിക നേതാവ് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു.